Connect with us

Articles

ഡോ. കലാമിന്റെ മതവും മതേതരത്വവും

Published

|

Last Updated



ഇന്ത്യയുടെ പ്രസിഡന്റ് പദവിയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം ഒഴികെയുള്ള പ്രതിപക്ഷത്തിന്റെയും ഭരണപക്ഷത്തിന്റെയും പൊതുസ്ഥാനാര്‍ഥിയായി ഡോ. എ പി ജെ അബ്ദുല്‍ കലാമിനെ നാമനിര്‍ദേശം ചെയ്ത സന്ദര്‍ഭം. ബി ജെ പിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാറാണ് കേന്ദ്രത്തില്‍ ഭരണം കൈയാളുന്നത്. ക്യാപ്റ്റന്‍ ലക്ഷ്മിയായിരുന്നു ഇടതുപക്ഷത്തിന്റെ സ്ഥാനാര്‍ഥി. ആണവ പ്രതിരോധ മേഖലകളില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഒരു ശാസ്ത്രജ്ഞന്‍ രാജ്യത്തിന്റെ പരമോന്നത പദവിയില്‍ എത്തുന്നത് തെറ്റായ സന്ദേശമായിരിക്കില്ലേ നല്‍കുക എന്നതിനെ ചുറ്റിപ്പറ്റിയായിരുന്നു ഒട്ടുമിക്ക ചര്‍ച്ചകളും. രാജ്യത്തെ മുസ്‌ലിംകളെ പ്രധാന പ്രതിപക്ഷമായി കാണുന്ന ബി ജെ പി, കലാമിനെ പോലുള്ള ഇസ്‌ലാംമത വിശ്വാസിയായ ഒരാളെ രാജ്യത്തിന്റെ പരമോന്നത പദവിയിലെത്തിക്കാന്‍ കാണിക്കുന്ന താത്പര്യത്തിന്റെ പൊരുളെന്ത് എന്നതായിരുന്നു ചര്‍ച്ചയിലെ മറ്റൊരിനം. അങ്ങനെയൊരു സംവാദത്തില്‍ ഈ കുറിപ്പുകാരനും പങ്കെടുക്കേണ്ടി വന്നു. ഒരാണവശാസ്ത്രജ്ഞനെ രാജ്യത്തിന്റെ പരമാധികാരിയാക്കുന്നതിലെ മുന്‍കാല മാതൃകകള്‍ ഏതൊക്കെയാണ് എന്നതില്‍ ഊന്നിയായിരുന്നു ആ സംവാദത്തില്‍ ഈ കുറിപ്പുകാരന്‍ സംസാരിച്ചത്. ആധുനിക ലോകം കണ്ട കടുത്ത മനുഷ്യാവകാശ ലംഘനങ്ങളിലൂടെ രൂപം കൊണ്ട ഇസ്‌റാഈലിന്റെ പ്രഥമ പ്രസിഡന്റ് ഒരു ബയോകെമിസ്റ്റ് ആയിരുന്നു. ഒന്നാം ലോക മഹായുദ്ധ കാലത്തെ ബ്രിട്ടീഷ് യുദ്ധ വ്യവസായ മേഖലയെ പുഷ്ടിപ്പെടുത്തുന്നതില്‍ ഷെയിം വെയ്‌സ്മാന്‍ എന്ന ഈ ശാസ്ത്രജ്ഞന്റെ കണ്ടുപിടിത്തങ്ങള്‍ വന്‍തോതില്‍ ഉപയോഗപ്പെടുത്തുകയും ചെയ്തിരുന്നു. അത്തരം പശ്ചാത്തലമുള്ള ഒരാള്‍ സയണിസ്റ്റ് രാഷ്ട്രത്തിന്റെ ആദ്യത്തെ മേധാവിയായി വന്നതിലെ പ്രതീകാത്മകതയില്‍ ഊന്നിക്കൊണ്ടും അത് പിന്നീട് ഇസ്‌റാഈലിന്റെ സൈനികവും സൈനികേതരവുമായ രാഷ്ട്രീയ സ്വഭാവങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ വഹിച്ച പങ്കും സന്ദേശവും എന്തായിരുന്നുവെന്നും സൂചിപ്പിച്ചുകൊണ്ടുമായിരുന്നു ആ സംവാദത്തില്‍ സംസാരിച്ചത്. കലാമിന്റെ സ്ഥാനാര്‍ഥിത്വം ആ സമയത്തെ ഇന്ത്യയിലെ രാഷ്ട്രീയ സാഹചര്യങ്ങളുമായി അഭേദ്യമായി കെട്ടുപിണഞ്ഞുകിടന്ന ഒന്നായിരുന്നുവെന്നതില്‍ സംശയത്തിനു യാതൊരു വകയും ഉണ്ടായിരുന്നില്ല. 2002 ഫെബ്രുവരിയില്‍ ഗുജറാത്തില്‍ മുസ്‌ലിംകള്‍ക്കെതിരെ നടന്ന വംശഹത്യയുടെ കൂടി പശ്ചാത്തലം 2002 ജൂലൈയില്‍ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിനുണ്ടായിരുന്നു. പ്രതീക്ഷിച്ചതു പോലെ, 90 ശതമാനം വോട്ടുകള്‍ നേടി ഡോ. എ പി ജെ അബ്ദുല്‍ കലാം ഇന്ത്യയുടെ പതിനൊന്നാമത്തെ പ്രസിഡന്റായി അധികാരമേറ്റു.
പ്രസിഡന്റ് സ്ഥാനത്തേക്ക് തന്റെ പേര് നിര്‍ദേശിക്കപ്പെടാന്‍ ഇടയായ രാഷ്ട്രീയ സാഹചര്യങ്ങളോട് പ്രസിഡന്റ് പദവിയിലെത്തിയ ശേഷം ഡോ. കലാം എങ്ങനെയൊക്കെയാണ് പ്രതികരിച്ചത്? ആ സാഹചര്യങ്ങളെ മനസ്സിലാക്കുന്നതിലും വിലയിരുത്തുന്നതിലും അതനുസരിച്ച് തീരുമാനങ്ങളെടുക്കുന്നതിലും കലാമിലെ രാഷ്ട്രീയ തന്ത്രജ്ഞന്‍ എത്രമാത്രം വിജയിച്ചിട്ടുണ്ട്? പ്രസിഡന്റ് പദവിയുടെ പരിമിതിയും സാധ്യതകളും അദ്ദേഹത്തിന്റെ തീരുമാനങ്ങളെ എത്രമാത്രം ചിട്ടപ്പെടുത്തിയിട്ടുണ്ട്? കലാം എന്ന ശാസ്ത്രജ്ഞനും ഇന്ത്യയുടെ പ്രസിഡന്റും തമ്മില്‍ ഉണ്ടായിരുന്ന സംഘര്‍ഷങ്ങളും ഉള്‍ചേര്‍ച്ചകളും ഏതൊക്കെ വിധത്തിലുള്ളതായിരുന്നു?, പ്രസിഡന്റ് പദവി കലാമിന്റെ പില്‍ക്കാല സാമൂഹിക രാഷ്ട്രീയ അക്കാദമിക് ജീവിതത്തെ എങ്ങനെയൊക്കെ സ്വാധീനിച്ചിട്ടുണ്ട്? ഈ ചോദ്യങ്ങളിലൂടെ കടന്നുപോയാല്‍ മാത്രമേ ഡോ. എ പി ജെ അബ്ദുല്‍ കലാമിന്റെ സാമൂഹിക ജീവിതത്തെക്കുറിച്ചുള്ള ഏതൊരു വിലയിരുത്തലും പൂര്‍ണമാകുകയുള്ളൂ.
ഐ എസ് ആര്‍ ഒയുടെ പരീക്ഷണശാലയില്‍ നിന്ന് ആദ്യം രാഷ്ട്രപതി ഭവനിലേക്കും പിന്നീട് ഇന്ത്യന്‍ പൊതു മണ്ഡലത്തിലേക്കും തന്നെ കൊണ്ടുചെന്നെത്തിച്ച രാഷ്ട്രീയ, സാമൂഹിക സാഹചര്യങ്ങളോട് പ്രത്യക്ഷത്തില്‍ സംഘര്‍ഷരഹിതമായ സഹവര്‍ത്തിത്വം പുലര്‍ത്തുന്ന ഡോ. എ പി ജെ അബ്ദുല്‍ കലാമിനെയാണ് നാം പിന്നീട് കാണുന്നത്. ഇങ്ങനെയല്ലാത്ത ഒരു നിലപാട് അദ്ദേഹത്തിനു എന്നല്ല, മറ്റേതെങ്കിലും രാഷ്ട്രപതിമാര്‍ക്ക് സാധ്യമാണോ, സാധ്യമായിട്ടുണ്ടോ?, എന്തൊക്കെയാണ് സംഘര്‍ഷരഹിതമായ ഈ സഹവര്‍ത്തിത്വത്തിന്റെ ഗുണ ദോഷങ്ങള്‍ എന്നിവ വിശദമായ അന്വേഷണം ആവശ്യപ്പെടുന്ന ചോദ്യങ്ങളാണ്. അതേ സമയം, നാം പുറമേക്ക് കണ്ടതുപോലെ സംഘര്‍ഷരഹിതമായ ഒരു കരിയര്‍ ആയിരുന്നില്ല അദ്ദേഹത്തിന്റെ പ്രസിഡന്റ് പദവിയും പില്‍ക്കാല ജീവിതവും എന്ന് അദ്ദേഹം തന്നെ വെളിപ്പെടുത്തിയ സന്ദര്‍ഭങ്ങളും ഉണ്ടായിരുന്നു. ഒരുപക്ഷേ, ഡോ. കലാമിന്റെ പ്രസിഡന്റ് പദവി തന്നെ സാധ്യമാക്കിയ ഗുജറാത്ത് മുസ്‌ലിം വംശഹത്യയോട് അദ്ദേഹം സ്വീകരിച്ച നിലപാട് എന്തായിരുന്നു എന്നതിന്റെ പേരില്‍ പലരും അദ്ദേഹത്തെ വിമര്‍ശിക്കാറുണ്ട്. ഇതേ കുറിച്ച് ഇന്ത്യയിലെ ഒരു പ്രമുഖ മുസ്‌ലിം പണ്ഡിതന്‍ തന്നെ അദ്ദേഹത്തോട് നേരിട്ട് ചോദിക്കുകയുണ്ടായി. ആ ചോദ്യത്തിന് ഡോ. കലാം നല്‍കിയ മറുപടി ഇങ്ങനെ ആയിരുന്നു: “കലാപങ്ങളും സംഘട്ടനങ്ങളുമാണ് ഭാരതത്തെ പിറകോട്ട് വലിക്കുന്നത്. പരസ്പര ധാരണയിലും ആദരവിലും ജീവിക്കണമെന്ന് ഉദ്‌ഘോഷിക്കുന്ന മതവിശ്വാസികളെല്ലാം അവരവരുടെ വേദഗ്രന്ഥങ്ങളെ പടിക്ക് പുറത്ത് വെക്കുന്ന ദയനീയ കാഴ്ചയാണ് ഇന്നുള്ളത്. ഗുജറാത്ത് കലാപത്തെ വിലയിരുത്താന്‍ ഞാന്‍ ആളല്ല. അത് ജുഡീഷ്യറി ചെയ്യും. കലാപത്തിന്റെ തീഷ്ണ വാര്‍ത്തകളറിഞ്ഞ് ഞാന്‍ ഞെട്ടിയിട്ടുണ്ട്. മനഃസാക്ഷിയുള്ള ഒരു ഭാരതീയനും ന്യായീകരിക്കാനാകാത്ത ഭരണഘടനാ ലംഘനമാണിത്, തീര്‍ച്ച. ലോകം കണ്ട സമാധാന ദൂതന്റെ മണ്ണില്‍ വീണ ചോര തുടക്കേണ്ട ബാധ്യത എന്നിലുണ്ടെന്ന് സ്വയം മനസ്സിലാക്കി ഞാന്‍ ഗുജറാത്ത് സന്ദര്‍ശിക്കാന്‍ തീരുമാനിച്ചു. പല കേന്ദ്രമന്ത്രിമാരുടെയും പ്രധാനമന്ത്രിയായിരുന്ന വാജ്‌പേയിയുടെ പോലും അസന്തുഷ്ടിയോടെയായിരുന്നു ഞാന്‍ കലാപബാധിത പ്രദേശം സന്ദര്‍ശിക്കാന്‍ തീരുമാനിച്ചത്. അവരെന്തൊക്കെയോ ഭയക്കുന്നത് പോലെ എനിക്ക് തോന്നി. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയുടെ നിലപാടിലെ ശരിയും തെറ്റും ചികയുന്നതിനപ്പുറം കലാപം വരുത്തിയ മുറിപ്പാടുകളുണക്കാനാണ് ഞാന്‍ യത്‌നിച്ചത്. എന്റെ ഏറ്റവും പുതിയ പുസ്തകം “ടേണിംഗ് പോയിന്റ്, എ ജേണി ത്രൂ ചാലഞ്ചസി”ല്‍ ഇതെല്ലാം വിശദമായി ഞാന്‍ അയവിറക്കിയിട്ടുണ്ട്. ഗാന്ധിനഗര്‍ വിമാനത്താവളത്തിലിറങ്ങിയപ്പോള്‍ മോദിയടങ്ങുന്ന ഔദ്യോഗിക സംഘം എന്നെ വരവേറ്റു. മൂന്ന് ദുരിതാശ്വാസ ക്യാമ്പുകളും കലാപബാധിത പ്രദേശങ്ങളും സന്ദര്‍ശിച്ചു. മനം തകര്‍ന്നു പോയി! ഇന്ത്യയുടെ ഗതിയോര്‍ത്ത് വിതുമ്പി! കലാപത്തിന് പിറകിലുള്ള കരങ്ങള്‍ക്കെതിരെ കടുത്ത നടപടിയെടുക്കാന്‍ ഞാന്‍ മുഖ്യമന്ത്രിയോട് നിര്‍ദേശിക്കുകയും ചെയ്തു. അഹമ്മദാബാദിലെ ഒരു ദുരിതാശ്വാസ ക്യാമ്പില്‍ നിന്നും ആറ് വയസ്സായ ഒരു ബാലന്‍ വന്ന് പറഞ്ഞു: രാഷ്ട്രപതിജീ, എനിക്കെന്റെ ഉമ്മയെയും ബാപ്പയെയും തിരിച്ചുതരണം.” കണ്ണുകള്‍ നിറഞ്ഞുപോയി. നിഷ്‌കളങ്കനായ അവനെ എന്ത് പറഞ്ഞ് സമാധാനിപ്പിക്കും”. (മതം, ദേശം, സമുദായം- കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍)
ഗുജറാത്ത് കലാപത്തോട് അദ്ദേഹം സ്വീകരിച്ച നിലപാട് എന്തായിരുന്നു എന്നതിനെക്കാളേറെ, ഡോ. കലാമിന്റെ ഒരു പൊതുനിലപാട് കൂടി, ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയുടെ നിലപാടിലെ ശരിയും തെറ്റും ചികയുന്നതിനപ്പുറം കലാപം വരുത്തിയ മുറിപ്പാടുകളുണക്കാനാണ് ഞാന്‍ യത്‌നിച്ചത് എന്ന മറുപടിയില്‍ ഉണ്ട്. അടിസ്ഥാനപരമായി ഒരു രാഷ്ട്രീയക്കാരനായിരുന്നില്ല എന്നതായിരുന്നു അദ്ദേഹത്തിന്റെ ഗുണവും ദോഷവും. രാഷ്ട്രപതി ആയിരുന്നപ്പോഴും ഐ എസ് ആര്‍ ഒയിലെ ശാസ്ത്രജ്ഞന്റെ മനസ്സും ബോധവുമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. അതുകൊണ്ട് തന്നെ, അദ്ദേഹം ഇടപെടണം എന്ന് നാം ആഗ്രഹിച്ച പല വിഷയങ്ങളിലും അദ്ദേഹം മൗനം പാലിച്ചു. രാജ്യത്തെ പ്രഥമ പൗരന്‍ എന്ന നിലയില്‍ അദ്ദേഹം ഇടപെടേണ്ടിയിരുന്നില്ലാത്ത പല വിഷയങ്ങളിലും ഒരു ശാസ്ത്രജ്ഞന്റെ ജാഗ്രതയോടെ അദ്ദേഹം ഇടപെട്ടു. യുദ്ധവിമാനത്തില്‍ യാത്ര ചെയ്ത ഇന്ത്യയുടെ ആദ്യത്തെ സര്‍വ സൈന്യാധിപനായി അദ്ദേഹത്തെ നാം ഓര്‍ക്കേണ്ടിവരുന്നത് അതുകൊണ്ടാണ്. അതേസമയം തന്നെ, ചരിത്രപരമായ ഇത്തരം വിശകലനങ്ങള്‍ക്കും വിമര്‍ശങ്ങള്‍ക്കും നാം കലാമിനെ പോലെയുള്ള ചുരുക്കം ചില ആളുകളെ മാത്രമേ വിധേയരാക്കാറുള്ളൂ എന്നതാണ് നമ്മുടെ വിലയിരുത്തലുകളുടെ പരിമിതി. ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട സമയത്ത് ആരായിരുന്നു രാഷ്ട്രപതി എന്ന് നാം മറന്നുപോകുന്നത് എളുപ്പം പിടികൂടാവുന്ന ചില ആളുകള്‍ക്ക് മാത്രമേ നാം ചരിത്ര വിചാരണ എന്ന രാഷ്ട്രീയ പരീക്ഷ ബാധകമാക്കാറുള്ളൂ എന്നതു കൊണ്ടാണ്.

11822474_816407398471934_7270914341992104589_n
ഇവ്വിധത്തിലുള്ള തിരഞ്ഞെടുക്കപ്പെട്ട ചരിത്ര വിചാരണയുടെ രാഷ്ട്രീയമെന്താണ്, താത്പര്യമെന്താണ്, പരിമിതിയെന്താണ് എന്ന് മനസ്സിലാകാന്‍ കൂടി കഴിഞ്ഞ ദിവസം പല സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളിലും പ്രത്യക്ഷപ്പെട്ട ഡോ. കലാമിനെ കുറിച്ചുള്ള വിമര്‍ശങ്ങള്‍ സഹായിക്കും. “സുബ്ഹിക്ക് കുളിച്ച് ശുദ്ധനായി എം എസ് സുബ്ബലക്ഷ്മിയുടെ സുപ്രഭാതം കേള്‍ക്കുന്ന, ഗീത വായിക്കുകയും വീണ മീട്ടുകയും ചെയ്യുന്ന, നിസ്‌കാരത്തൊപ്പി വെക്കാത്ത, നോമ്പെടുക്കാത്ത, ഖുര്‍ആന്‍ വായിക്കാത്ത ഫാസിസത്തിന്റെ കാലത്തെ മികച്ച മതേതരവാദി” എന്നൊക്കെ അദ്ദേഹത്തെ പലര്‍ക്കും വിളിക്കേണ്ടി വരുന്നത്, അദ്ദേഹത്തിന്റെ മതത്തെയും നിലപാടുകളെയും തിരിച്ചറിയാന്‍ കഴിയാത്തത് കൊണ്ട് മാത്രമല്ല, ഇന്ത്യയിലെ മുസ്‌ലിംകളുടെ ദൈനംദിന ജീവിത യാഥാര്‍ഥ്യങ്ങളെ കുറിച്ചുള്ള അറിവില്ലായ്മകൊണ്ടുകൂടിയാണ്. ഇത്തരം വിമര്‍ശങ്ങള്‍ക്ക്, “ഒട്ടുമിക്ക ദിനങ്ങളിലും ഞാന്‍ ഖുര്‍ആന്‍ വായിക്കാറുണ്ട്, പരമ്പരാഗത മതവിശ്വാസികളായിരുന്നു ഞങ്ങളുടെ കുടുംബം. ഇസ്‌ലാം മത ചിട്ടകളില്‍ കൃത്യവും സ്പഷ്ടവുമായ കാഴ്ചപ്പാടുള്ള ആളായിരുന്നു എന്റെ പിതാവ് ജൈനുല്‍ ആബിദീന്‍. ഇളംപ്രായത്തിലേ പള്ളികളിലേക്കും മതപരമായ ചടങ്ങുകളിലേക്കും കൈപിടിച്ചു കൊണ്ടുപോയ ആ ഓര്‍മകള്‍ ഉള്‍പുളകം നല്‍കുന്നതാണ്. പിതാവിനെപ്പോലെ തന്നെ മാതാവും മതചിട്ടകളില്‍ അത്യുത്സുകയായിരുന്നു. പിതാവിന്റെ കൂടെ സായാഹ്നങ്ങളില്‍ പള്ളികളില്‍ പോകുമ്പോള്‍ കേള്‍ക്കാറുണ്ടായിരുന്ന അറബി പ്രാര്‍ഥനകള്‍; അത് കേള്‍ക്കുമ്പോള്‍ സ്വയം നാം ദൈവസന്നിധിയിലെത്തുന്നു എന്ന തോന്നല്‍ സമ്മാനിച്ചിട്ടുണ്ട്. പ്രാര്‍ഥന കഴിഞ്ഞ് പുറത്തിറങ്ങുന്ന പിതാവിന്റെ അടുത്തേക്ക് സമീപത്തെ നിരവധിയാളുകള്‍ ചെറിയ മൊന്തകളില്‍ വെള്ളം നിറച്ച് മന്ത്രിക്കാന്‍ വരുമായിരുന്നു. ഉപ്പ അതില്‍ ഒരു പ്രാര്‍ഥന ചൊല്ലി മന്ത്രിച്ചൂതും. അത് കഴിച്ച് രോഗശാന്തി ലഭിച്ച ചിലര്‍ നന്ദി പറയാനായി വീട്ടില്‍ വരാറുണ്ടായിരുന്നു. പിതാവിന്റെ മതനിഷ്ഠ തുടിക്കുന്ന ഒരു അനുഭവം പറയാം. തുമ്പയില്‍ സ്ഥാപിതമായ ഇക്വറ്റോറിയല്‍ റോക്കറ്റ് ലോഞ്ചിംഗ് സ്‌റ്റേഷനില്‍ 1962ല്‍ ഞാന്‍ നിയമിതനായി. എന്റെ വീഥിയിലെ ഏറ്റവും വലിയ നാഴികക്കല്ലായിരുന്നു ഇത്. താമസിയാതെ, സൗണ്ടിംഗ് റോക്കറ്റുകളെക്കുറിച്ച് പഠിക്കാനായി അമേരിക്കയിലെ നാസയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവരുടെ കൂട്ടത്തില്‍ എനിക്കും ഇടം കിട്ടി. ആറ് മാസത്തെ പരിശീലന പരിപാടിയാണിത്. വിദേശയാത്രക്ക് മുമ്പ് ജന്മദേശമായ രാമേശ്വരത്തെത്തി. എനിക്ക് ലഭിച്ച സൗഭാഗ്യം അറിഞ്ഞ് എന്റെ പിതാവ് എന്നെയും കൂട്ടി നേരെ സമീപത്തെ പള്ളിയിലേക്ക് പുറപ്പെട്ടു. കൃതജ്ഞതാ സൂചകമായി ദൈവത്തിന് മുമ്പില്‍ ഞങ്ങള്‍ നിസ്‌കാരത്തിലേര്‍പ്പെട്ടു. പിതാവിന്റെ ഇസ്‌ലാമിനോടുള്ള തീവ്രമായ അടുപ്പം ഞങ്ങളുടെ പ്രദേശത്തെ ഇസ്‌ലാമിക ചൈതന്യത്തിന്റെ വിളക്ക് കെടാതെ സൂക്ഷിക്കാന്‍ കാരണമായി. അതുകൊണ്ട് തന്നെ ഞാന്‍ ഇപ്പോഴും പ്രഭാത നിസ്‌കാരങ്ങള്‍ നിര്‍വഹിക്കാറുണ്ട്. നോമ്പനുഷ്ഠിക്കുന്നതും എന്റെ പതിവാണ്” എന്ന് ഡോ. കലാം തന്നെ പറഞ്ഞിട്ടുണ്ടല്ലോ എന്ന് മറുപടി പറയേണ്ടിവരുന്നു എന്നതാണ് ഇന്ത്യയിലെ ഒരു മുസ്‌ലിമിന്റെ ഗതികേട്. ഒരു ഹിന്ദു മത വിശ്വാസി മതേതരവാദിയാകാന്‍ അയാളുടെ മതാചാരങ്ങള്‍ മുഴുവന്‍ കൈയൊഴിയണമെന്നും, ഒരു മുസ്‌ലിം മതേതരവാദിയാകാന്‍ അയാളുടെ മതാചാരങ്ങള്‍ ഒന്നുപോലും മാറ്റിവെക്കാതെ വേണമെന്നും പറയുന്ന ഇത്തരക്കാരുടെ വിമര്‍ശങ്ങളുടെ വൈരുധ്യങ്ങളിലൂടെയാണ് ഫാസിസം വേരുകളാഴ്ത്തുന്നത്. കലാമിന്റെ മതത്തെയും മതേതരത്വത്തെയും ഹിന്ദു സംഘ പരിവാറിനു തീറെഴുതിക്കൊടുക്കാന്‍ ഈ വിമര്‍ശകര്‍ കാണിക്കുന്ന ധൃതി സംശായാസ്പദവും മുസ്‌ലിംകളുടെ ജീവിതത്തെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്താന്‍ മാത്രം ഉപകരിക്കുന്നതുമാണ്.
മതത്തെയും മതേതരത്വത്തെയും കുറിച്ചുള്ള ഈ വക വിമര്‍ശങ്ങളുടെ പരിമിതികളെ ഇന്ത്യന്‍ യഥാര്‍ഥ്യങ്ങളുമായി ബന്ധപ്പെടുത്തി മനസ്സിലാക്കാനും പ്രവര്‍ത്തിക്കാനും ഡോ. കലാമിന് കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടാണ് ഒരു പക്ഷേ, രാജ്യത്തുടനീളം, മറ്റു മത ജാതി വിഭാഗങ്ങളുമായി സൗഹൃദവും സംഭാഷണവും നടത്താന്‍ അദ്ദേഹത്തെ പോലെ സാധിച്ച മറ്റൊരു മുസ്‌ലിം വേറെ ഇല്ലാതെ പോയതും. ഡോ. സക്കീര്‍ ഹുസൈന്‍, ഡോ. ഫക്‌റുദ്ദീന്‍ അലി, ഡോ. ഹാമിദ് അന്‍സാരി എന്നിങ്ങനെ രാജ്യത്തിന്റെ ഉന്നത പദവികളിലേക്ക് എത്തിപ്പെടാന്‍ കഴിയുന്ന മുസ്‌ലിംകളുടെ വംശാവലി തകര്‍ച്ചയെ നേരിട്ടുകൊണ്ടിരിക്കുന്ന ഒരു കാലത്ത്, പ്രസിഡന്റെന്ന പദവി ആലങ്കാരികമായതു പോലെ, ആ പദവിയില്‍ ഒരു മുസ്‌ലിം എത്തുന്നതിലും വലിയ ആലങ്കാരികതയുണ്ട്. രാജ്യത്ത് എവിടെയൊക്കെ മുസ്‌ലിംകള്‍ പീഡിപ്പിക്കപ്പെടുന്നു എന്നറിയുന്നതു പോലെ പ്രധാനമാണ്, രാജ്യത്ത് അവര്‍ എവിടെയൊക്കെ നല്ല രീതിയില്‍ ജീവിക്കുന്നു, എവിടെയൊക്കെ അവര്‍ നല്ല രീതിയില്‍ പരിഗണിക്കപ്പെടുന്നു എന്ന അറിവും. ഇത് രണ്ടും അറിയുമ്പോഴേ അര്‍ഥവത്തായ നിലപാടെടുക്കാന്‍ കഴിയുകയുള്ളൂ. അല്ലാത്തപക്ഷം, മതപ്രഭാഷകനും രാഷ്ട്രീയ നേതാവും ആയ ഒരു മതപണ്ഡിതന്‍ ഈയിടെ ആത്മ വിമര്‍ശനപരമായും അല്‍പം സ്വയം പരിഹാസ്യത്തോടെയും പറഞ്ഞത് പോലെ, എന്റെ മക്കള്‍ക്ക് ഇസ്‌ലാമിന്റെ അടിസ്ഥാന പ്രമാണങ്ങള്‍ എന്താണെന്ന് അറിയില്ല എന്നേയുള്ളൂ, അവര്‍ക്ക് രാജ്യത്ത് മുസ്‌ലിംകള്‍ എവിടെയൊക്കെ പീഡിപ്പിക്കപ്പെടുന്നു എന്നതിനെ കുറിച്ചു നല്ല ധാരണയുണ്ട്” എന്ന് പറയേണ്ടിവരും.
ഡോ. കലാമിന്റെ മതകീയ നിലപാടുകളെയും മതേതര ജീവിതത്തെയും എതിര്‍ ചേരികളില്‍ നിര്‍ത്താന്‍ മത്സരിക്കുന്നവര്‍ ആത്യന്തികമായി ആരുടെ നിലപാടുകളെയാണ് ശക്തിപ്പെടുത്തുന്നത്? ഫാസിസത്തിനെതിരെയുള്ള പ്രതിരോധത്തിന് ഇത്തരം വിമര്‍ശകര്‍ കാണിക്കുന്ന ഒരേയൊരു വഴി മാത്രമേയുള്ളൂവെന്നും ആ വഴിയിലൂടെ സഞ്ചരിക്കാത്തവര്‍ എല്ലാം തന്നെ മറു ചേരിയിലുള്ളവര്‍ ആണെന്നുമാണോ? ഈ വിമര്‍ശകര്‍ ഉന്നയിക്കുകയും ആധാരമാക്കുകയും ചെയ്യുന്ന ചില സിദ്ധാന്തങ്ങളെ അടിസ്ഥാനമാക്കി മാത്രമേ ഒരു മുസ്‌ലിമിന് മതേതരവാദിയാകാന്‍ കഴിയൂ എന്നുണ്ടോ? തിരഞ്ഞെടുക്കപ്പെട്ട ഈ ചുരുക്കം സിദ്ധാന്തങ്ങള്‍ വെച്ചു ഭരണം നടത്തുകയും പൊതു സമൂഹത്തില്‍ ഇസ്‌ലാം പ്രാക്ടീസ് ചെയ്യുകയും ചെയ്തില്ല എന്നതാണോ ഇവര്‍ ഡോ. കലാമില്‍ കാണുന്ന കുറ്റം? ഇസ്‌ലാം മതം എന്നത് “പുരോഹിതന്മാര്‍” പറയുന്നത് പോലെയല്ല, ബഹുസ്വരമാണ്, ഓരോ കാലത്തും സമൂഹത്തിലും അതിനു വ്യത്യസ്ത ഭാവങ്ങളും സ്വഭാവങ്ങളും ഉണ്ടെന്നു പറയുന്നവര തന്നെയാണ് മതേതരത്വത്തെ ഇങ്ങനെ ഏക ശിലാത്മകമായി പ്രതിഷ്ഠിക്കുന്നത് എന്നതാണ് വലിയ വൈരുധ്യം. എന്തുകൊണ്ടാണ് മതേതരത്വത്തിന്റെ കാര്യത്തില്‍ ഇക്കൂട്ടര്‍ക്ക് ഒരു ബഹുസ്വര നിലപാടെടുക്കാന്‍ കഴിയാത്തത്? ഇവരെ സംബന്ധിച്ചിടത്തോളം മതം ബഹുസ്വരമാകുന്നത് പോലെ, മതേതരത്വത്തിനും ബഹുസ്വരമാകാന്‍ കഴിയില്ലേ? ഒരാള്‍ക്ക് പല വിധത്തില്‍ മുസ്‌ലിമാകാന്‍ കഴിയുമെന്ന ഇക്കൂട്ടരുടെ വാദം, വാദത്തിനു വേണ്ടി സമ്മതിക്കുകയാണെങ്കില്‍ ഒരാള്‍ക്ക് പല രീതിയില്‍ മതേതരവാദിയാകാനും കഴിയേണ്ടതല്ലേ? അതിനു പകരം, ഡോ. കലാമിന്റെ മതേതര നിലപാടുകളുടെ പേരില്‍ അദ്ദേഹത്തെ മതത്തിന് പുറത്തുനിര്‍ത്താന്‍ മത്സരിക്കുന്നവര്‍ ആരുടെ കൂട്ടുകാരാണ്?
ശാസ്ത്രകാരന്‍ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ കഴിവുകളേയും സംഭാവനകളേയും വിലയിരുത്തേണ്ടത് ശാസ്ത്രസമൂഹമാണ്. അതെക്കുറിച്ചുള്ള തര്‍ക്കവിതര്‍ക്കങ്ങള്‍ പലപ്പോഴും നടന്നിട്ടുമുണ്ട്. നമ്പി നാരായണനെ പോലെയുള്ള മികച്ച ഒരു ശാസ്ത്രജ്ഞനെ കുരുതികൊടുത്തവര്‍ തന്നെയാണ് അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകന്‍ ആയിരുന്ന ഡോ. കലാമിനെ മിസൈല്‍മാനായി ആഘോഷിക്കുന്നതും. രാജ്യങ്ങള്‍ക്കിടയിലെ ശത്രുതയെയും ആയുധ മത്സരത്തെയും ശക്തിപ്പെടുത്തുന്നതില്‍ പങ്കുവഹിച്ച ആള്‍ എന്നൊക്കെയുള്ള വിമര്‍ശങ്ങളും ചിലര്‍ ഡോ. കലാമിന് നേരെ ഉയര്‍ത്തുകയുണ്ടായി. ഡോ. ഐന്‍സ്റ്റീനെ പോലുള്ള ഒരു ശാസ്ത്രജ്ഞന് പോലും ആണവായുധങ്ങളുടെ നിര്‍മാണത്തെ സഹായിക്കുന്ന കണ്ടുപിടിത്തങ്ങളില്‍ നിന്നും മാറിനില്‍ക്കാന്‍ കഴിഞ്ഞിട്ടില്ല. 21-ാം നൂറ്റാണ്ടിലെ സാമൂഹിക സാഹചര്യങ്ങള്‍ തന്നെയാണ് അക്കാലത്തെ ശാസ്ത്രത്തെയും രൂപപ്പെടുത്തുന്നത്. അതില്‍ നിന്നും ഒരു കലാം മാത്രം മാറിനില്‍ക്കണമെന്ന് പറയാന്‍ നമുക്ക് കഴിയുമോ? ഈ വിമര്‍ശങ്ങള്‍ ഉന്നയിക്കുന്നവര്‍ ജോലി ചെയ്യുന്ന മേഖലകളില്‍ ഇവരൊക്കെ എത്രമാത്രം സ്വയം മാറ്റത്തിനുള്ള സാധ്യതകള്‍ ആരായുകയും കണ്ടെത്തുകയും ചെയ്യുന്നുണ്ട്?
എന്തായിരുന്നു ഡോ. കലാമിന്റെ സാമൂഹിക ദൗത്യം? സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍, പ്രത്യേകിച്ചും അവരുടെ ജീവിതം കൂടുതല്‍ ദുരിതപൂര്‍ണമായ കഴിഞ്ഞ രണ്ട് ദശാബ്ദത്തിനിടയില്‍ രാജ്യത്തെ മുസ്‌ലിംകളുടെ ജീവിതത്തെ ഇത്രയും പ്രതീക്ഷാനിര്‍ഭരമാക്കിയ വേറൊരാള്‍ ഇല്ല തന്നെ. നേരിട്ടോ അല്ലാതെയോ കലാം താന്‍ ജനിച്ചുവളര്‍ന്ന സമുദായത്തോട് സംസാരിച്ചിട്ടുണ്ട്. അതും മറ്റാരും സംസാരിക്കാത്ത വിധം സൗമ്യതയോടെയും പ്രതീക്ഷയോടെയും. ഡോ. കലാമിനെ പോലെയുള്ള മതേതരവാദിയായ ഒരു മുസ്‌ലിം വിശ്വാസിക്ക് നിര്‍വഹിക്കാനുണ്ടായിരുന്ന സാമൂഹിക ദൗത്യവും അതായിരിക്കണം.

Latest