ഇന്ത്യയില്‍ ആക്രമണം നടത്താന്‍ ഇസില്‍ പദ്ധതിയെന്ന് റിപ്പോര്‍ട്ട്

Posted on: July 30, 2015 12:05 am | Last updated: July 30, 2015 at 12:05 am
SHARE

iraqueന്യൂഡല്‍ഹി: ഇന്ത്യയെ ആക്രമിക്കാന്‍ ഇസില്‍ തീവ്രവാദി സംഘം പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച രേഖകള്‍ സഹിതമുള്ള റിപ്പോര്‍ട്ട് യു എസ് ടുഡെ പ്രസിദ്ധീകരിച്ചു. 32 പേജുകള്‍ വരുന്ന ഉര്‍ദുവിലുള്ള രേഖകള്‍ സഹിതം അമേരിക്കന്‍ മീഡിയ ഇന്‍സ്റ്റിറ്റിയൂട്ടും വാര്‍ത്ത പുറത്തുവിട്ടു. പാക്കിസ്ഥാനി താലിബാനുമായി ബന്ധമുള്ള ഒരാളില്‍ നിന്ന് ലഭിച്ചതെന്ന് അവകാശപ്പെടുന്ന രേഖകള്‍ സഹിതമാണ് ഇന്ത്യക്കെതിരെ ആക്രമണം നടത്താന്‍ ഇസില്‍ പദ്ധതിയിടുന്നു എന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. പാക്കിസ്ഥന്‍- അഫ്ഗാന്‍ താലിബാന്‍ സംഘടനകളെ സംയോജിപ്പിച്ചുള്ള നീക്കത്തിനാണ് ഇസില്‍ പദ്ധതിയിടുന്നതെന്നും വാര്‍ത്ത പറയുന്നു. അമേരിക്കയുമായി ചേര്‍ന്ന് ഇന്ത്യ നടത്താന്‍ പദ്ധതിയിടുന്ന തീവ്രവാദ പോരാട്ടങ്ങള്‍ക്കെതിരെ പ്രകോപനമുണ്ടാക്കാനാണ് ഇസിലിന്റെ ശ്രമം.
അമേരിക്ക അവരുടെ എല്ലാ സഖ്യകക്ഷികളുമായി ചേര്‍ന്ന് ആക്രമണം നടത്തിയാല്‍, യാതൊരു സംശയവും വേണ്ട ഞങ്ങള്‍ സംഘടിക്കും. അത് ആത്യന്തിക യുദ്ധത്തിലേക്കായിരിക്കും എത്തിക്കുക. ഉര്‍ദുവിലുള്ള രേഖകള്‍ യു എസ് മാധ്യമം ഉദ്ധരിച്ചു. അമേരിക്കയുമായി നേരിട്ട് ഏറ്റുമുട്ടി ഊര്‍ജം പാഴാക്കുന്നതിന് പകരം ഖലീഫേറ്റിന്റെ നിര്‍മിതിക്ക് വേണ്ടി അറബ് രാഷ്ട്രങ്ങള്‍ കേന്ദ്രീകരിച്ച് സായുധവളര്‍ച്ച ഉണ്ടാക്കുകയാണ് ലക്ഷ്യമെന്നും രേഖകള്‍ അടിവരയിടുന്നു. ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്ത ഈ രേഖകള്‍ വിവിധ തലങ്ങളില്‍ വിദഗ്ധ പരിശോധനകള്‍ക്ക് ശേഷമാണ് പുറത്തുവിട്ടിട്ടുള്ളതെന്നും മാധ്യമങ്ങള്‍ അവകാശപ്പെടുന്നു. മൂന്ന് ഉയര്‍ന്ന യു എസ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥരാണ് രേഖകള്‍ പരിശോധനക്ക് വിധേയമാക്കിയത്.
നേതാക്കളെ പരാമര്‍ശിക്കുന്ന ഭാഷയും എഴുത്തുരീതിയും വസ്തുതകളും മതപരമായ ഉദ്ധരണികളും പരിശോധിക്കുമ്പോള്‍ കിട്ടിയിട്ടുള്ള രേഖയുടെ ആധികാരികതയെ കുറിച്ച് സംശയിക്കേണ്ടതില്ലെന്ന് അവര്‍ വ്യക്തമാക്കുന്നു. ഇന്ത്യയെ ആക്രമിക്കുക എന്നത് തെക്കന്‍ ഏഷ്യന്‍ ജിഹാദുകള്‍ക്ക് വിശുദ്ധ ലക്ഷ്യമാണെന്നും കണ്ടെത്തിയ രേഖകളിലുണ്ട്. ഇസ്‌ലാമിക് സ്റ്റേറ്റിന്റെ സംക്ഷിപ്ത ചരിത്രം എന്ന തലക്കെട്ടിലുള്ള ഈ രേഖ തയ്യാറാക്കിയ തീയതി പക്ഷേ, വ്യക്തമല്ല.
പാക്കിസ്ഥാനിലെയും അഫ്ഗാനിലെയും താലിബാന്‍ ഘടകങ്ങളെ സംയോജിപ്പിക്കാനാണ് രേഖ ആഹ്വാനം ചെയ്യുന്നത്. യുദ്ധത്തെ കുറിച്ചുള്ള ഭാവി പരിപാടികള്‍, അല്‍ഖാഇദയെ ഇസിലിലേക്ക് ക്ഷണിക്കല്‍, ഇസില്‍ നേതാക്കള്‍ക്ക് പ്രാമുഖ്യമുള്ള ഖലീഫേറ്റിന്റെ (സാമ്രാജ്യം) കീഴില്‍ മുസ്‌ലിംകള്‍ ഒരുമിക്കല്‍ തുടങ്ങിയ വിഷയങ്ങളും രേഖകളില്‍ പറയുന്നുണ്ട്.
അതിനിടെ, അഫ്ഗാനിലെ ഇസില്‍ സാന്നിധ്യം നിശിതമായി നിരീക്ഷണ വിധേയമാക്കിക്കൊണ്ടിരിക്കുകയാണെന്ന് വൈറ്റ്ഹൗസ് വ്യക്തമാക്കി. ഈ വിഷയം, അമേരിക്കയിലെയും പാക്കിസ്ഥാനിലെയും ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ രണ്ട് മാസം മുമ്പ് ചര്‍ച്ച ചെയ്തിരുന്നു.