ഇതര സംസ്ഥാന പച്ചക്കറിക്ക് സെസ് ഏര്‍പ്പെടുത്തും

Posted on: July 30, 2015 12:55 am | Last updated: July 29, 2015 at 11:57 pm
SHARE

Fruits-Vegetablesതിരുവനന്തപുരം: സംസ്ഥാന പച്ചക്കറികളില്‍ ജൈവ സാക്ഷ്യപത്രമില്ലാത്തവക്കു സെസ് ഏര്‍പ്പെടുത്തുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നടപടി വരുന്നു. അടുത്ത മാസം 16 ന് ചേരുന്ന ദക്ഷിണേന്ത്യന്‍ സംസ്ഥാന കൃഷി മന്ത്രിമാരുടെ യോഗം ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുംമെന്ന് കൃഷി മന്ത്രി കെ പി മോഹനന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രാസവളം മണ്ണിന് ദോഷകരമാകുന്നെന്ന് വ്യക്തമായ സാഹചര്യത്തില്‍ അടുത്ത മാര്‍ച്ചോടെ സംസ്ഥാനത്ത് രാസവളം പ്രയോഗം നിരോധിക്കും.
വിഷമില്ലാത്ത പച്ചക്കറി ലഭ്യമാക്കുന്നതിനായി ജൈവ പച്ചക്കറി കൃഷി വ്യാപകമാക്കാന്‍ പദ്ധതി തയ്യാറാക്കും. ഇതിനായി ഹോര്‍ട്ടി കള്‍ച്ചര്‍ മിഷന്റെ സഹായത്തോടെ കേരള കാര്‍ഷിക സര്‍വകലാശാല നടത്തിയ പഠന റിപ്പോര്‍ട്ടിലെ ശിപാര്‍ശകള്‍ നടപ്പാക്കും. ജൈവ കാര്‍ഷിക കേരള പദ്ധതിയുടെ ഭാഗമായി കേരളപ്പിറവി ദിനം മുതല്‍ ജൈവ കാര്‍ഷിക സാക്ഷരതാ യജ്ഞം സംഘടിപ്പിക്കുന്നതിനും ഒരുക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി എല്ലാ പഞ്ചായത്തിലും ശുചിത്വ ഗ്രാമം, ജൈവഗ്രാമം പദ്ധതികള്‍ നടപ്പാക്കും. ഇതോടൊപ്പമാണ് ത്രിതല പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് ജൈവ കാര്‍ഷിക സാക്ഷരതാ യജ്ഞം സംഘടിപ്പിക്കുന്നത്. അന്യ സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന പച്ചക്കറികളിലെ വിഷാംശം പരിശോധിക്കും. ഓണത്തോടനുബന്ധിച്ച് ചെക്കുപോസ്റ്റുകളില്‍ പരിശോധന ശക്തമാക്കുമെന്നും മന്ത്രി പറഞ്ഞു. ജൈവ പച്ചക്കറി കര്‍ഷകര്‍ക്ക് ഉത്പാദന ബോണസ് നല്‍കണമെന്നതാണ് ജൈവ കര്‍ഷക കേരളം പദ്ധതിയുടെ പ്രധാന ശിപാര്‍ശ. അന്യസംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന പച്ചക്കറികള്‍ക്ക് ഏര്‍പ്പെടുത്തുന്ന പ്രത്യേക സെസ് വഴി സമാഹരിക്കുന്ന തുക കേരളത്തിലെ ജൈവ കര്‍ഷകര്‍ക്ക് പ്രോത്സാഹനമായി നല്‍കാനും പഠന റിപ്പോര്‍ട്ട് ശിപാര്‍ശ ചെയ്യുന്നുണ്ട്. എന്നാല്‍ ജൈവ സാക്ഷ്യപത്രമുള്ള പച്ചക്കറികളെ സെസില്‍ നിന്ന് ഒഴിവാക്കും. കൃഷിക്ക് രാസവള പ്രയോഗം പൂര്‍ണമായും ഒഴിവാക്കാനുള്ള നടപടികള്‍ ഊര്‍ജ്ജിതമാക്കുമെന്നും മന്ത്രി പറഞ്ഞു.