മധ്യ ആഫ്രിക്കയില്‍ മുസ്‌ലിം വംശീയ ഉന്മൂലനം; ക്രിസ്തുമതത്തിലേക്ക് മതപരിവര്‍ത്തനം

Posted on: August 1, 2015 5:44 am | Last updated: August 1, 2015 at 12:44 am
SHARE

ബാന്‍ഗി: മധ്യ ആഫ്രിക്കന്‍ റിപ്പബ്ലിക്കിലെ അരാഷ്ട്രീയ സ്ഥിതിഗതികള്‍ മുസ്‌ലിം വംശീയ ഉന്മൂലന പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട മിലീഷ്യകള്‍ക്ക് സഹായകരമാവുന്നതായി ആംനസ്റ്റി ഇന്റര്‍നാഷനല്‍.
‘മായ്ക്കപ്പെട്ട വ്യക്തിത്വം – മധ്യാഫ്രിക്കന്‍ റിപ്പബ്ലിക്കിലെ വംശ ശുദ്ധീകരണം’ എന്ന ആംനസ്റ്റി റിപ്പോര്‍ട്ടിലാണ് ഈ വെളിപ്പെടുത്തല്‍.
രാജ്യത്തിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള മുസ്‌ലിംകളെ അടിച്ചമര്‍ത്തിയും ബലം പ്രയോഗിച്ചും മതമുപേക്ഷിക്കാന്‍ പ്രേരിപ്പിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
ഇതേതുടര്‍ന്ന് 30,000 ലധികം മുസ്‌ലിംകള്‍ പ്രത്യേക സംരക്ഷിത ക്യാമ്പില്‍ യു എന്‍ സൈനികരുടെ സംരക്ഷണത്തില്‍ കഴിയുന്നുണ്ട്. ഗ്രാമ പ്രദേശങ്ങളിലുള്ള മുസ്‌ലിംകള്‍ക്ക് നേരെ മിലീഷ്യകള്‍ വന്‍തോതില്‍ ആക്രമണം നടത്തുന്നതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
ക്യാമ്പിന് പുറത്ത് വിശ്വാസികള്‍ക്ക് തങ്ങളുടെ വ്യക്തിത്വം വ്യക്തമാകുന്ന രീതിയില്‍ വസ്ത്രം ധരിക്കാനോ പ്രാര്‍ഥനയിലേര്‍പ്പെടാനോ കഴിയില്ലെന്നും ആന്റി ബലാക്കാ പോരാളികളുമായി ദിനേന നടത്തുന്ന സന്ധി സംഭാഷണമനുസരിച്ചാണ് മുസ്‌ലിംകളുടെ നിലനില്‍പ്പെന്നും ആംനസ്റ്റി വൃത്തങ്ങള്‍ പറയുന്നു. പലരും ക്രിസ്റ്റ്യന്‍ മതത്തിലേക്ക് നിര്‍ബന്ധിത പരിവര്‍ത്തനത്തിരയായെന്നും ക്രിസ്ത്യാനികളാല്‍ വേട്ടയാടപ്പെടുന്നുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു. ഇപ്പോള്‍ താത്കാലിക സര്‍ക്കാര്‍ ഭരണം നടത്തുന്ന മധ്യാഫ്രിക്കയില്‍ 2013 മാര്‍ച്ചില്‍ മുസ്‌ലിം നേതൃത്വമുള്ള സെലേക വിമതര്‍ രാജ്യ തലസ്ഥാനം പിടിച്ചെടുത്തതോടെയാണ് രാഷ്ട്രീയ അരാജകത്വത്തിന്റെ പുതിയ അധ്യായത്തിന് തുടക്കമാകുന്നത്. ഇതേ തുടര്‍ന്ന് പത്ത് ലക്ഷത്തോളം ആളുകള്‍ വഴിയാധാരമായി. സെലേക്കന്‍ വിമതരുടെ അധികാര ദുരുപയോഗത്തെ തുടര്‍ന്ന് പ്രതിരോധമെന്നോണം ക്രിസ്ത്യാനികളും പരമ്പരാഗത പ്രകൃതി ആരാധകരും ഉള്‍പ്പെട്ട ആന്റി ബലാക്ക വിമതര്‍ രൂപം കൊണ്ടതും പോരാട്ടം തുടങ്ങിയതും.
സെലേക വിമതരെ പിന്തുണക്കുന്നു എന്നതിനാല്‍ രാജ്യത്തെ മുസ്‌ലിം ന്യൂന പക്ഷത്തെയാണ് ഇവര്‍ ലക്ഷ്യമിട്ടത്.
രാജ്യത്തുടനീളം ജനങ്ങളുമായി അഭിമുഖം നടത്തി തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ ആന്റി ബലാക്ക വിമതര്‍ അക്രമങ്ങളിലൂടെ ഭീഷണി ഉയര്‍ത്തി മുസ്‌ലിംകളെ രാജ്യം വിടാന്‍ പ്രേരിപ്പിക്കുന്നുണ്ടെന്ന് വ്യക്തമാക്കുന്നു
ഒരു വ്യവസ്ഥാപിത ഭരണകൂടത്തിന്റെ അഭാവമാണ് ഇതിന് കാരണമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
ഭരണത്തകര്‍ച്ച രാജ്യത്തിന്റെ പല ഭാഗവും മിലീഷഷ്യകളുടെ നിയന്ത്രണങ്ങളിലാകാന്‍ കാരണമായി.
മധ്യാഫ്രിക്കന്‍ റിപ്പബ്ലിക്കിലെ 436 മുസ്‌ലിം പള്ളികള്‍ തകര്‍ക്കപ്പെട്ടിട്ടുണ്ടെന്ന് കഴിഞ്ഞ ഏപ്രിലില്‍ യു എന്നിലെ അമേരിക്കന്‍ പ്രതിനിധി വെളിപ്പെടുത്തിയിരുന്നു. തലസ്ഥാന നഗരത്തിന് പുറത്തുള്ള നഗരങ്ങളിലൊന്നിലും തകര്‍പ്പെട്ട ഈ പള്ളികള്‍ പുനര്‍ നിര്‍മിക്കപ്പെട്ടിട്ടില്ലെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്.
2013 മാര്‍ച്ച് മുതല്‍ 6000 ലധികം ആളുകള്‍ രാജ്യത്ത് കൊല്ലപ്പെട്ടിട്ടുണ്ട്. അക്രമത്തെ തുടര്‍ന്ന് പാലായനം ചെയ്ത 1000ലധികം ആളുകള്‍ തങ്ങളുടെ ഉറ്റവരെ
കാത്തിരിക്കുന്നുണ്ട്. ജനസംഖ്യയുടെ പകുതയിലധികം വരുന്ന 2.7 ദശലക്ഷം ആളുകള്‍ സഹായത്തിനായി കേഴുകയാണെന്നും, 1.5 ദശലക്ഷം ആളുകള്‍ ഭക്ഷ്യ ക്ഷാമം നേരിടുന്നുണ്ടെന്നും യു എന്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. വരുന്ന ഒക്‌ടോബര്‍ 18 ന് രാജ്യത്ത് പ്രസിഡന്റ്, പാര്‍ലമെന്ററി തിരഞ്ഞെടുപ്പ് നടത്താനിരിക്കുകയാണ്.