Connect with us

Kerala

ബൈജുവിന്റെ ലളിതമിത്ര തയ്യാര്‍: അടുക്കളയില്‍ പാചകം ഇനി ലളിതം

Published

|

Last Updated

ചേര്‍ത്തല: അടുക്കളയില്‍ പാചകം അനായാസമാക്കാന്‍ നൂതന സംവിധാനത്തോടെയുള്ള പാത്രം നിര്‍മിച്ച് പട്ടണക്കാട് സ്വദേശി കെ സി ബൈജു വീണ്ടും ശ്രദ്ധേയനാകുന്നു.
വേവിക്കലും വെള്ളമോ എണ്ണയോ ഊറ്റി ഭക്ഷണപദാര്‍ഥം വേര്‍തിരിക്കലും സുരക്ഷിതമായും ആയാസരഹിതമായും സാധ്യമാക്കുന്നതാണ് ലളിതമിത്ര എന്ന് പേരിട്ടിരിക്കുന്ന പാത്രത്തിന്റെ പ്രത്യേകത. അരി വേവിച്ച് പാത്രം മറ്റൊരു പാത്രത്തിലേക്ക് ചരിച്ചോ കമഴ്ത്തിയോ, സുഷിരങ്ങളുള്ള കോരികയില്‍ കോരിയോ, ചോറ്റുകുട്ടയില്‍ പകര്‍ത്തിയോ ചോറ് വേര്‍തിരിക്കുന്ന പരമ്പരാഗത രീതി ഒഴിവാക്കാനാണ് ബൈജുവിന്റെ പുതിയ കണ്ടുപിടുത്തം. സാധാരണ രീതിയില്‍ അപകടങ്ങളും തീപ്പൊള്ളലും സംഭവിക്കാന്‍ സാധ്യതയേറെ. മാത്രമല്ല, സമയനഷ്ടവും ഊര്‍ജ നഷ്ടവും ഉണ്ടാകും. അടുക്കളയില്‍ അമ്മയും ഭാര്യയും അരി വേവിക്കുമ്പോള്‍ അനുഭവിക്കുന്ന കഷ്ടപ്പാട് കണ്ടറിഞ്ഞതിലൂടെയാണ് പരിഹാരത്തിന് അനായാസ മാര്‍ഗം തേടിയതെന്ന് ബൈജു പറയുന്നു. അങ്ങനെയാണ് ലളിതമിത്രയുടെ പിറവി. നിര്‍മാണഘടനയും ഉപയോഗവും ലളിതമെന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. താപചാലക തത്വവും സംവഹന തത്വവുമാണ് പ്രയോജനപ്പെടുത്തിയത്. ഒന്നിനുള്ളില്‍ സമാന ആകൃതിയുള്ള സുഷിരങ്ങളോടുകൂടിയ മറ്റൊരു പാത്രമാണ് പ്രധാന ഘടകം. അകത്തെ പാത്രത്തെ നിശ്ചിതയിടങ്ങളില്‍ താങ്ങിനിര്‍ത്തുന്നതിനും വെള്ളം തിളച്ച് ഒലിച്ചിറങ്ങാതിരിക്കുന്നതിനുമുള്ള സംവിധാനം കൂടിയായാല്‍ ലളിതമിത്രപൂര്‍ണം. സ്‌റ്റെയിന്‍ലെസ് സ്റ്റീലിലോ അലൂമിനിയത്തിലോ നിര്‍മിക്കാം. സ്റ്റീല്‍ നിര്‍മിതമെങ്കില്‍ ഇന്‍ഡക്ഷന്‍ കുക്കറിലും തെര്‍മല്‍ പവര്‍കുക്കറിലും ഉപയോഗിക്കാം. അരി വെന്തുകഴിഞ്ഞാല്‍ ഘടനയുടെ ഭാഗമായ പ്രത്യേക ഉപകരണം ഉപയോഗിച്ച് ഉള്ളിലെ പാത്രം അനായാസം ഉയര്‍ത്തി കഞ്ഞിവെള്ളം ഊറ്റി ചോറ് വേര്‍തിരിക്കാം. ആവശ്യങ്കെില്‍ വീണ്ടും താഴ്ത്തി കഞ്ഞി തയ്യാറാക്കാം. സ്റ്റൗവില്‍ നിന്ന് മാറ്റാതെ ഇത് സാധ്യമാകും. പലഹാരങ്ങള്‍ ആവിയില്‍ പാകപ്പെടുത്തുന്നതിനും ലളിതമിത്ര ഉപയോഗിക്കാം.
പുറംചട്ടയായി ഉപയോഗിക്കുന്ന പാത്രം മറ്റു പാചകങ്ങള്‍ക്കും വിനിയോഗിക്കാം. അരി വേവിക്കാനും അനുബന്ധമായും ഉപയോഗിക്കുന്ന പാത്രങ്ങളുടെ ചെലവ് മാത്രമേ ലളിതമിത്രക്ക് വേണ്ടിവരൂ.
ഇതിന് പേറ്റന്റ് നേടുന്നതിനും വിപണിയിലെത്തിക്കുന്നതിനുമുള്ള ശ്രമത്തിലാണ് ബൈജു. കെ എസ് ഇ ബി അരൂര്‍ ആര്‍ എ പി ഡി ആര്‍ പി സെക്ഷനിലെ സബ് എന്‍ജീനിയറായ ബൈജു ഊര്‍ജസംരക്ഷണത്തിനും മറ്റുമായി നൂതന ഉപകരണങ്ങള്‍ വികസിപ്പിച്ച് നേരത്തെ ശ്രദ്ധേയനാവുകയും സംസ്ഥാനതല പുരസ്‌കാരങ്ങള്‍ നേടുകയും ചെയ്തിട്ടുണ്ട്.

Latest