Connect with us

Malappuram

വിദ്യാര്‍ഥിനിയെ മര്‍ദിച്ച സംഭവം: രക്ഷിതാക്കളും അധ്യാപകരും ഡി ഡി ഓഫീസ് ഉപരോധിച്ചു

Published

|

Last Updated

മലപ്പുറം: ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനിയെ അകാരണമായി മര്‍ദിച്ച മാനസികാസ്വസ്ഥതയുള്ള അധ്യാപികക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് രക്ഷിതാക്കളും അധ്യാപകരും ഡി ഡി ഓഫീസ് ഉപരോധിച്ചു.
ഉദ്യോഗസ്ഥരോട് കയര്‍ത്ത് രക്ഷിതാക്കള്‍ ഓഫീസിലേക്ക് തള്ളിക്കയറിയത് നേരിയ സംഘര്‍ഷത്തിനിടയാക്കി.
ഇന്നലെ രാവിലെ 11 മണിയോടെയാണ് രക്ഷിതാക്കളും അധ്യാപക പ്രതിനിധികളും ഡിഡി ഇ ഓഫീസിലേക്ക് പ്രതിഷേധവുമായെത്തിയത്. അധ്യാപികക്കെതിരെ നടപടിയെടുത്തില്ലെങ്കില്‍ സ്‌കൂളിലേക്ക് പ്രവേശിക്കാന്‍ അനുവധിക്കുന്നില്ലെന്ന് രക്ഷിതാക്കള്‍ മുന്നറിയിപ്പ് നല്‍കി.
കഴിഞ്ഞ ദിവസമാണ് മലപ്പുറം കോട്ടപ്പടി ഗേള്‍സ് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനി എം ഷബ്‌ന(13)യെ കണക്ക് അധ്യാപിക മര്‍ദിച്ചത്. ക്ലാസിലെത്തിയ അധ്യാപിക അസഭ്യവാക്കുകള്‍ പറയുകയും വിദ്യാര്‍ഥിനിയെ കഴുത്തില്‍ പിടിച്ച് ജനല്‍കമ്പിക്ക് നേരെ തള്ളുകയായിരുന്നു. തലക്ക് പരുക്ക് പറ്റിയ വിദ്യാര്‍ഥിനിയെ മലപ്പുറം താലൂക്ക് ആശുപത്രിയില്‍ ചികിത്സതേടയിരുന്നു.
മാനസിക അസ്വസ്ഥതയുള്ള അധ്യാപികയെ മാറ്റണമെന്നാവശ്യപ്പെട്ട് ഡി ഡി ഇക്ക് പല പ്രാവശ്യം പരാതിപ്പെട്ടിട്ടും തിരിഞ്ഞുനോക്കിയില്ലെന്നും എസ് എസ് എല്‍ സിയടക്കമുള്ള പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാലയത്തില്‍ ഇത്തരം അധ്യാപികയെ നിയമിച്ച് സ്‌കൂളിന്റെ നിലവാരം താഴ്ത്താനാണ് അധികൃതരുടെ ശ്രമമെന്നും രക്ഷിതാക്കള്‍ പറഞ്ഞു. വിദ്യാര്‍ഥിക്ക് മര്‍ദനമേറ്റ സംഭവം അന്വേഷിക്കുമെന്നും മേലുദ്യോഗസ്ഥരില്‍ നിന്ന് ഉത്തരവുണ്ടാകുന്ന മുറക്ക് നടപടിയെടുക്കുമെന്നും ഡി ഡി ഇയുടെ ചുമതലയുള്ള നീലകണ്ഠന്‍ രക്ഷിതാക്കളെ അറിയിച്ചു. പ്രതിഷേധത്തിന് പി ടി എ പ്രസിഡന്റ് മുണ്ടേങ്ങാടന്‍ മുഹമ്മദലി, മുഹമ്മദലി എന്ന കുഞ്ഞാന്‍, തസീഫ് ടി, ഉപ്പൂടന്‍ റഹ്മാന്‍. അധ്യാപക പ്രതിനിധികളായ മജീദ്, വിശ്വംഭരന്‍ നേതൃത്വം നല്‍കി.