പകര്‍ച്ചപ്പനി വ്യാപനം ഭീതിദം

Posted on: July 31, 2015 5:23 am | Last updated: July 30, 2015 at 8:25 pm
SHARE

fever thermometerകേരളത്തില്‍ പകര്‍ച്ചപ്പനി ഗണ്യമായി കുറഞ്ഞുവെന്നാണ് ആരോഗ്യമന്ത്രി വി എസ് ശിവകുമാര്‍ ഞായറാഴ്ച അവലോകന യോഗത്തിന് ശേഷം അറിയിച്ചത്. എന്നാല്‍ പനി ബാധിച്ചവരുടെയും മരിച്ചവരുടെയും എണ്ണം ക്രമാതീതമായി വര്‍ധിച്ചുവെന്ന് ആശൂപത്രികള്‍ കേന്ദ്രീകരിച്ചുള്ള കണക്കുകള്‍ വ്യക്തമാക്കുന്നു. സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സക്കെത്തിയ പനിബാധിതരുടെ എണ്ണം ജനുവരി മുതല്‍ ഇതുവരെയുള്ള കണക്കുകള്‍ അനുസരിച്ച് 14 ലക്ഷവും കഴിഞ്ഞ രണ്ട് മാസത്തിനിടയില്‍ നാലര ലക്ഷത്തോളവും വരും. 226 പേര്‍ മരിക്കുകയും ചെയ്തു. മാരകമായ ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ, എച്ച്1എന്‍1, ചെള്ളുപനി, കുരങ്ങുപനി തുടങ്ങിയവയും പടര്‍ന്നുപിടിക്കുന്നുണ്ട്. ഡെങ്കിപ്പനി ബാധിച്ചു കഴിഞ്ഞ ഏഴ് മാസത്തിനിടയില്‍ ചികിത്സ തേടിയത് 2179 പേരാണ്. 38പേര്‍ മരിക്കുകയും ചെയ്തു. 475 പേര്‍ ഇപ്പോഴും ഗുരുതരാവസ്ഥയില്‍ തുടര്‍ ചികിത്സിയിലാണ്. 443 പേര്‍ക്ക് എലിപ്പനിയും 582 പേര്‍ക്ക് എച്ച് വണ്‍ പനിയും ബാധിച്ചു. സ്വകാര്യ ആശുപത്രികളില്‍ ചികിത്സക്കെത്തിയവരുടെ കണക്കുകള്‍ ഇതില്‍ ഉള്‍പ്പെടില്ല.
മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നതിലുള്ള വീഴ്ചയും സര്‍ക്കാര്‍ ആശുപത്രികളിലെ ചികിത്സാ സംവിധാനങ്ങളുടെ പരിമിതിയുമാണ് പകര്‍ച്ചവ്യാധി ബാധിതരുടെ വര്‍ധനക്ക് കാരണമായി ചൂണ്ടിക്കാട്ടുന്നത്. മഴയെത്തുന്നതിന് മുമ്പെ മാലിന്യ സംസ്‌കരണം കാര്യക്ഷമമാക്കണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കിയിരുന്നെങ്കിലും മിക്ക തദ്ദേശ സ്ഥാപനങ്ങളും അതവഗണിച്ചു. വൃത്തിഹീനമായ ചുറ്റുപാടുകളാണ് പകര്‍ച്ചപ്പനി പോലുള്ള മഴക്കാല രോഗങ്ങളുടെ മുഖ്യകാരണം. മാലിന്യങ്ങളും അലക്ഷ്യമായിട്ടിരിക്കുന്ന ചിരട്ടകള്‍, പ്ലാസ്റ്റിക് കപ്പുകള്‍, കുപ്പികള്‍, ടയര്‍, മരപ്പൊത്ത്, ഫ്രിഡ്ജിനു പിന്നിലെ ട്രേ തുടങ്ങിവയില്‍ കെട്ടിനില്‍ക്കുന്ന വെള്ളം കൊതുകിന്റെ പെരുപ്പത്തിന് ഇടയാക്കും. ഇത്തരം സ്ഥലങ്ങളിലാണ് മഴക്കാല രോഗങ്ങള്‍ പരത്തുന്ന കൊതുകുകളുടെ കൂത്താടികള്‍ വളരുന്നത്. അവയിലൊന്നും വെള്ളം കെട്ടിനില്‍ക്കുന്നില്ലെന്ന് ഉറപ്പുവരുത്തുകയും പരിസരം പരമാവധി വൃത്തിയായി സൂക്ഷിക്കുകയും ചെയ്യുകയാണ് പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കാനുള്ള നല്ല മാര്‍ഗം. ഇക്കാര്യത്തില്‍ ഓരോ വ്യക്തിയും ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. ഇവ പാലിക്കുന്നുവെന്ന് ഉറപ്പ് വരുത്താനും മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താനും തദ്ദേശ സ്ഥാപനങ്ങള്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്. കുളിയിലും വസ്ത്രധാരണത്തിലും ചിട്ടയും ശുദ്ധിയും പാലിക്കുന്ന മലയാളികളില്‍ പലരും വീടും പരിസരങ്ങളും പൊതുസ്ഥലങ്ങളും വൃത്തയായി സൂക്ഷിക്കുന്നതില്‍ അലസരാണ്. വീടുകളിലെയും കടകളിലെയും അവശിഷ്ടങ്ങളും മാലിന്യങ്ങളും നിരത്തുകളിലോ പൊതുഇടങ്ങളിലോ ജലാശയങ്ങളിലോ ആണ് പലരും വലിച്ചെറിയുന്നത്. നമ്മുടെ സാംസ്‌കാരിക മേന്മ വസ്ത്രധാരണത്തിലോ ബാഹ്യ ചേഷ്ടകളിലോ മാത്രം ഒതുങ്ങിപ്പോകുകയാണ്.
അന്യ സംസ്ഥാന തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന കേന്ദ്രങ്ങളാണ് ശുചിത്വത്തിന്റെ കാര്യത്തില്‍ വളരെ പിന്നില്‍. അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാത്ത താത്കാലിക ഷെഡുകളിലാണ് ഇവിരിലേറെയും താമസിക്കുന്നത്. വൃത്തിയുടെ കാര്യത്തില്‍ ഇവര്‍ പൊതുവെ ബോധവാന്മാരുമല്ല. ഇത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. ഇവരുടെ മേഖലകളില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ ശ്രദ്ധ കൂടുതല്‍ കേന്ദ്രീകരിക്കേണ്ടതുണ്ട്. കഴിഞ്ഞ വര്‍ഷം ഇവര്‍ താമസിക്കുന്നിടങ്ങളില്‍ മലേറിയ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ പടര്‍ന്നു പിടിച്ചപ്പോള്‍ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും തൊഴിലാളികളെ മാറ്റിപ്പാര്‍പ്പിക്കുകയും ചെയ്തതോടെയാണ് അത് നിയന്ത്രിക്കാനായത്. മഴക്കാല രോഗങ്ങളെ മുന്നില്‍ കണ്ട് സംസ്ഥാനത്തെ ആശുപത്രികളില്‍ ചികിത്സാ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതില്‍ സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് വീഴ്ചകള്‍ സംഭവിച്ചിട്ടുണ്ട്. മെഡിക്കല്‍ കോളജ് ആശുപത്രികളില്‍ അടക്കം മിക്ക ആരോഗ്യ കേന്ദ്രങ്ങളിലും ആവശ്യത്തിനുള്ള മരുന്നുകളില്ല. മെഡിക്കല്‍ കോര്‍പറേഷന്റെ കെടുകാര്യസ്ഥ തയും ഫണ്ട് അനുവദിക്കുന്നതില്‍ വന്ന കാലതാമസവുമാണ് കാരണമെന്നാണറിയുന്നത്. സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്ടര്‍മാരുടെ തസ്തികകള്‍ ധാരാളം ഒഴിഞ്ഞുകിടക്കുന്നു. 2300ലേറെ വരുന്ന സര്‍ക്കാര്‍ ആശുപത്രികളില്‍ ആയിരത്തോളം എണ്ണത്തില്‍ രോഗനിര്‍ണയത്തിനും രക്തപരിശോധനക്കും ആവശ്യമായ ക്ലിനിക്ക് ലാബുകളില്ല. രണ്ടാഴ്ച മുമ്പ് നിയമസഭയില്‍ ചില അംഗങ്ങള്‍ ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചിരുന്നെങ്കിലും ഇനിയും പലപ്രദമായ നടപടികളായിട്ടില്ല.
പകര്‍ച്ചവ്യാധി നിയന്ത്രണത്തിനായി ആഗസ്ത് 10 മുതല്‍ 15 വരെ ജില്ലകള്‍ തോറും പ്രത്യേക കര്‍മ പരിപാടികള്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചതായും ഇതിന്റെ ഭാഗമായി അന്യസംസ്ഥാന ക്യാമ്പുകളില്‍ ഞായറാഴ്ചകളില്‍ പരിശോധനാ ക്യാമ്പുകള്‍ നടത്തുമെന്നും ആരോഗ്യമന്ത്രി കഴിഞ്ഞ ദിവസം അറിയിക്കുകയുണ്ടായി. ഇത്തരം കര്‍മ പദ്ധതികള്‍ കുറേക്കൂടി നേരത്തെ നടപ്പാക്കിയിരുന്നെങ്കില്‍ പകര്‍ച്ച വ്യാധികളുടെ വ്യാപനം ഗണ്യമായി കുറയ്ക്കാന്‍ സാധിക്കുമായിരുന്നു. വേണ്ടത് വേണ്ട സമയത്ത് ഭരണ കേന്ദ്രങ്ങള്‍ ചെയ്യാത്തതാണ് ആരോഗ്യ രംഗത്ത് മാത്രമല്ല, മിക്ക മേഖലകളിലും പ്രശ്‌നങ്ങള്‍ ഉടലെടുക്കാനും രൂക്ഷമാകാനും കാരണം.