Connect with us

Gulf

അനാഥരായ 20 കുട്ടികള്‍ക്ക് അഭയമൊരുക്കി ഫാമിലി വില്ലേജ്

Published

|

Last Updated

ദുബൈ: അനാഥരായ 20 കുട്ടികള്‍ക്ക് ശാശ്വതമായ അഭയമൊരുക്കി ഫാമിലി വില്ലേജ്. അല്‍ വര്‍ഖയില്‍ പ്രവര്‍ത്തിക്കുന്ന ഫാമിലി വില്ലേജാണ് അനാഥബാല്യങ്ങള്‍ക്ക് അഭയം ഒരുക്കുന്നത്. അനാഥബാല്യങ്ങള്‍ക്ക് അഭയം ഒരുക്കാനായി ദുബൈ നിവാസികളില്‍ നിന്നു സാമൂഹിക മാധ്യമങ്ങളിലൂടെ ഉയര്‍ന്ന ആവശ്യമാണ് യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന് അരുകില്‍ എത്തുകയും ഫാമിലി വില്ലേജിന്റെ നിര്‍മാണത്തിന് ശൈഖ് മുഹമ്മദ് ഉത്തരവിടുന്നതിലും കലാശിച്ചത്. ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് വില്ലേജിന്റെ പണി പൂര്‍ത്തീകരിച്ചത്. അനാഥരെ പുനരധിവാസിപ്പിക്കാനായി ശാശ്വതമായ ഗ്രാമമെന്ന ആശയത്തിനായിരുന്നു ഇതിലൂടെ ജീവന്‍വെച്ചത്. ഔഖാഫ് ആന്‍ഡ് മൈനേഴ്‌സ് അഫയേഴ്‌സ് ഫൗണ്ടേഷനായിരുന്നു പദ്ധതി യാഥാര്‍ഥ്യമാക്കാന്‍ പ്രയത്‌നിച്ചത്. രണ്ട് വയസിനും 12 വയസിനും ഇടയിലുള്ള 20 കുട്ടികളെയാണ് ഇവിടെ താമസിപ്പിച്ചിരിക്കുന്നത്. 2,547 പ്രായപൂര്‍ത്തിയാവാത്തവരെയാണ് ഔഖാഫ് ആന്‍ഡ് മൈനേഴ്‌സ് അഫയേഴ്‌സ് ഫൗണ്ടേഷന്‍ സംരക്ഷിക്കുന്നത്. ഇതില്‍ നിന്നാണ് 20 പേരെ ഫാമിലി വില്ലേജിലേക്ക് മാറ്റിയിരിക്കുന്നത്. അനാഥരായ കുട്ടികളെ രക്ഷിക്കാന്‍ സമൂഹം തായ്യാറായില്ലെങ്കില്‍ അവര്‍ ലൈംഗികമായി ചൂഷണം ചെയ്യപ്പെടാന്‍ സാധ്യത കുടുതലാണെന്ന് ഔഖാഫ് ആന്‍ഡ് മൈനേഴ്‌സ് അഫയേഴ്‌സ് ഫൗണ്ടേഷന്‍ സെക്രട്ടറി ജനറല്‍ തയ്യിബ് അബ്ദുല്‍റഹ്മാന്‍ അല്‍ റൈസി അഭിപ്രായപ്പെട്ടു. കുട്ടികള്‍ മയക്കുമരുന്നു കടത്തിലേക്കും തീവ്രവാദ പ്രവര്‍ത്തനത്തിലേക്കുമെല്ലാം എത്താന്‍ അരക്ഷിതാവസ്ഥ വഴിവെക്കും. എങ്ങോട്ടും പോകാനില്ലാത്ത, വഴി നഷ്ടപ്പെട്ടവരാണ് അനാഥരെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
100 അനാഥകുട്ടികളെ പ്രവേശിപ്പിക്കാനുളള സൗകര്യമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. 12 വില്ലകളാണ് കുട്ടികള്‍ക്കായി ഫാമിലി വില്ലേജില്‍ നിര്‍മിച്ചത്. ഓരോ വില്ലയിലും എട്ട് കുട്ടികളെ താമസിപ്പിക്കാനുള്ള സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ജനിച്ചത് മുതല്‍ മൂന്നു വയസു വരെ പ്രായമുള്ള കുട്ടികള്‍ക്കായി പ്രത്യേക നേഴ്‌സറിയും അനാഥാലയത്തില്‍ സജ്ജീകരിച്ചിട്ടുണ്ട്. എല്ലാവിധ ആധുനിക സൗകര്യങ്ങളും കോര്‍ത്തിണക്കിയാണ് അനാഥാലയം യാഥാര്‍ഥ്യമാക്കിയത്. കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിനായി നേഴ്‌സിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ സെന്ററും പ്രവര്‍ത്തിക്കുന്നുണ്ട്. മുതിര്‍ന്ന കുട്ടികള്‍ക്കായി വിനോദത്തിനുള്ള സജ്ജീകരണവും ഒരുക്കിയിട്ടുണ്ട്. കുടുംബാന്തരീക്ഷം ഉറപ്പാക്കുന്ന രീതിയിലാണ് ഫാമിലി വില്ലേജിന്റെ പ്രവര്‍ത്തനം. വളര്‍ന്നു വലുതായാല്‍ ഇവര്‍ക്ക് സ്വദേശി പൗരത്വവും നല്‍കും. കുട്ടികളുടെ ശാരീരിക-മാനസിക വളര്‍ച്ച ഉറപ്പാക്കാന്‍ ആവശ്യമായ കാര്യങ്ങളും വിദ്യാഭ്യാസത്തിന് വേണ്ടുന്ന സംവിധാനങ്ങളുമെല്ലാം ഇവിടെയുണ്ട്.
കുട്ടികളെ സംരക്ഷിക്കാന്‍ പ്രത്യേകം പരിശീലനം നല്‍കിയ ആയമാരെയാണ് നിയമിച്ചിരിക്കുന്നത്. കുട്ടികള്‍ക്ക് മാതൃസ്‌നേഹം ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടാണ് ഈ നടപടി. കേവലം ഒരു അനാഥാലയം എന്നതില്‍ നിന്നു മാറി കുടുംബ ഗ്രാമം എന്ന സങ്കല്‍പമാണ് പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി കുട്ടികളുടെ സംരക്ഷകരായ ജീവനക്കാര്‍ മാതാവ്, പിതാവ് എന്നീ പേരുകളിലാണ് അറിയപ്പെടുന്നത്. അമ്മാവന്‍മാരും അമ്മായിമാരുമെല്ലാം വില്ലേജിലുണ്ട്. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമാണ് അനാഥാലയ നിര്‍മാണത്തിന് സൗജന്യമായി ഭൂമി നല്‍കിയത്.

---- facebook comment plugin here -----

Latest