അവശിഷ്ടം കാണാതായ മലേഷ്യന്‍ വിമാനത്തിന്റെത് തന്നെയെന്ന്

Posted on: August 1, 2015 6:00 am | Last updated: August 1, 2015 at 12:46 am
SHARE

debris-reunion_3393056bവാഷിംഗ്ടണ്‍: ഫ്രഞ്ച് ദ്വീപായ റിയൂനിയനില്‍ കണ്ടെത്തിയത് ഒരു വര്‍ഷം മുമ്പ് കാണാതായ മലേഷ്യന്‍ വിമാനത്തിന്റെ അവശിഷ്ടം തന്നെയെന്ന് ശക്തമായ സൂചന. ഇതിന്റെ അന്തിമ സ്ഥിരീകരണമായാല്‍ എം എച്ച് 370 വിമനത്തിന് വേണ്ടിയുള്ള തിരച്ചിലിലെ നിര്‍ണായക വഴിത്തിരിവായി അത് മാറുമെന്ന് പ്രമുഖ വ്യോമ വിദഗ്ധര്‍ വിലയിരുത്തുന്നു.
കഴിഞ്ഞ ദിവസം ദ്വീപില്‍ കണ്ടെത്തിയ വിമാനത്തിന്റെ ചിറക് കൂടുതല്‍ പരിശോധനകള്‍ക്കായി ഫ്രഞ്ച് സൈനിക ലബോറട്ടറിയിലേക്കയച്ചിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ക്വാലാലംപൂരില്‍ നിന്ന് ബീജിംഗിലേക്കുള്ള യാത്രാ മധ്യേയാണ് 239 യാത്രക്കാരുള്ള മലേഷ്യന്‍ വിമാനം കാണാതായത്. വ്യോമയാന ചരിത്രത്തിലെ സുപ്രധാന തിരോധാനമായി ഇതിനെ വിലയിരുത്തിയിരുന്നു. ശരിയായ സ്ഥലത്ത് തന്നെയാണ് തിരച്ചില്‍ നടത്തിയതെന്നും കാണാതായ വിമാനത്തിന്റെ അവശിഷ്ടമാണിതെന്നാണ് വിശ്വസിക്കുന്നതെന്നും വിമാനത്തിന്റെ തിരച്ചിലിന് നേതൃത്വം നല്‍കിയ ആസ്‌ട്രേലിയന്‍ ഗതാഗത മന്ത്രി വാരന്‍ ട്രസ്സ് പറഞ്ഞു.
വിമാന അവശിഷ്ടം കണ്ടെത്തിയ സാഹചര്യത്തില്‍ തിരച്ചില്‍ ഈ ഭാഗത്ത് കേന്ദ്രീകരിക്കാനാണ് ഉദ്ദേശ്യം. രണ്ട് മീറ്റര്‍ നീളത്തിലുള്ള വിമാനത്തിന്റെ ചിറകിന്റെ അവശിഷ്ടം കണ്ടെത്തിയത് ഈ വിമാനത്തിന് എന്ത് സംഭവിച്ചുവെന്ന ചോദ്യത്തിന് ഉത്തരമാകുമെന്ന് കരുതുന്നതായി ട്രസ്സ് പറഞ്ഞു.