Connect with us

Kozhikode

റേഷന്‍ കാര്‍ഡ് പുതുക്കല്‍; വീണ്ടും പ്രതിസന്ധിയില്‍

Published

|

Last Updated

കോഴിക്കോട്; ജില്ലയില്‍ റേഷന്‍ കാര്‍ഡ് പുതുക്കല്‍ വീണ്ടും പ്രതിസന്ധിയില്‍. ഡാറ്റാ എന്‍ട്രി പൂര്‍ത്തായാവും മുമ്പ് റേഷനിംഗ് ഓഫീസര്‍മാരോട് ഇതിന്റെ വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് വകുപ്പ്.
പല ജില്ലകളിലും ജോലി 50 ശതമാനത്തിനടുത്ത് മാത്രമേ എത്തിയിട്ടുള്ളൂ. അക്ഷയയിലും സി ഡിറ്റിലുമാണ് ഡാറ്റാ എന്‍ട്രി നടക്കുന്നത്. ഇവിടെ നിന്ന് പൂര്‍ണമാക്കിയ ഡാറ്റകള്‍ ഓരോ റേഷനിംഗ് ഓഫീസുകളിലും എത്തിച്ച് വെരിഫിക്കേഷന്‍ നടത്തണം. റേഷനിംഗ് ഓഫീസിലെ മൂന്നും നാലും ഓഫീസര്‍മാര്‍ വേണം ഇത്രയും റേഷന്‍ കാര്‍ഡുകളെല്ലാം വെരിഫിക്കേഷന്‍ നടത്താന്‍ വരുന്നത്. നൂറ് കണക്കിന് പേര്‍ ചെയ്ത ഡാറ്റാ എന്‍ട്രിയാണ് മൂന്നോ നാലോ പേരെ വെച്ച് കൊണ്ട് വെരിഫൈ നടത്തുന്നത്. ഓരോ ജില്ലയിലും അഞ്ച് ലക്ഷം മുതല്‍ ഒമ്പത് ലക്ഷം വരെ റേഷന്‍ കാര്‍ഡുകള്‍ ഉണ്ട്. പരമാവധി 25 റേഷനിംഗ് ഓഫീസര്‍മാരാണ് ഓരോ ജില്ലയിലുമുള്ളത്. ഈ മാസം മൂന്ന് വരെയാണ് വെരിഫിക്കേഷന് സമയം അനുവദിച്ചിട്ടുള്ളത്. ഈ തീയതിയിലേക്ക് ഇനി പ്രവര്‍ത്തി ദിവസം ഇല്ലാത്തതിനാല്‍ വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കുക സാധ്യമല്ല. ഈ സാഹചര്യത്തില്‍ അവസാന തീയതി ഈ മാസം 15 വരെ നീട്ടിനല്‍കാന്‍ സിവില്‍ സപ്ലൈസ് ഓഫീസര്‍മാര്‍ വകുപ്പ് മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇത്തവണ കാര്‍ഡുകളില്‍ തെറ്റുകള്‍ക്കുള്ള സാധ്യത ഏറെയാണ്. കഴിഞ്ഞ തവണ എ പി എല്‍ – ബി പി എല്‍ അടിസ്ഥാനത്തിലായിരുന്നു കാര്‍ഡുകള്‍. എന്നാല്‍ ഇത്തവണ പ്രയോറിറ്റി നിശ്ചയിച്ച് മാര്‍ക്കിടുകയാണ്. ജോലിയുടെ സ്ഥാനത്ത് കൂലി എന്നെഴുതിയാല്‍ 10 മാര്‍ക്കിടും. പണിയില്ലാത്തവനും പണി ശരിയായി രേഖപ്പെടുത്താന്‍ മടിക്കുന്നവനും കൂലി എന്ന് രേഖപ്പെടുത്തിയാല്‍ 10 മാര്‍ക്ക് കിട്ടും. യഥാര്‍ഥത്തില്‍ കൂലിപ്പണിയല്ലാത്തവര്‍ ഇങ്ങനെ ധാരാളമായി കൂലി എന്നു ചേര്‍ത്തിട്ടുണ്ട്. ഒരു വീട്ടില്‍ അഞ്ച് പേര്‍ വരെ ഇങ്ങനെ ചേര്‍ത്ത് 50 മാര്‍ക്ക് കിട്ടിയ കാര്‍ഡുകളുമുണ്ടെന്ന് റേഷനിംഗ് ഉദ്യോഗസ്ഥര്‍ പറയുന്നു.
അധ്യാപനം എന്നതിന് അധ്യാപകന്‍ എന്ന് എഴുതിപ്പോയാല്‍ മാര്‍ക്ക് വ്യത്യാസം വരും. ഇത്തരത്തില്‍ പല വിധത്തില്‍ തെറ്റായ മാര്‍ക്കുകളാണ് ചേര്‍ക്കപ്പെടുന്നത്. റേഷനിംഗ് ഓഫീസുകളില്‍ നിന്ന് ഡാറ്റാ എന്‍ട്രിയിലെ തെറ്റുകള്‍ തിരുത്തണം. അതിനു ശേഷം പഞ്ചായത്ത് തല കമ്മിറ്റി മുമ്പാകെ വെച്ച് ആക്ഷേപങ്ങളും അഭിപ്രായങ്ങളും കേട്ട ശേഷമേ റേഷന്‍ കാര്‍ഡ് വിതരണം ആരംഭിക്കാനാവൂ. സെപ്തംബറില്‍ കാര്‍ഡ് വിതരണം ചെയ്യുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്.

 

---- facebook comment plugin here -----

Latest