Connect with us

International

മുല്ലാ ഉമറിന്റെ മരണം താലിബാന്‍ സ്ഥിരീകരിച്ചു

Published

|

Last Updated

കാബൂള്‍: മുല്ലാ മുഹമ്മദ് ഉമര്‍ കൊല്ലപ്പെട്ടതായി താലിബാന്‍ സ്ഥിരീകരിച്ചു. അഫ്ഗാനിലെ താലിബാന്‍ വൃത്തങ്ങളാണ് വാര്‍ത്ത സ്ഥിരീകരിച്ച് റിപ്പോര്‍ട്ട് നല്‍കിയത്. കഴിഞ്ഞ ദിവസം രാത്രിയും ഇന്നലെ രാവിലെയുമായി നടന്ന ഉന്നത നേതാക്കളുടെ യോഗത്തില്‍ വെച്ച് മുല്ലാ അഖ്തര്‍ മന്‍സൂറിനെ പുതിയ നേതാവായി തിരഞ്ഞെടുത്തതായി താലിബാന്‍ വൃത്തങ്ങള്‍ പറഞ്ഞു. മുല്ലാ ഉമറിന്റെ മരണവാര്‍ത്ത പുറത്തുവന്ന സാഹചര്യത്തില്‍ താലിബാനുമായി നടത്താനിരുന്ന രണ്ടാം വട്ട സമാധാന ചര്‍ച്ച നീട്ടിവെച്ചതായി പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പാക്കിസ്ഥാനില്‍ ഇന്ന് നടക്കാനിരിക്കുന്ന സമാധാന ചര്‍ച്ചയെ കുറിച്ച് ഒന്നുമറിയില്ലെന്നാണ് താലിബാന്‍ നിലപാട്. ചര്‍ച്ചയില്‍ നിന്ന് ഇവര്‍ പിന്മാറിയതിന്റെ സൂചനയാണ് ഇതെന്ന് വിലയിരുത്തപ്പെടുന്നു. 14 വര്‍ഷമായി അഫ്ഗാന്‍ സര്‍ക്കാറിനെതിരെയും യു എസ് നേതൃത്വത്തിലുള്ള നാറ്റോ സഖ്യസേനക്കെതിരെയും പോരാടിക്കൊണ്ടിരിക്കുകയാണ് താലിബാന്‍.
രണ്ട് വര്‍ഷം മുമ്പ് മുല്ലാ ഉമര്‍ കറാച്ചിയിലെ ആശുപത്രിയില്‍ വെച്ച് മരിച്ചതായി കഴിഞ്ഞ ദിവസം അഫ്ഗാന്‍ ഇന്റലിജന്‍സ് വിഭാഗം ഉറപ്പിച്ചു പറഞ്ഞിരുന്നു.
അഫ്ഗാന്‍ ഇന്റലിജന്‍സ് വിഭാഗം മുല്ലാ ഉമറിന്റെ മരണ വാര്‍ത്ത സ്ഥിരീകരിക്കുന്നതിന് മുമ്പ് ഇദ്ദേഹത്തിന് ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ട് താലിബാന്‍ വെബ്‌സൈറ്റ് രംഗത്തെത്തിയിരുന്നു. മുല്ലാ ഉമറിന്റെ മരണം സമാധാന ചര്‍ച്ചകളെ ശക്തിപ്പെടുത്തുമെന്ന് അഫ്ഗാന്‍ പ്രസിഡന്റ് അശ്‌റഫ് ഗനിയുടെ ഓഫീസിലെ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. എന്നാല്‍ ചര്‍ച്ചയില്‍ പങ്കാളികളാണോ എന്ന വിഷയത്തില്‍ താലിബാനിടയില്‍ ഭിന്നത രൂപപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്.
താലിബാന്‍- അഫ്ഗാന്‍ ആദ്യവട്ട സമാധാന ചര്‍ച്ച ഈ മാസം തുടക്കത്തില്‍ ഇസ്‌ലാമാബാദില്‍ വെച്ച് നടന്നിരുന്നു. ചര്‍ച്ചയില്‍ കാര്യമായ പുരോഗതിയും കൈവരിച്ചിരുന്നു. ഇതിന്റെ രണ്ടാം ഘട്ടം ചര്‍ച്ച തുടരുമെന്ന് അന്നുതന്നെ ഇരുവിഭാഗങ്ങളും അറിയിച്ചിരുന്നതാണ്. മുല്ലാ ഉമറിന്റെ മരണം സംഘടനയില്‍ ഭിന്നതയുണ്ടാക്കുമെന്ന് പലരും നിരീക്ഷിക്കുന്നുണ്ട്. അശ്‌റഫ് ഗനിയുമായുള്ള ചര്‍ച്ച, ഇസില്‍ എന്നീ വിഷയങ്ങളില്‍ നേതൃത്വത്തിനിടയില്‍ ഭിന്നതയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Latest