Connect with us

Gulf

ഈത്തപ്പഴ ഉത്സവത്തിന് പരിസമാപ്തി

Published

|

Last Updated

അബുദാബി: എട്ട് ദിവസമായി അബുദാബിയുടെ പടിഞ്ഞാറന്‍ പ്രവശ്യയായ ലിവയില്‍ നടന്നു വന്ന ഈന്തപ്പഴ ഉത്സവത്തിന് പരിസമാപതി. മരുഭൂമിയും, ഈന്തപ്പഴവും, ഒട്ടകങ്ങളും കഥപറയുന്ന ലിവ നഗരിയില്‍ മുക്കാല്‍ ലക്ഷത്തോളം സന്ദര്‍ശകരാണ് എത്തിയത്. തലപ്പാവും, കന്തൂറയും, പര്‍ദ യുമണിഞ്ഞ പരമ്പരാഗത അറബ് കര്‍ഷകര്‍ ആണ് ആഘോഷവേദിയിലേക്ക് ആളുകളെ സ്വീകരിച്ചിരുന്നത്. വിശാലമായി ഒരുക്കിയ ആഘോഷവേദിയില്‍ വ്യത്യസ്ഥ ഇനങ്ങളില്‍ പെടുന്ന ഈന്തപ്പഴങ്ങളാണ് ഒരുക്കിയത്. അത് തൊട്ടും, രുചിച്ചും, ഫോട്ടോകള്‍ എടുത്തും സന്ദര്‍ശകരുടെ വന്‍ തിരക്കായിരുന്നു കഴിഞ്ഞ എട്ട് ദിവസവും.
കൃഷിയെയും കര്‍ഷകരെയും പ്രോത്സാഹിപ്പിക്കുക എന്നതാണ് വര്‍ഷാവര്‍ഷം വിവിധ ആഘോഷങ്ങളോടെ കൊണ്ടാടുന്നതിന്റെ ലക്ഷ്യം. കര്‍ഷകരെയും കൃഷി രീതികളെയും പ്രോത്സാഹിപ്പിക്കുന്നതിനായി പലതരം മത്സരങ്ങളാണിവിടെ സംഘടിപ്പിച്ചത്. മികച്ച കര്‍ഷകന്‍, മികച്ച വിളകള്‍, നൂതന കൃഷിരീതികള്‍, വളര്‍ത്ത് മൃഗങ്ങള്‍ എന്നിവയ്‌ക്കെല്ലാം ഇവിടെ സമ്മാനങ്ങള്‍ ഒരുക്കിയിരുന്നു. അല്‍ ഗാര്‍ബിയ, അല്‍ ഐന്‍, സ്വൈഹാന്‍, അബുദാബി തുടങ്ങി നിരവധി ഇടങ്ങളില്‍ നിന്നുള്ള കര്‍ഷകരാണ് മത്സര രംഗത്തുണ്ടായിരുന്നത്. തോട്ടങ്ങളില്‍ നിന്നും പറിച്ചെടുത്ത പാതി പഴുത്ത ഈന്തപ്പഴവും മനോഹരമായ നിറങ്ങളോട് കൂടിയ പഴങ്ങളുമെല്ലാം സന്ദര്‍ശകരെ ആകര്‍ഷിച്ച് കൊണ്ട് മത്സര രംഗത്തുണ്ടായിരുന്നു. പരമ്പരാഗതരീതിയില്‍ കൈകൊണ്ട് നെയ്ത കുട്ടകലിലാണ് ഈന്തപ്പഴങ്ങള്‍ പ്രദര്‍ശിപ്പിച്ചത്.
ഈന്തപ്പഴങ്ങള്‍ക്ക് പുറമെ ഈന്തപ്പഴങ്ങളില്‍ നിന്നുള്ള പലതരം മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളും മേളയില്‍ ശ്രദ്ധയാകര്‍ഷിച്ചു. അറബ് വനിതകളുടെ നേതൃത്വത്തില്‍ പ്രത്യേകം തയ്യാറാക്കിയ പരമ്പരാഗത ആഭരണ, വസ്ത്ര സ്റ്റാളുകളും മേളയെ നിറപ്പകിട്ടുള്ളതാക്കി. യു എ ഇയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരും വിദേശികളും 11-ാമത് ഈത്തപ്പഴ മഹോത്സവം സന്ദര്‍ശിക്കാനെത്തിയവരില്‍ ഉള്‍പ്പെടും.
മുന്നൂറോളം കര്‍ഷകരാണ് മത്സരങ്ങളില്‍ പങ്കെടുത്തത്. ഓരോ ഈന്തപ്പഴക്കുലയുടെയും ഭാരം, ഉയരം, ആരോഗ്യം എന്നിവയെല്ലാം പരിശോധിക്കപ്പെട്ട ശേഷമാണ് സമ്മാനാര്‍ഹമായവരെ കണ്ടെത്തിയത്. കൂടാതെ ഏറ്റവും വലിപ്പമേറിയ കുലക്കും സമ്മാനമുണ്ട്. കഴിഞ്ഞ വര്‍ഷം 100 കിലോയിലധികം ഭാരം വരുന്ന ഒറ്റക്കുലയാണ് സമ്മാനാര്‍ഹമായിരുന്നത്. 60 ലക്ഷം ദിര്‍ഹത്തിന്റെ സമ്മാനങ്ങളാണ് ഇക്കുറി വിജയികളെക്കാത്തിരുന്നത്.
യു എ ഇ ഉപ പ്രധാന മന്ത്രിയും, പ്രസിഡന്‍ഷ്യല്‍ കാര്യ മന്ത്രിയുമായ ശൈഖ് മണ്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ രക്ഷാകര്‍തൃത്വത്തില്‍ സാംസ്‌കാരിക വിഭാഗത്തിലെ ഹെറിറ്റേജ് ഫെസ്റ്റിവല്‍ കമ്മറ്റിയാണ് സംഘാടകര്‍.