പെട്രോള്‍ പൊള്ളും; വില വര്‍ധന 24 ശതമാനം

Posted on: July 29, 2015 6:39 pm | Last updated: July 29, 2015 at 6:39 pm
SHARE

header1അബുദാബി: ആഗസ്ത് ഒന്നു മുതല്‍ രാജ്യത്ത് പെട്രോളിന് ലിറ്ററിന് 2.14 ദിര്‍ഹമായിരിക്കും വിലയെന്ന് അധികൃതര്‍ വ്യക്തമാക്കി. പെട്രോള്‍ വില രാജ്യാന്തര നിലവാരത്തിലേക്ക് എത്തിക്കാന്‍ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് ഊര്‍ജ മന്ത്രാലയം ആഗസ്റ്റ് മുതല്‍ ഓരോ മാസവും വില പുതുക്കി നിശ്ചയിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥക്ക് കരുത്തുപകരാനും ഊര്‍ജ ഉപഭോഗം കുറക്കാനും പ്രകൃതിയെ സംരക്ഷിക്കാനും ലക്ഷ്യമിട്ടാണ് നടപടിയെന്നും മന്ത്രാലയ അധികാരികള്‍ കഴിഞ്ഞ ദിവസം വിശദീകരിച്ചിരുന്നു. സാമ്പത്തികവും സാമൂഹികവും പ്രകൃതി ആഘാതപരവുമായ കാര്യങ്ങള്‍ വിശദമായി പഠിച്ചാണ് തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. പുതിയ നയത്തിന്റെ ഭാഗമായി ഇന്ധന വില അവലോകനം ചെയ്യാന്‍ പ്രത്യേക കമ്മിറ്റിയെ ഊര്‍ജ മന്ത്രാലയം നിയോഗിച്ചിരുന്നു. ഊര്‍ജ മന്ത്രാലയത്തിലെ അണ്ടര്‍ സെക്രട്ടറി അധ്യക്ഷനായ കമ്മിറ്റിയില്‍ സാമ്പത്തിക മന്ത്രാലയ അണ്ടര്‍ സെക്രട്ടറി, അഡ്‌നോക്കിന്റെയും ഇനോക്കിന്റെയും സി ഇ ഒ മാര്‍ എന്നിവരാണ് അംഗങ്ങള്‍. ഈ കമ്മിറ്റിയാണ് രാജ്യാന്തര കമ്പോളത്തിലെ എണ്ണവില താരതമ്യപ്പെടുത്തിയ ശേഷം ഇന്നലെ പെട്രോളിന്റെ പുതിയ വില നിശ്ചയിച്ചിരിക്കുന്നത്. നിലവില്‍ ഒരു ലിറ്റര്‍ പെട്രോളിന് 1.73 ദിര്‍ഹമാണ് രാജ്യത്ത് ഈടാക്കുന്നത്.
വില പുതുക്കി നിശ്ചയിച്ചതോടെ നിലവിലെ പെട്രോള്‍ വില നിയന്ത്രണ സംവിധാനം ഇല്ലാതായിട്ടുണ്ട്. പെട്രോളിന് നാളിതുവരെ സര്‍ക്കാര്‍ നല്‍കിയിരുന്ന സബ്‌സിഡിയും ഇതോടെ അവസാനിക്കുകയാണ്. ജൂലൈ 28ന് ഉന്നതാധികാര സമിതി യോഗം കൂടിയാവും വില പുതുക്കി നിശ്ചയിക്കുകയെന്ന് കഴിഞ്ഞ ദിവസം ഊര്‍ജമന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഇനി ഓരോ മാസവും 28ാം തിയ്യതി കമ്മിറ്റി യോഗം ചേര്‍ന്ന് രാജ്യാന്തര വില അവലോകനം ചെയ്താവും പുതുക്കിയ വില നിശ്ചയിക്കുക. വിശദമായ പഠനത്തിന് ശേഷമാണ് ആഗസ്ത് ഒന്നാം തിയ്യതി മുതല്‍ ഇന്ധന വിലയും പ്രകൃതിവാതക വിലയും വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നതെന്ന് ഊര്‍ജ മന്ത്രി സുഹൈല്‍ അല്‍ മസ്‌റൂഇ വ്യക്തമാക്കിയിരുന്നു.
യു എ ഇ സമ്പദ്‌വ്യവസ്ഥയെ വൈവിധ്യവത്കരിച്ച് സര്‍ക്കാറിന്റെ വരുമാനം വര്‍ധിപ്പിക്കുകയും യു എ ഇ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുകയുമാണ് ഉന്നം. സര്‍ക്കാര്‍ സബ്‌സിഡികളെ ആശ്രയിക്കാത്ത കരുത്തുറ്റ ഒരു സമ്പദ്‌വ്യവസ്ഥയാണ് രാജ്യം ലക്ഷ്യമിടുന്നതെന്ന് അല്‍ മസ്‌റൂഇ പെട്രോള്‍ വില വര്‍ധനയെക്കുറിച്ച് പ്രതികരിക്കവേ പറഞ്ഞിരുന്നു. രാജ്യാന്തര നിലയില്‍ യു എ ഇയുടെ മത്സരക്ഷമതയെ ശക്തിപ്പെടുത്താനും ഇന്ധനവിലയിലെ മാറ്റം ഉപകരിക്കും. ഭാവി തലമുറക്കായി ഊര്‍ജസ്രോതസുകള്‍ സംരക്ഷിക്കാന്‍ സാധിക്കുന്നതിനൊപ്പം കൂടുതല്‍ ഇന്ധനക്ഷമതയുള്ള വാഹനം ഉപയോഗിക്കാനും എണ്ണ ഉപഭോഗത്തില്‍ സൂക്ഷ്മത കൈവരിക്കാനും വില വര്‍ധന സഹായകമാവും. കൂടുതല്‍ പേര്‍ അന്തരീക്ഷമലിനീകരണം കുറഞ്ഞ വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന കാറിലേക്ക് മാറാനും നടപടി വഴിയൊരുക്കും. സ്വകാര്യ വാഹനങ്ങള്‍ക്ക് പകരം പൊതുഗതാഗത മാര്‍ഗങ്ങള്‍ കൂടുതലായി ഉപയോഗപ്പെടുത്താന്‍ ആളുകള്‍ തയ്യാറാവുമെന്നതിനാല്‍ റോഡുകളില്‍ ഗതാഗതക്കുരുക്കു കുറയും. അത്യന്തികമായി പരിസ്ഥിതി മലിനീകരണം ഗണ്യമായി കുറയുമെന്നതാണ് ഏറ്റവും വലിയ നേട്ടമെന്നും ഊര്‍ജ മന്ത്രി സൂചിപ്പിച്ചിരുന്നു.
സ്‌പെഷല്‍ ഗ്രേഡ് വിഭാഗത്തില്‍ പെടുന്ന ഒക്ടെയിന്‍ പെട്രോളിനാണ് ലിറ്ററിന് 2.14 ദിര്‍ഹമാണ് പുതുക്കിയ നിരക്ക്. നിലവില്‍ 1.72 ദിര്‍ഹമാണ് വില. സൂപ്പര്‍ ഗ്രേഡിന്(98 ഒക്ടെയിന്‍) ഇപ്പോഴുള്ള 1.83 ദിര്‍ഹത്തില്‍ നിന്ന് 2.25 ദിര്‍ഹമായി വര്‍ധിക്കും. ഡീസലിന് ലിറ്ററിന് നിലവിലെ 2.90 ദിര്‍ഹത്തില്‍ നിന്നു വില 2.05 ദിര്‍ഹമായി ദുബൈയിലും വടക്കന്‍ എമിറേറ്റുകളായ ഷാര്‍ജ, അജ്മാന്‍, ഉമ്മുല്‍ ഖുവൈന്‍, റാസല്‍ ഖൈമ, ഫുജൈറ എന്നിവിടങ്ങളില്‍ കുറയും. അബുദാബിയില്‍ നിലവില്‍ 2.35 ദിര്‍ഹമാണ് ഒരു ലിറ്റര്‍ ഡീസലിന്റെ വില. ഊര്‍ജ മന്ത്രാലയം യു എ ഇ ക്യാബിനറ്റില്‍ സമര്‍പിച്ച പഠന റിപ്പോര്‍ട്ട് അംഗീകരിച്ചാണ് വില പുതുക്കി നിശ്ചയിക്കാന്‍ ഇന്ധന വില നിര്‍ണയ കമ്മിറ്റി തീരുമാനിച്ചതെന്ന് ഊര്‍ജ മന്ത്രാലയ അണ്ടര്‍ സെക്രട്ടറി ഡോ. മതര്‍ അല്‍ നിയാദി വ്യക്തമാക്കി. വില നിര്‍ണയ കമ്മിറ്റിയുടെ ഇന്നലെ ചേര്‍ന്ന യോഗത്തില്‍ സാമ്പത്തിക മന്ത്രാലയ അണ്ടര്‍ സെക്രട്ടറി യൂനുസ് ഖൂരി, അഡ്‌നോക് ഡിസ്ട്രിബ്യൂഷന്‍ സി ഇ ഒ അബ്ദുല്ല സലിം അല്‍ ദഹേരി, ഇനോക് സി ഇ ഒ സെയ്ഫ് അല്‍ ഫലാസി എന്നിവര്‍ പങ്കെടുത്തിരുന്നു.