Connect with us

Ongoing News

ആഷസില്‍ ഓസീസിന് തോല്‍വി

Published

|

Last Updated

ബെര്‍മിംഗ്ഹാം: ലോഡ്‌സ് ടെസ്റ്റിലേറ്റ തോല്‍വിക്ക് ഇംഗ്ലണ്ടിന്റെ കനത്ത തിരിച്ചടി. ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റിന്റെ ആദ്യദിനം ഇംഗ്ലീഷ് ബൗളര്‍മാരുടെ പന്തുകള്‍ ഇടിത്തീയായി പതിച്ചപ്പോള്‍ ഓസീസ് 136 റണ്‍സിന് ആള്‍ഔട്ടായി. മറുപടി ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ട് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 85 റണ്‍സെടുത്തിട്ടുണ്ട്. ആറ് വിക്കറ്റുകള്‍ വീഴ്ത്തിയ പേസ് ബൗളര്‍ ജെയിംസ് ആന്‍ഡേഴ്‌സനാണ് ഓസീസിന്റെ നടുവൊടിച്ചത്. സ്റ്റുവര്‍ട്ട് ബ്രോഡ്, സ്റ്റീവന്‍ ഫിന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി. ഇവര്‍ മൂന്ന് പേര്‍ മാത്രമേ പന്തെറിഞ്ഞുള്ളൂ എന്നത് ഇംഗ്ലീഷ് ബൗളര്‍മാരുടെ ആധിപത്യം വ്യക്തമാക്കുന്നു.
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ആസ്‌ത്രേലിയക്ക് ഒന്നാം ദിനം ഓര്‍ക്കാന്‍ ഇഷ്ടപ്പെടുന്ന ഒരു നിമിഷം പോലും ഇംഗ്ലീഷ് ബൗളര്‍മാര്‍ അനുവദിച്ചു നല്‍കിയില്ല. 52 റണ്‍സെടുത്ത ക്രിസ് റോജേഴ്‌സാണ് അവരുടെ ടോപ് സ്‌കോറര്‍. കളി തുടങ്ങി രണ്ടാം ഓവറില്‍ തന്നെ ഓപണര്‍ ഡേവിഡ് വാര്‍ണറെ (2) ഓസീസിന് നഷ്ടമായി. വാര്‍ണറെ ആന്‍ഡേഴ്‌സണ്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി. കഴിഞ്ഞ ടെസ്റ്റിലെ ഡബിള്‍ സെഞ്ച്വറി വേട്ടക്കാരന്‍ സ്റ്റീവന്‍ സ്മിത്തിന്റെ (7) ഊഴമായിരുന്നു അടുത്തത്. സ്മിത്തിനെ ഫിന്‍ കുക്കിന്റെ കൈകളിലെത്തിച്ചു. പത്ത് റണ്‍സെടുത്ത മൈക്കല്‍ ക്ലാര്‍ക്കിനെ ബൗള്‍ഡാക്കി ഫിന്‍ അടുത്ത പ്രഹരമേല്‍പ്പിച്ചു. 11.2 ഓവറില്‍ 34ന് മൂന്ന് എന്ന നിലയിലായിരുന്നു ഓസീസ് സ്‌കോര്‍. ക്രിസ് വോഗ്‌സും (16) റോജേഴ്‌സും ഇന്നിംഗ്‌സ് കരക്കടുപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ആന്‍ഡേഴ്‌സണ്‍ വീണ്ടും ആഞ്ഞടിച്ചു. ബട്‌ലറിന് ക്യാച്ച്. 43 റണ്‍സ് കൂട്ടിച്ചേര്‍ത്ത ഇരുവരുടെയും ഈ കൂട്ടുകെട്ടാണ് ഓസീസ് നിരയില്‍ ഏറ്റവും വലുത്.
ഷോണ്‍ മാര്‍ഷിനെ (പൂജ്യം) നിലയുറപ്പിക്കാന്‍ പോലും ആന്‍ഡേഴ്‌സണ്‍ അനുവദിച്ചില്ല. കരിയറിലെ രണ്ടാം ടെസ്റ്റിനിറങ്ങിയ വിക്കറ്റ് കീപ്പര്‍ പീറ്റര്‍ നെവില്‍ (2), മിച്ചല്‍ ജോണ്‍സണ്‍ (3) എന്നവരെ പുറത്താക്കിയ ജോണ്‍സണ്‍ അഞ്ച് വിക്കറ്റ് നേട്ടം കൊയ്തു. പേസ് ബൗളര്‍മാരായ മിചല്‍ സ്റ്റാര്‍ചും (11), ഹെയ്‌സല്‍ വുഡും (14 നോട്ടൗട്ട്), നഥാന്‍ ലിയോണും ചേര്‍ന്നാണ് സ്‌കോര്‍ നൂറ് കടത്തി ഓസീസിനെ നാണക്കേടില്‍ നിന്ന് രക്ഷിച്ചത്. അവസാന വിക്കറ്റില്‍ ലിയോണും ഹേയ്‌സല്‍വുഡും ചേര്‍ന്നെടുത്ത 17 റണ്‍സാണ് ഓസീസ് നിരയിലെ രണ്ടാമത്തെ വലിയ കൂട്ടുകെട്ട്.
ഇടക്ക് പെയ്ത മഴ കളി തടസ്സപ്പെടുത്തി. രണ്ടാം ടെസ്റ്റില്‍ വിക്കറ്റ് കീപ്പറായിരുന്ന പീറ്റര്‍ നെവിലിനെ നിലനിര്‍ത്തിയാണ് ഓസീസ് മത്സരത്തിനറങ്ങിയത്. ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളര്‍ മാര്‍ക്ക് വുഡ്, ബാറ്റ്‌സ്മാന്‍ ഗാരി ബാലന്‍സ് എന്നിവരെ ഒഴിവാക്കി ജോണി ബെയിര്‍‌സ്റ്റോ, സ്റ്റീവ് ഫിന്‍ എന്നിവരെ ഉള്‍പ്പെടുത്തി. അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ഇരു ടീമും ഓരോ മത്സരം ജയിച്ച് സമനിലയിലാണ്.

Latest