ഇസ്‌റാഈല്‍ യുദ്ധക്കുറ്റങ്ങള്‍ക്ക് ശക്തമായ തെളിവുകളുമായി ആംനസ്റ്റി റിപ്പോര്‍ട്ട്

Posted on: July 30, 2015 4:06 am | Last updated: July 30, 2015 at 12:07 am
SHARE

Gaza City hospitalജറൂസലം: കഴിഞ്ഞ വര്‍ഷം ഗാസക്ക് നേരെയുള്ള ഇസ്‌റാഈല്‍ ആക്രമണത്തില്‍ യുദ്ധക്കുറ്റങ്ങള്‍ നിരവധി നടന്നതായി പുതിയ റിപ്പോര്‍ട്ട്. യുദ്ധക്കുറ്റം നടത്തിയതിന് ശക്തമായ തെളിവുകള്‍ ഉണ്ടെന്ന് ആംനസ്റ്റി ഇന്റര്‍നാഷനലും ഫോറന്‍സിക് ആര്‍ക്കിടെക്ച്ചറും സംയുക്തമായി നടത്തിയ പഠനത്തില്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞ വര്‍ഷമാണ് ഇസ്‌റാഈല്‍ സൈന്യം ഗാസക്ക് നേരെ വിവേചനരഹിതമായും അതിക്രൂരമായും വ്യോമാക്രമണം നടത്തിയിരുന്നത്. മനുഷ്യത്വവിരുദ്ധമായ ആക്രമണമാണ് കറുത്ത വെള്ളിയാഴ്ച എന്നറിയപ്പെട്ട 2014 ആഗസ്റ്റ് ഒന്നിന് ഇസ്‌റാഈല്‍ ഗാസക്ക് നേരെ നടത്തിയത്. തങ്ങളുടെ സൈനികനെ പിടികൂടി എന്ന് ആരോപിച്ച് റാഫയിലെ ജനവാസ മേഖലയില്‍ ഇസ്‌റാഈല്‍ ബോംബുകള്‍ വര്‍ഷിക്കുകയായിരുന്നു. തെരുവിലും വീടുകളിലും റോഡുകളിലും വാഹനങ്ങളിലും ഉണ്ടായിരുന്ന നിരവധി പേര്‍ വിവേചനരഹിതമായ ഈ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. റാഫയില്‍ നിന്ന് പലായനം ചെയ്യുന്ന നിരപരാധികളായ ആളുകളെ വരെ ഇസ്‌റാഈല്‍ സൈന്യം ലക്ഷ്യം വെച്ച് ആക്രമണം നടത്തി. ഇതിന് തെളിവായി നൂറുകണക്കിന് വീഡിയോകളും ഫോട്ടോകളും സാറ്റലൈറ്റ് ചിത്രങ്ങളും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇതിന് പുറമെ ദൃക്‌സാക്ഷികളും ഇസ്‌റാഈലിന്റെ മനുഷ്യത്വവിരുദ്ധ ആക്രമണങ്ങളെ തുറന്നുകാട്ടുന്നു.
ഇസ്‌റാഈല്‍ നടത്തിയ യുദ്ധക്കുറ്റങ്ങളുടെ പേരില്‍ ഫലസ്തീന്‍ നേതൃത്വം അന്താരാഷ്ട്ര നീതിന്യായ കോടതിയായ ഐ സി സിയെ സമീപിച്ചിരിക്കുകയാണ്. ഐ സി സിയില്‍ ഫലസ്തീന്‍ അംഗത്വം നേടുന്നത് തടയാന്‍ നേരത്തെ ഇസ്‌റാഈല്‍ വിഫലശ്രമങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ ലോക രാജ്യങ്ങളുടെ പിന്തുണയോടെ ഐ സി സിയില്‍ ഫലസ്തീന്‍ അംഗത്വമെടുത്തു. ഇതിനെ വിമര്‍ശിച്ച് ഇസ്‌റാഈല്‍ രംഗത്തെത്തുകയും ചെയ്തിരുന്നു. അന്താരാഷ്ട്ര നീതിന്യായ കോടതിക്ക് മുമ്പാകെ ഇസ്‌റാഈലിനെ ഹാജരാക്കുമെന്ന് ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.