കുപ്പിച്ചില്ല് കുത്തിക്കയറി ഒന്നര വയസ്സുകാരന്‍ മരിച്ചു

Posted on: July 29, 2015 9:19 am | Last updated: July 29, 2015 at 9:20 am
SHARE

TSR joyealതൃശൂര്‍: ചായ കുടിക്കുന്നതിനിടെ നിലത്തുവീണ് ഉടഞ്ഞ കുപ്പിച്ചില്ല് കുത്തിക്കയറി പരുക്കേറ്റ ഒന്നര വയസ്സുകാരന്‍ മരിച്ചു. കൊളങ്ങാട്ടുകരയില്‍ വാടക വീട്ടില്‍ താമസിക്കുന്ന ഇമ്മട്ടി ഷിബുവിന്റെ മകന്‍ ജോയീലാണ് മരിച്ചത്. ഇന്നലെ രാവിലെ 6.30 ഓടെ വീട്ടില്‍ വെച്ച് നിലത്തുവീണുടഞ്ഞ ചായ ഗ്ലാസിന്റെ ചില്ല് കുട്ടിയുടെ കഴുത്തില്‍ തുളച്ചു കയറുകയായിരുന്നു.
പരുക്കേറ്റ കുട്ടിയുമായി ആശുപത്രിയിലേക്ക് ബൈക്കില്‍ പോകുന്നതിനിടെ ഓട്ടോയുമായി കൂട്ടിയിടിച്ച് അച്ഛനും അമ്മക്കും മകള്‍ക്കും പരുക്കേല്‍ക്കുകയും ചെയ്തു. മകള്‍ അശ്വിനിയുമൊത്ത് മെഡിക്കല്‍ കോളജിലേക്ക് ബൈക്കില്‍ കൊണ്ടുപോകുന്നതിനിടെ ഓട്ടോയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഓട്ടോ നിര്‍ത്താതെ പോയി. സംഭവമറിഞ്ഞെത്തിയ നാട്ടുകാര്‍ മറ്റൊരു വാഹനത്തില്‍ പരുക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുപ്പിച്ചില്ല് കുത്തിക്കയറിയ കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായില്ല. മൂന്ന് പേരുടെയും പരുക്കുകള്‍ സാരമല്ല.