വരും വര്‍ഷങ്ങളില്‍ കേരളത്തില്‍ മഴ കുറയുമെന്ന് പഠനം

Posted on: August 1, 2015 6:00 am | Last updated: August 1, 2015 at 12:28 am
SHARE

rainകൊച്ചി: മണ്‍സൂണ്‍ (ജൂണ്‍- സെപ്തംബര്‍) കാലയളവില്‍ കഴിഞ്ഞ നൂറ്റാണ്ടില്‍ കേരളത്തില്‍ മഴ കുറഞ്ഞുവരികയാണെന്നും അടുത്ത 50- 100 വര്‍ഷങ്ങളിലും ഈ പ്രവണത തുടരുമെന്നും നിരീക്ഷണം.
ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖയോടടുത്ത മേഖലയില്‍ സമുദ്രോപരിതല താപനില വന്‍തോതില്‍ വര്‍ധിക്കുന്നതും ചൈന മുതല്‍ യൂറോപ്പ് വരെയുള്ള ഭാഗങ്ങളില്‍ അന്തരീക്ഷ ഊഷ്മാവ് കുറയുന്നതും മണ്‍സൂണ്‍ കുറഞ്ഞുകൊണ്ടിരിക്കുന്നതിന് കാരണമാണെന്ന് ഇന്‍ഡോ- യൂറോ സംയുക്ത ശില്‍പ്പശാലയില്‍ മുഖ്യപ്രഭാഷണം നടത്തിയ ഡോ. പി വി ജോസഫ് അഭിപ്രായപ്പെട്ടു. കേരള ഫിഷറീസ് സമുദ്രപഠന സര്‍വകലാശാലയും (കുഫോസ്) നാന്‍സണ്‍ എന്‍വയോണ്‍മെന്റല്‍ റിസര്‍ച്ച് സെന്റര്‍ ഇന്ത്യയും (നെര്‍സി) സംയുക്തമായി കൊച്ചിയില്‍ സംഘടിപ്പിച്ച ശില്‍പ്പശാലയിലാണ് ശാസത്രജ്ഞനും കേന്ദ്ര കാലാവസ്ഥാ പഠന വിഭാഗം മുന്‍ ഡയരക്ടറുമായ ഡോ. പി വി ജോസഫ് തന്റെ പഠന റിപ്പോര്‍ട്ട്് അവതരിപ്പിച്ചത്.
ടിബറ്റന്‍ മേഖലയുള്‍പ്പെടെയുള്ള യൂറോഷ്യന്‍ മേഖലകളില്‍ മനുഷ്യനിര്‍മിത സള്‍ഫേറ്റ് കണികകള്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്നതിനാലാണ് ഈ മേഖലയില്‍ അന്തരീക്ഷ ഊഷ്മാവ് കുറയുന്നത്. കഴിഞ്ഞ 50 വര്‍ഷമായി ഇന്ത്യന്‍ മഹാസമുദ്രമേഖലയില്‍ ആഗോളതാപനത്തിന്റെ ഭാഗമായി സമുദ്രോപരിതല ഊഷ്മാവ് ക്രമാതീതമായി വര്‍ധിച്ചുവരികയാണ്. അറബിക്കടലില്‍ ഈര്‍പ്പത്തിന്റെ തോത് കുറഞ്ഞു വരുന്നതായും പഠനത്തില്‍ തെളിഞ്ഞു. ഈ വര്‍ഷവും കുറഞ്ഞ മഴയാണ് മണ്‍സൂണ്‍ കാലയളവില്‍ ഇതുവരെ ലഭിച്ചിട്ടുള്ളത്. വരും വര്‍ഷങ്ങളില്‍ ഇന്ത്യയില്‍ ധാരാളം മണ്‍സൂണ്‍ വരള്‍ച്ചാ കാലയളവ് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെും അദ്ദേഹം പറഞ്ഞു.

 

LEAVE A REPLY

Please enter your comment!
Please enter your name here