ശിരോവസ്ത്രവും കോടതിയും പരിശോധനയുടെ പ്രാകൃത മുറകളും

Posted on: July 30, 2015 6:00 am | Last updated: July 29, 2015 at 11:51 pm
SHARE

supreme courtസെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍ 2015 മെയ് മൂന്നിന് നടത്തിയ അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍, നടന്ന കോപ്പിയടിയുടെ ആഴം എത്രയാണ്? അത് മറികടക്കാന്‍ പാകത്തിലുള്ളതായിരുന്നോ ജൂലൈ 25ന് നടത്തിയ രണ്ടാം പരീക്ഷയില്‍ സ്വീകരിച്ചത്? ഒരു പരീക്ഷക്കിരിക്കാന്‍ വേണ്ടി ശിരോവസ്ത്രം നീക്കിയാല്‍ ഇല്ലാതാകുന്നതാണോ വിശ്വാസമെന്ന സുപ്രീം കോടതിയുടെ ചോദ്യത്തിലേക്ക് കടക്കുന്നതിന് മുമ്പ് ഉത്തരം കിട്ടേണ്ടത് ഈ ചോദ്യങ്ങള്‍ക്കാണ്.
മെയ് മൂന്നിന് നടത്തിയ പരീക്ഷയെക്കുറിച്ച് ഇതിനകം നടന്ന അന്വേഷണങ്ങളില്‍ നിന്ന് അറിവായ കാര്യങ്ങള്‍ ഇതൊക്കെയാണ്. ചോദ്യങ്ങള്‍ക്കുള്ള ഉത്തരം പരീക്ഷയെഴുതിയ ഏതാനും വിദ്യാര്‍ഥികള്‍ക്ക് ആധുനിക സംവിധാനങ്ങളുപയോഗിച്ച് കൈമാറ്റം ചെയ്യപ്പെട്ടു. പരീക്ഷയെഴുതുമ്പോള്‍ തന്നെയാണ് ഉത്തരങ്ങള്‍ കൈമാറ്റം ചെയ്യപ്പെട്ടത്. ഇങ്ങനെ കൈമാറിയവയില്‍ ഭൂരിഭാഗവും ശരിയുത്തരങ്ങളായിരുന്നു. ലക്ഷക്കണക്കിന് വിദ്യാര്‍ഥികള്‍ എഴുതിയ പരീക്ഷയില്‍, നാനൂറോളം വിദ്യാര്‍ഥികളാണ് ആസൂത്രിതമായ കോപ്പിയടി നടത്തിയത്. ഹരിയാന, ബീഹാര്‍, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ വിദ്യാര്‍ഥികളാണ് മുഖ്യമായും ഈ തട്ടിപ്പിന്റെ ഗുണഭോക്താക്കളായതെന്നും അന്വേഷണ സംഘം പറയുന്നു. കുറച്ചുപേരെ ഗുണഭോക്താക്കളായുള്ളൂവെങ്കിലും പ്രവേശനത്തില്‍ സുതാര്യത ഉണ്ടാക്കാനും അര്‍ഹരായവര്‍ക്ക് അവസരം കിട്ടുന്നുവെന്ന് ഉറപ്പാക്കാനുമാണ് പുനഃപരീക്ഷ നടത്താന്‍ സുപ്രീം കോടതി നിര്‍ദേശിച്ചത്.
രണ്ടാമതും പരീക്ഷ നടത്തുമ്പോള്‍, ആസൂത്രിതമായി കോപ്പിയടി നടക്കുന്നത് തടയാന്‍ വേണ്ടി സി ബി എസ് ഇ നിര്‍ദേശിച്ച മാര്‍ഗങ്ങളാണ് സുപ്രീം കോടതി വരെ എത്തിയ തര്‍ക്കങ്ങള്‍ക്ക് കാരണം. ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ ഘടിപ്പിച്ച ഉള്‍ക്കുപ്പായങ്ങള്‍ (വെസ്റ്റുകള്‍) ഉപയോഗിച്ചാണ് ആദ്യത്തെ പരീക്ഷയില്‍ കോപ്പിയടി നടന്നത് എന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. അത്തരം കോപ്പിയടി തടയാന്‍ പാകത്തിലുള്ളതായിരുന്നോ രണ്ടാം ഘട്ടത്തില്‍ സി ബി എസ് ഇ മുന്നോട്ടുവെച്ച വ്യവസ്ഥകള്‍? കമ്മലും മോതിരവും കൊലുസും ശിരോവസ്ത്രവും തടഞ്ഞതുകൊണ്ട് ഇല്ലാതാകുന്നതാണോ അത്യാധുനിക സംവിധാനങ്ങളുപയോഗിച്ചുള്ള കോപ്പിയടി. പരീക്ഷയെഴുതാന്‍ വന്ന വിദ്യാര്‍ഥികളില്‍ എത്ര പേര്‍ കണ്ണട ധരിച്ചിട്ടുണ്ടാകും? അവരിലാരെങ്കിലും കണ്ണടയില്‍ ഉപഗ്രഹ ബന്ധമുള്ള ക്യാമറ ഘടിപ്പിച്ചാല്‍! അതുവഴി ചോദ്യപേപ്പറിന്റെ ചിത്രം പുറത്തേക്ക് നല്‍കി, ക്യാമറയില്‍ തന്നെ ഘടിപ്പിച്ച ശബ്ദസ്വീകരണ യന്ത്രം മുഖേന ഉത്തരങ്ങള്‍ സ്വീകരിച്ചിട്ടുണ്ടെങ്കില്‍!
ആദ്യത്തെ പരീക്ഷയില്‍ ഉള്‍ക്കുപ്പായത്തില്‍ ഇലക്‌ട്രോണിക് യന്ത്രം സ്ഥാപിച്ച് കോപ്പിയടി സാധ്യമാക്കിയവര്‍ ഇക്കുറി കണ്ണട ഉപാധിയാക്കിയിട്ടില്ലെന്ന് എങ്ങനെ ഉറപ്പിക്കും? ക്രമക്കേട് സംബന്ധിച്ച പരാതി പരിഗണിക്കവെ, നിയമ ലംഘകര്‍, നിയമ നിര്‍മാതാക്കള്‍ക്ക് മുമ്പേ സഞ്ചരിക്കുന്നവരാണ് എന്ന് സുപ്രീം കോടതി മുമ്പാകെ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ പറഞ്ഞിരുന്നു. ക്രമക്കേട് തടയാന്‍ ഉപാധികള്‍ തയ്യാറാക്കുന്നവര്‍ക്ക് മുമ്പേ സഞ്ചരിക്കുന്നവരാണ് ഉപാധികളെ എങ്ങനെ മറികടക്കാമെന്ന് ചിന്തിക്കുന്നവര്‍. അങ്ങനെ ചിന്തിക്കുന്നവര്‍, പണമൊഴുക്കി ഗുണഭോക്താക്കളാകാന്‍ തയ്യാറുള്ളവര്‍, ഇവരെ കൂട്ടിയിണക്കുന്ന ഇടനിലക്കാര്‍, ക്രമക്കേടുകള്‍ക്ക് വേണ്ട സൗകര്യമൊരുക്കാന്‍ മടിയില്ലാത്ത ഉദ്യോഗസ്ഥ – ഭരണ നേതൃത്വങ്ങള്‍ എന്നിവ ചേരുംപടി ചേരുമ്പോഴേ ഇടപാടുകള്‍ നടക്കൂ. അങ്ങനെ ചിലത് വര്‍ഷങ്ങള്‍ അരങ്ങേറിയതിന്റെ കഥയാണ് ‘വ്യാപം’ എന്ന തലക്കെട്ടില്‍ നമ്മുടെ മുന്നില്‍ ആടിക്കൊണ്ടിരിക്കുന്നത്. ക്രമക്കേടുകള്‍ക്ക് വിവിധ തലങ്ങളില്‍ പങ്കാളികളായവരെ കൊന്നൊടുക്കിപ്പോലും തെളിവ് നശിപ്പിക്കാന്‍ ശ്രമം നടക്കുന്നുവെന്ന ആക്ഷേപവും ശക്തമായി നില്‍ക്കുന്നു. ഈ ക്രമക്കേട് പുറത്തുവന്നതിന് ശേഷം മധ്യപ്രദേശില്‍ നടന്ന ഏതെങ്കിലും പരീക്ഷകള്‍ക്ക്, എന്തെങ്കിലും തരത്തിലുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി വിവരമില്ല.
അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശനപരീക്ഷയില്‍ ആസൂത്രിതവും സംഘടിതവുമായി നടത്തിയ ക്രമക്കേട്, രാജ്യത്തെ ഐ ഐ ടികളിലെയും മാനേജ്‌മെന്റ് സ്ഥാപനങ്ങളിലേക്കും നടത്തിയ പൊതു പ്രവേശപ്പരീക്ഷയിലും നടന്നിട്ടുണ്ടാകുമോ? സാധ്യത ഏറെയാണ്. ഏത് പരീക്ഷകളെയും അട്ടിമറിക്കാന്‍ പാകത്തില്‍, അത്യാധുനിക സാങ്കേതിക വിദ്യാ സൗകര്യങ്ങളെ പ്രയോജനപ്പെടുത്തി പ്രവര്‍ത്തിക്കുന്ന സംഘം ശക്തിയാര്‍ജിച്ചിട്ടുണ്ട് എന്നതാണ് വസ്തുത. അവര്‍ക്ക് എല്ലാ വിഭാഗത്തില്‍ നിന്നും സഹായങ്ങള്‍ കിട്ടുന്നുമുണ്ടാകണം. മെഡിക്കല്‍ പ്രവേശനപ്പരീക്ഷയിലെ (ആദ്യത്തേത്) ചോദ്യങ്ങള്‍ പരീക്ഷാഹാളിലിരുന്ന് കുട്ടികള്‍ അയച്ചുകൊടുത്തതാണോ അതോ പരീക്ഷാര്‍ഥികള്‍ക്ക് നല്‍കിയതിനൊപ്പം ചോര്‍ത്തിക്കൊടുത്തതാണോ? അങ്ങനെ ചോര്‍ത്തിക്കൊടുത്ത ചോദ്യങ്ങളുടെ ഉത്തരം ഉള്‍ക്കുപ്പായത്തിലൊളിപ്പിച്ച ഉപകരണം വഴി വിദ്യാര്‍ഥികള്‍ക്ക് നല്‍കുകയാണോ ഉണ്ടായത്? സംഭവിച്ചത് ഇതാണെങ്കില്‍ ചോദ്യങ്ങളും ഉത്തരങ്ങളുമൊക്കെ ചോര്‍ത്തി നല്‍കുന്നവര്‍ പരീക്ഷാ നടത്തിപ്പ് ഏജന്‍സിയില്‍ തന്നെയുണ്ടാകണം.
ഈ സാധ്യതകളൊക്കെ നിലനില്‍ക്കെയാണ് കമ്മല്‍ മുതല്‍ ശിരോവസ്ത്രം വരെയുള്ളവ തടഞ്ഞ് ക്രമക്കേട് ഒഴിവാക്കാന്‍ സി ബി എസ് ഇ തീരുമാനിച്ചത്. അതില്‍ തന്നെ ശിരോവസ്ത്രം തടയാനുള്ള തീരുമാനം എതിര്‍പ്പ് വിളിച്ചുവരുത്തുമെന്ന് അറിയാത്തവരല്ല സി ബി എസ് ഇയുടെ ഉദ്യോഗസ്ഥര്‍, തീവ്ര ഹിന്ദുത്വയുടെ പ്രയോക്താക്കള്‍ അധികാരത്തിലിരിക്കുന്നു, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തലപ്പത്തൊക്കെ രാഷ്ട്രീയ സ്വയം സേവകുമായി ബന്ധമുള്ളവരെ നിയമിക്കുകയോ നിയമിക്കാന്‍ ശ്രമിക്കുകയോ ചെയ്യുന്നു, വിദ്യാഭ്യാസത്തെ കാവിവത്കരിക്കാന്‍ സംഘടിതമായി ശ്രമിക്കുന്നു, ന്യൂനപക്ഷ വിഭാഗങ്ങളില്‍ അരക്ഷിതബോധം വളര്‍ത്താന്‍ പാകത്തില്‍ പ്രകോപനപരമായ പ്രസ്താവനകള്‍ നിരന്തരം നടത്തിക്കൊണ്ടിരിക്കുന്നു, ഇവക്കിടയിലാണ് മതവിഭാഗങ്ങളുടെ വിശ്വാസത്തിന്റെ കൂടി ഭാഗമായ ശിരോവസ്ത്രം തടയാന്‍ തീരുമാനിക്കുന്നത്. ആദിയില്‍ തന്നെ കാവിയായതോ, പിന്നീട് കാവിവത്കരിക്കപ്പെട്ടതോ ആയ ഉദ്യോഗസ്ഥരാണോ ഇത്തരം തടയലുകള്‍ക്ക് നിര്‍ദേശം നല്‍കിയത് എന്ന സംശയത്തിനും ഇടം നില്‍ക്കുന്നുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍, കുറച്ചുനേരത്തേക്ക് ശിരോവസ്ത്രം നീക്കിയാല്‍ വിശ്വാസം എല്ലാതാകുമോ എന്ന കേവലയുക്തിക്ക് സ്ഥാനമില്ല തന്നെ.
ശിരോവസ്ത്രം പാടില്ലെന്ന ഉപാധിയില്‍ പ്രതിഷേധമുയരുകയും സി ബി എസ് ഇ തന്നെ ബദല്‍ നിര്‍ദേശങ്ങള്‍ മുന്നോട്ടുവെക്കുകയും ചെയ്തതിന് ശേഷമാണ് ഇത് സംബന്ധിച്ച ഹരജി സുപ്രീം കോടതിയുടെ പരിഗണനയില്‍ വരുന്നത്. ശിരോവസ്ത്രം ധരിച്ചെത്തുന്നവര്‍ അര മണിക്കൂര്‍ മുമ്പ് പരീക്ഷാ ഹാളിലെത്തി പരിശോധനക്ക് വിധേയമാകണമെന്ന് സി ബി എസ് ഇ തന്നെ വ്യക്തമാക്കിയ സാഹചര്യത്തില്‍ ഹരജി പരിഗണനക്ക് എടുക്കേണ്ടതില്ലെന്ന് പറഞ്ഞ് അവസാനിപ്പിക്കുകയേ വേണ്ടിയിരുന്നുള്ളൂ. കുറച്ചുനേരത്തേക്ക് ശിരോവസ്ത്രം മാറ്റിയാല്‍ വിശ്വാസം ഇല്ലാതാകുമോ എന്ന് അതിനൊപ്പം പരമോന്നത നീതിപീഠം ചോദിക്കുമ്പോള്‍ മാറി വരുന്ന സാമൂഹിക, രാഷ്ട്രീയ പശ്ചാത്തലത്തില്‍ വിശ്വാസങ്ങളുടെ പ്രത്യക്ഷ പ്രകടനങ്ങള്‍ വേണ്ടതുണ്ടോ എന്ന് കൂടിയാണ് ആരായുന്നത്. ബുര്‍ഖ നിരോധിക്കണമെന്ന് ആവശ്യപ്പെടുന്ന യൂറോപ്യന്‍ രാഷ്ട്രങ്ങള്‍, വിശ്വാസങ്ങളുടെ പ്രത്യക്ഷ പ്രതീകങ്ങള്‍ സുരക്ഷ അപകടത്തിലാക്കി തുടരേണ്ടതുണ്ടോ എന്ന യുക്തിയാണ് അവതരിപ്പിക്കുക. ക്രമക്കേടിന് സഹായകമാകാന്‍ ഇടയുള്ള ശിരോവസ്ത്രം വിശ്വാസത്തിന്റെ ഭാഗമായി അനുവദിക്കണമോ എന്ന ചോദ്യമാണ്, അല്‍പ്പനേരത്തേക്ക് മാറ്റിയാല്‍ വിശ്വാസം ഇല്ലാതാകുമോ എന്ന ചോദ്യത്തിന്റെ മറ്റൊരു മുഖം.
ശിരോവസ്ത്രം ധരിക്കണമോ വേണ്ടയോ എന്നത് സ്വന്തം വിശ്വാസങ്ങളുടെ ഭാഗമായി വ്യക്തികള്‍ തീരുമാനിക്കുന്നതാണ്. അത്തരം തീരുമാനങ്ങള്‍ക്ക് സ്വാതന്ത്ര്യം അനുവദിക്കുന്ന ജനായത്തമാണ് നിലനില്‍ക്കുന്നതും. അതേ ജനായത്തത്തിന്റെ ഭാഗമായ ഉന്നത നീതിപീഠം, കുറച്ച് നേരത്തേക്ക് ശിരോവസ്ത്രം നീക്കിയാല്‍ വിശ്വാസം ഇല്ലാതാകുമോ എന്ന് ചോദിക്കുമ്പോള്‍, ന്യായാസനങ്ങള്‍ ആരുടെ പക്ഷത്താണെന്ന ചോദ്യം സ്വാഭാവികമാണ്. കര്‍ത്താവിന്റെ മണവാട്ടിയാകാന്‍ തീരുമാനിച്ച്, അതിന് യോജിച്ച വേഷവിധാനങ്ങള്‍ സ്വീകരിക്കുന്നത്, ചില പ്രത്യേക സാഹചര്യങ്ങളില്‍ ഒഴിവാക്കാനല്ല. ജീവിതാന്ത്യം വരെയുള്ള വ്രതത്തിന്റെ ഭാഗമായാണ് വിശ്വാസികള്‍ അതിനെ കാണുക. അതുകൊണ്ടാണ് പരീക്ഷയെഴുതണമെങ്കില്‍ ശിരോവസ്ത്രം മാറ്റണമെന്ന് പറഞ്ഞപ്പോള്‍ സിസ്റ്റര്‍ സെബ മടങ്ങിപ്പോയത്. വിശ്വാസദൃഢത പുലര്‍ത്തുന്നവര്‍ രാജ്യത്തുണ്ടെങ്കില്‍ അതിനെക്കൂടി മാനിക്കുന്നതാകണം ഭരണ സംവിധാനത്തിന്റെ എല്ലാ വിഭാഗങ്ങളും. ക്രമക്കേട് കൂടാതെ പരീക്ഷ നടത്തുന്നതില്‍ പരാജയപ്പെട്ട സി ബി എസ് ഇയുടെ വിശ്വാസ്യതയാണ് യഥാര്‍ഥത്തില്‍ ചോദ്യംചെയ്യപ്പെട്ടത്. സംഘടിതമായി പരീക്ഷ അട്ടിമറിക്കാന്‍ ശ്രമിച്ച ക്രിമിനലുകളാണ് സി ബി എസ് ഇയുടെ വിശ്വാസ്യത തകര്‍ത്തത്. ഈ രണ്ട് കൂട്ടരുടെ ചെയ്തികള്‍ക്ക് വിശ്വാസദൃഢതയുള്ളവര്‍ പിഴമൂളേണ്ടിവരുന്നത് വൈരുധ്യമാണ്.
കോപ്പിയടിയും ക്രമക്കേടും തടയണം. അത്യാധുനിക സംവിധാനങ്ങളുപയോഗിച്ച് ക്രമക്കേടിന് ശ്രമിക്കുമ്പോള്‍ അതിനെ മറികടക്കാനുള്ള സാങ്കേതിക വിദ്യയാണ് വേണ്ടത്. പരീക്ഷാര്‍ഥികള്‍ ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ പരീക്ഷാഹാളിനകത്തേക്ക് കൊണ്ടുപോകുന്നത് തടയണമെന്നും ഉപഗ്രഹസന്ദേശങ്ങള്‍ തടയാനുള്ള ജാമറുകള്‍ പരീക്ഷാ കേന്ദ്രങ്ങളില്‍ സ്ഥാപിക്കണമെന്നും സുപ്രീം കോടതി തന്നെ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. വി ഐ പികള്‍ സഞ്ചരിക്കുമ്പോള്‍ മുന്നിലും പിന്നിലും നിശ്ചിത ദൂരത്തില്‍ റിമോട്ടുപയോഗിച്ച് പ്രവര്‍ത്തിക്കുന്ന സകലതിനെയും തടയാന്‍ സംവിധാനമുണ്ട് (മൊബൈല്‍ ജാമറുകള്‍) രാജ്യത്ത്. പരീക്ഷാ ഹാളുകളില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചും നിരീക്ഷിക്കാനാകും. പരീക്ഷാര്‍ഥികളുടെ ചെവിയിലും മൂക്കിലും ടോര്‍ച്ചടിച്ച് പരിശോധിക്കുന്ന പ്രാകൃതാവസ്ഥയും അവരുടെ വിശ്വാസങ്ങളെ ഹനിക്കും വിധത്തിലുള്ള ഉപാധികള്‍ വെക്കലും ഒഴിവാക്കുക പ്രയാസമുള്ളതല്ല തന്നെ. സാങ്കേതികവിദ്യാ വൈദഗ്ധ്യം ഉപയോഗപ്പെടുത്താനും അതുവഴി ക്രമക്കേടുകള്‍ തടയാനുമുള്ള നടപടിക്കായി മുന്‍കൈ എടുക്കേണ്ടവര്‍ തന്നെ വിശ്വാസങ്ങളെ തത്കാലത്തേക്ക് മാറ്റിവെച്ചുകൂടേ എന്ന് ചോദിക്കുമ്പോള്‍ അത് മുറിവിലുള്ള കുത്തായാണ് മാറുക.