Connect with us

National

വധശിക്ഷക്കെതിരെ സ്വകാര്യ ബില്‍ അവതരിപ്പിക്കും: കനിമൊഴി എം പി

Published

|

Last Updated

ചെന്നൈ: വധശിക്ഷ റദ്ദാക്കാന്‍ പാര്‍ലിമെന്റില്‍ സ്വകാര്യ ബില്‍ അവതരിപ്പിക്കുമെന്ന് ഡി എം കെ. എം പി കനിമൊഴി. വധശിക്ഷക്കെതിരായ പാര്‍ട്ടിയുടെ പ്രചാരണത്തിന്റെ ഭാഗമായി സംസാരിക്കവെയാണ് രാജ്യസഭാംഗമായ കനിമൊഴി ഇക്കാര്യം അറിയിച്ചത്.
ഡി എം കെ എല്ലാ കേസുകളിലെയും വധശിക്ഷക്കെതിരാണെന്നും വധശിക്ഷ റദ്ദാക്കുന്നതിനെ അനുകൂലിക്കുന്നുവെന്നും അവര്‍ പറഞ്ഞു. 2014ല്‍ തിരുച്ചിയില്‍ നടന്ന പാര്‍ട്ടി കോണ്‍ഫറന്‍സില്‍ വധശിക്ഷ റദ്ദാക്കണമെന്ന പ്രമേയം അവതരിപ്പിച്ചിരുന്നു. അത് പാര്‍ലിമെന്റ് തിരെഞ്ഞെടുപ്പിലെ പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. വധശിക്ഷ ഭരണഘടനയില്‍ നിന്ന് തന്നെ ഒഴിവാക്കാനുള്ള നീക്കങ്ങള്‍ തങ്ങള്‍ നടത്തുമെന്നും അതിനായി അടുത്ത പാര്‍ലിമെന്റ് സെഷനില്‍ സ്വകാര്യ ബില്‍ അവതപ്പിക്കുമെന്നും കനിമൊഴി പറഞ്ഞു.
മൂന്ന് വര്‍ഷത്തിനിടെ രാജ്യത്ത് നടപ്പിലാക്കിയ മൂന്ന് വധശിക്ഷകള്‍ ചൂണ്ടിക്കാട്ടിയ കനിമൊഴി, ലോകത്ത് 150ലധികം രാജ്യങ്ങളില്‍ വധശിക്ഷ നടപ്പിലാക്കുന്നില്ലെന്ന് അറിയിച്ചു.
ഇന്ത്യന്‍ നിയമ കമ്മീഷന്‍ ഈ വിഷയത്തില്‍ കൂടിയാലോചന നടത്തിക്കൊണ്ടിരിക്കുകയാണ്. ഇത് പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യുവോളം വധശിക്ഷക്ക് മൊറട്ടോറിയം പ്രഖ്യാപിക്കണമെന്നും വധശിക്ഷയുടെ കാര്യത്തില്‍ ഒരു തീരുമാനമാകും വരെ ദയാഹരജികളില്‍ തീരുമാനമെടുക്കരുതെന്ന് പ്രസിഡന്റിനോട് അഭ്യര്‍ത്ഥിക്കുമെന്നും കനിനൊഴി പറഞ്ഞു.
യാക്കൂബ് മേമന്റെ വധശിക്ഷാ നടത്തിപ്പില്‍ കാണിച്ച തിടുക്കത്തിനെ പി എം കെ പാര്‍ട്ടി വിമര്‍ശിച്ചിരുന്നു. വധശിക്ഷ നടപ്പാക്കുന്നതിലെ തിടുക്കം സര്‍ക്കാറുകള്‍ ഒഴിവാക്കണമെന്ന് പി എം കെ അധ്യക്ഷന്‍ രാമദോസ് ട്വിറ്ററിലൂടെ ആവശ്യപ്പെട്ടിരുന്നു.
അന്തരിച്ച മുന്‍ രാഷ്ട്രപതി എ പി ജെ അബ്ദുല്‍ കലാം വധശിക്ഷക്കെതിരായിരുന്നുവെന്നും അദ്ദേഹത്തിന്റെ മൃതദേഹം ഖബറടക്കുന്ന ദിവസം ഒരാളെ തൂക്കിലേറ്റിയത് അനാദരവായെന്നും രാമദോസ് കുറ്റപ്പെടുത്തിയിരുന്നു.

Latest