തൂക്കാന്‍ തിടുക്കം കൂടിയോ?

Posted on: July 31, 2015 5:37 am | Last updated: July 30, 2015 at 8:16 pm
SHARE

വേണമെങ്കില്‍ ഭരണകൂട സംവിധാനങ്ങള്‍ക്ക് ഇങ്ങനെയും പ്രവര്‍ത്തിക്കാനറിയാമെന്ന് മുംബൈ സ്‌ഫോടനക്കേസിലെ പ്രതി യാക്കൂബ് മേമന്റെ വധശിക്ഷ നടപ്പാക്കുന്ന നടപടികളിലെ ഗതിവേഗം കണ്ടപ്പോഴാണ് ബോധ്യമായത.് വധശിക്ഷ ഒഴിവാക്കണമെന്നാവശ്യപ്പെടുന്ന മേമന്റെ ഹരജി, തിരുത്തല്‍ ബഞ്ച് രൂപവത്കരണത്തിലെ അപാകം ചൂണ്ടിക്കാട്ടി ജസ്റ്റിസ് കുര്യന്‍ജോസഫ് വിപുലമായ ബഞ്ചിന് വിട്ടതോടെ വധശിക്ഷ നടപ്പാക്കിക്കിട്ടാന്‍ എത്ര ഝടുതിയിലും ഗതിവേഗത്തിലുമാണ് ഭരണസംവിധാനങ്ങള്‍ പ്രവര്‍ത്തിച്ചത്. 2007ല്‍ ടാഡ കോടതിയാണ് മേമന് വധശിക്ഷ വധിച്ചത്. 2013 മാര്‍ച്ച് 13ന് സുപ്രീം കോടതി ഇത് ശരിവെച്ചു. ഇന്നലെ തൂക്കിലേറ്റാനായിരുന്നു തീരുമാനം. മേമന്‍ പിന്നീട് സമര്‍പ്പിച്ച തിരുത്തല്‍ ഹരജി ചീഫ് ജസ്റ്റിസ് എച്ച് എന്‍ ദത്തു അധ്യക്ഷനായ മൂന്നംഗ ബഞ്ച് തള്ളുകയും ചെയ്തു. തിരുത്തല്‍ ഹരജി പരിഗണിച്ചത് സുപ്രീം കോടതിയുടെ ചട്ടങ്ങള്‍ മാനിച്ചല്ലെന്ന് കാണിച്ച് ജസ്റ്റിസ് കുര്യന്‍ ജോസഫ് നടത്തിയ അപ്രതീക്ഷിതമായ ഇടപെടല്‍ വധശിക്ഷ ഇനിയും നീണ്ടു പോകാനോ, ശിക്ഷ ജീവപര്യന്തമാക്കി ഇളവ് ചെയ്യാനോ വഴിവെച്ചേക്കുമെന്ന ആശങ്കയില്‍ അങ്ങനെ സംഭവിക്കരുതെന്ന് സര്‍ക്കാറിന് വാശിയുണ്ടെന്ന് തോന്നിപ്പിക്കുന്ന തരത്തിലാണ് പിന്നീട് കാര്യങ്ങളെല്ലാം നീങ്ങിയത്. സര്‍ക്കാര്‍ നിര്‍ദേശപ്രകാരം മൂന്നംഗ ബഞ്ച് ഉടനെ തന്നെ ചേരണമെന്ന് ഇന്നലെ രാത്രി ചീഫ് ജസ്റ്റിസ് നിര്‍ദേശം നല്‍കി. ഒട്ടും താമസിയാതെ സുപ്രീം കോടതി റജിസ്ട്രാര്‍ ഉറങ്ങാന്‍ കിടന്ന ജഡ്ജിമാരെ അവരുടെ വീടുകളില്‍ ആളെ അയച്ചു വരുത്തി അടിയന്തര സിറ്റിംഗ് നടത്തിച്ചു. പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് വധശിക്ഷ സ്ഥിരപ്പെടുത്തിക്കൊണ്ടുള്ള ബഞ്ചിന്റെ തീരുമാനം വരുന്നത്. അതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗും ആഭ്യന്തര സെക്രട്ടറി എല്‍ സി ഗോയലും പ്രധാനമന്ത്രിയുട വസതിയില്‍ അടിയന്തിര കൂടിയാലോചന നടത്തി മേമന്‍ സമര്‍പ്പിച്ച ദയാഹരജി തള്ളാന്‍ രാഷ്ട്രപതിയോട് ശിപാര്‍ശ ചെയ്യുകയുമുണ്ടായി. അങ്ങനെ മേമന് ശിക്ഷയില്‍ ഇളവ് കിട്ടാനിടയുള്ള എല്ലാ പഴുതുകളും അടക്കുന്നതില്‍ സര്‍ക്കാര്‍ ജയിച്ചു.
എന്നാല്‍ നമ്മുടെ നീതിന്യായ വ്യവസ്ഥയുടെ വിശ്വാസ്യതക്ക് പോറലേല്‍പ്പിക്കുന്നതാണ് അഫ്‌സല്‍ ഗുരുവിനെയെന്ന പോലെ യാക്കൂബ് മേമനെ തൂക്കുമരത്തിലെത്തിക്കുന്നതിന് അന്വേഷണ സംഘവും സര്‍ക്കാറും സ്വീകരിച്ച നടപടികളെന്നാണ് മുന്‍ ഐ ബി ഉദ്യോഗസ്ഥന്‍ ബി രാമന്റെ വിലയിരുത്തല്‍. മുംബൈ സ്‌ഫോടനത്തില്‍ പാക്കിസ്ഥാന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവുകള്‍ നല്‍കിയാല്‍ തന്നെ മാപ്പ് സാക്ഷിയാക്കുമെന്ന ഉറപ്പിന്മേലാണ് മേമന്‍ ഇന്ത്യയിലേക്ക് തിരിച്ചുവരാന്‍ തയാറായത്. കീഴടങ്ങുന്ന കാര്യം അഭിഭാഷകരുമായി ചര്‍ച്ച ചെയ്യാന്‍ കറാച്ചിയില്‍ നിന്ന് നേപ്പാളിലെത്തിയപ്പോഴാണ് അദ്ദേഹം നേപ്പാള്‍ പോലീസിന്റെ പിടിയിലായത്. അവിടെ നിന്ന് ഏറ്റുവാങ്ങിയ റോ ഉദ്യോഗസ്ഥ സംഘത്തില്‍ രാമനുമുണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യങ്ങളെല്ലാം മറച്ചുവെച്ചു ന്യൂഡല്‍ഹി റെയില്‍വേ സ്‌റ്റേഷനില്‍ വെച്ച് തങ്ങള്‍ അദ്ദേഹത്തെ സമര്‍ഥമായി പിടികൂടിയെന്നാണ് ഉദ്യോഗസ്ഥര്‍ അവകാശപ്പെട്ടതും അന്നത്തെ അഭ്യന്തര മന്ത്രിയായിരുന്ന എസ് ബി ചവാന്‍ പാര്‍ലിമെന്റിനെ അറിയിച്ചതും. ദുബൈയില്‍ സ്ഥിര താമസമാക്കിയ ബന്ധുക്കള്‍ക്കൊപ്പമായിരുന്നു സ്‌ഫോടനം നടക്കുമ്പോള്‍ താനുണ്ടായിരുന്നതെന്ന് മേമന്‍ രാഷ്ട്രപതിക്ക് എഴുതിയ കത്തില്‍ പറയുന്നു. സ്‌ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരില്‍ തന്റെ സഹോദരനുമുണ്ടെന്ന് പിന്നീടാണ് അദ്ദേഹം മനസ്സിലാക്കുന്നത്. അന്വേഷണ സംഘത്തിന് അദ്ദേഹം നല്‍കിയ സഹകരണവും പാക്കിസ്ഥാനില്‍ നിന്നും ഇവിടെയെത്തി കീഴടങ്ങാന്‍ ബന്ധുക്കളെ പ്രേരിപ്പിച്ചതും പരിഗണിക്കുമ്പോള്‍ യാക്കൂബ് മേമന്‍ വധശിക്ഷ അര്‍ഹിക്കുന്നില്ലെന്നും ബി രാമന്റെ ഒരു ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയെ ഓര്‍മിപ്പിക്കുന്നുണ്ട്.
മുംബൈ സ്‌ഫോടനത്തിന്റെ പ്രധാന പ്രതികളെന്ന് കരുതുന്ന ദാവൂദ് ഇബ്‌റാഹീം, യാക്കൂബ് മേമന്റെ സഹോദരന്‍ മുശ്താഖ് ടൈഗര്‍ തുടങ്ങിവരെല്ലാം പിടികിട്ടാപ്പുള്ളികളാണ്. ഇവര്‍ ഇപ്പോഴും കീഴടങ്ങാതെ പാക്കിസ്ഥാനിലും മറ്റുമായി ഒളിവില്‍ കഴിയുമ്പോള്‍, മാപ്പുസാക്ഷിയാക്കുമെന്ന പ്രതീക്ഷയില്‍ കേസിന്റെ എല്ലാ വിവരങ്ങളും ഇന്ത്യക്ക് കൈമാറിയ ഒരാളെ മാത്രം ധൃതി പിടിച്ചു വധശിക്ഷക്ക് വിധേയമാക്കുന്നത് ശരിയായ നടപടിയല്ലെന്നാണ് രാഷ്ട്രീയ, സാമൂഹിക, നിയമ രംഗത്തെ ഒട്ടേറെ പ്രമുഖരും വിലയിരുത്തുന്നത്. ബി ജെ പി നേതാവ് ശത്രുഘനന്‍ സിന്‍ഹ, സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍, മുന്‍ മന്ത്രിയും അഭിഭാഷകനുമായ പ്രശാന്ത് ഭൂഷണ്‍, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എന്‍ റാം, ബൃന്ദാ കാരാട്ട്, ഡി രാജ തുടങ്ങി നിരവധി രാഷ്ട്രീയ-സാമൂഹിക നേതാക്കള്‍ യാക്കൂബ് മേമന് വധശിക്ഷ നല്‍കുന്നതിനോട് വിയോജിപ്പ് പ്രകടിപ്പിച്ചവരാണ്.
മുംബൈ സ്‌ഫോടന പരമ്പരയിലേക്ക് വഴി നയിച്ചത് ബാബരി മസ്ജിദ് ധ്വംസനവും അതിന് പിന്നാലെയുണ്ടായ മുംബൈ കലാപവുമാണ്. ഈ കേസുകളിലെ പ്രതികള്‍ ഇപ്പോഴും ശിക്ഷിക്കപ്പെട്ടിട്ടില്ലെന്നും 900 പേര്‍ കൊല്ലപ്പെട്ട മൂംബൈ കലാപം അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട കമ്മീഷനുകളുടെ കണ്ടെത്തലുകള്‍ ഇതുവരെ എങ്ങുമെത്തിയില്ലെന്നും മേമന് വധശിക്ഷ നല്‍കാന്‍ തിടുക്കം കാട്ടിയവര്‍ ഓര്‍ക്കേണ്ടതാണ്. പിടിയിലായ യാക്കൂബ് ഒഴികെ പ്രതികളുടെ വധശിക്ഷ കോടതി ജീവപര്യന്തമാക്കി ഇളവ് ചെയ്ത കാര്യവും ശ്രദ്ധേയമാണ്.