Connect with us

Kerala

സല്യൂട്ട് ചെയ്തു; വീഴ്ച ആവര്‍ത്തിക്കില്ലെന്ന് ഋഷിരാജ് സിംഗ്

Published

|

Last Updated

തിരുവനന്തപുരം: സല്യൂട്ട് വിവാദത്തിന്റെ പശ്ചാത്തലത്തില്‍ എ ഡി ജി പി ഋഷിരാജ് സിംഗ് ആഭ്യന്തരമന്ത്രി രമേശ്‌ചെന്നിത്തലയെ നേരിട്ടു കണ്ടു വിശദീകരണം നല്‍കി.
വിവാദത്തിനു ശേഷം ആദ്യമായാണ് ആഭ്യന്തരമന്ത്രിയെ നേരിട്ട് കാണാന്‍ എ ഡി ജി പിക്ക് സമയം അനുവദിച്ചത്. കണ്ടാണശ്ശേരിയില്‍ വധശ്രമക്കേസിലെ പ്രതിയുടെ വീട്ടില്‍ സത്കാരം സ്വീകരിച്ചതിനെക്കുറിച്ചും എ ഡി ജിപി വിശദീകരണം നല്‍കി.
ബോധപൂര്‍വം ഒരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്നും ഋഷിരാജ് മന്ത്രിയോട് പറഞ്ഞു. കാര്‍ഗില്‍ വിജയദിവസം തൃശൂരില്‍ നടത്തിയ പരിപാടിയില്‍ പങ്കെടുത്ത ശേഷം അതിഥിയായി പോയ വീട്ടുകാരന്റെ പേരില്‍ കേസ് നിലനില്‍ക്കുന്നുണ്ടെന്ന കാര്യം അറിവുണ്ടായിരുന്നില്ലെന്നും ഋഷിരാജ് സിംഗ് മന്ത്രിയോട് വിശദീകരിച്ചു.
വിവാദമുണ്ടായതിനുശേഷം നേരിട്ട് കണ്ട് വിശദീകരണം നല്‍കാന്‍ എ ഡി ജി പി മന്ത്രിയുടെ സമയം ചോദിച്ചിരുന്നുവെങ്കിലും അനുവദിച്ചിരുന്നില്ല. മുഖ്യമന്ത്രിയെ നേരിട്ട് കണ്ടു ഋഷിരാജ് നേരിട്ട് വിശദീകരണം നല്‍കിയിരുന്നു.
ഇതിനിടെയാണ് ഒരു പൊതുപാടിയില്‍ വെച്ച് ആഭ്യന്തരമന്ത്രിക്ക് എ ഡി ജി പി കൈകൊടുത്ത് സ്വീകരിച്ചത്. മന്ത്രിയുടെ ഓഫീസിലെത്തിയ എ ഡി ജി പി മന്ത്രി രമേശ് ചെന്നിത്തലക്ക് സല്യൂട്ട് നല്‍കി.
സല്യൂട്ട് വിവാദത്തില്‍ 15 ദിവസത്തിനകം വിശദീകരണം നല്‍കണമെന്നാണ് ചീഫ് സെക്രട്ടറി ഋഷിരാജ് സിംഗിനോട് ആവശ്യപ്പെട്ടിരുന്നത്. തൃശൂര്‍ പോലീസ് അക്കാദമിയില്‍ വനിതാ കോണ്‍സ്റ്റബില്‍ മാരുടെ പാസ്സിംഗ് ഔട്ട് പരേഡിനെത്തിയ ആഭ്യന്തരമന്ത്രിയെ കണ്ടിട്ടും എ ഡി ജി പി ഋഷിരാജ് സിംഗ് എഴുന്നേറ്റ് സല്യൂട്ട് ചെയ്തില്ലെന്നാണ് ആരോപണം.
ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം ആഭ്യന്തര വകുപ്പ് എ ഡി ജി പിക്ക് വിശദീകരണം തേടി നോട്ടീസ് നല്‍കിയിരുന്നു.

Latest