വിദ്യാര്‍ഥികളുടെ യാത്രാ പ്രശ്‌നത്തിന് പരിഹാരവുമായി കലക്ടറുടെ ‘ഓപറേഷന്‍ സവാരി ഗിരിഗിരി’

Posted on: August 1, 2015 10:51 am | Last updated: August 1, 2015 at 10:51 am
SHARE

savariകോഴിക്കോട്; പുതുമയുള്ള നിരവധി പദ്ധതികള്‍ കോഴിക്കോടിന് സമര്‍പ്പിച്ച കലക്ടര്‍ എന്‍ പ്രശാന്തിന്റെ പുത്തന്‍ പദ്ധതി വരുന്നു. സ്‌കൂള്‍ വിദ്യാര്‍ഥികളുടെ യാത്രാ പ്രശ്‌നത്തിന് പരിഹാരനിര്‍ദേശങ്ങളുമായി ഓപറേഷന്‍ സവാരി ഗിരിഗിരിയെന്ന പദ്ധതിയാണ് ജില്ലാ ഭരണകൂടം നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്. സ്വകാര്യ ബസുകളുമായി ബന്ധപ്പെട്ട് നേരത്തെ നടപ്പാക്കിയ വരവേല്‍പ്പ് എന്ന് പേരിട്ട പദ്ധതിയുടെ കുട്ടിപതിപ്പായാണ് സവാരി ഗിരിഗിരി കൊണ്ടു വരാന്‍ ആലോചന. സ്വകാര്യ ബസുകള്‍ തമ്മില്‍ മത്സരത്തിനു പകരം സമാധാനപരമായ സഹവര്‍ത്തിത്വവും പരസ്പര സഹകരണവും ഉണ്ടാക്കുക എന്നതാണ് വരവേല്‍പ്പിന്റെ ലക്ഷ്യം. ബസില്‍ കുട്ടികളെ കയറ്റാന്‍ സ്വകാര്യ ബസുകള്‍ മടിക്കുന്നത് സാമ്പത്തിക കാരണങ്ങളാലാണ്. ഒരു ബസില്‍ കയറ്റിയില്ലെങ്കില്‍ മറ്റൊരു ബസില്‍ കുട്ടികള്‍ കയറും.
ഈ നഷ്ടം’തങ്ങളുടെ ബസിനു വേണ്ട എന്ന സങ്കുചിതമായ നിലപാടില്‍ നിന്ന് മാറി, കൂട്ടായി ഈ സാമ്പത്തിക ഭാരം പങ്കിടലാണ് ഇതിനുള്ള പരിഹാരം. ഈ സാമ്പത്തിക ഉത്തരവാദിത്തം എല്ലാ ബസുടമകളും കൂട്ടായി പങ്ക് വെക്കുകയാണെങ്കില്‍ കുട്ടികള്‍ കയറുന്നത്് ബസിന്റെ ഉടമയോ ജീവനക്കാരോ സ്വന്തം ബസിനു മാത്രമായി ഇതൊരു പ്രശ്‌നമായി കാണില്ല. ഇത്തരമൊരു ലക്ഷ്യമാണ് സവാരി ഗിരിഗിരി കൊണ്ട് ലക്ഷ്യമിടുന്നത്. കുട്ടികളുടെ കാര്യത്തില്‍ ഇത്തരം ഒരു സാമ്പത്തിക കൂട്ടുത്തരവാദിത്വ പദ്ധതിക്ക് ബസുടമകള്‍ സമ്മതിച്ചിട്ടുണ്ടെന്ന് കലക്ടര്‍ എന്‍ പ്രശാന്ത് പറഞ്ഞു. പദ്ധതിയുടെ സാങ്കേതിക വശങ്ങള്‍ വികസിപ്പിച്ച് വരികയാണെന്നും കലക്ടര്‍ ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ കുറിച്ചു. കലക്ടറുടെ പല പദ്ധതികള്‍ക്കും നിര്‍ദേശങ്ങള്‍ക്കും സാമൂഹിക മാധ്യമങ്ങളില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പുത്തന്‍ പദ്ധതിക്കും നല്ല പ്രതികരണമാണ് ലഭിക്കുന്നത്.