Connect with us

Articles

മലയാളിയായി ജീവിച്ച ശാസ്ത്രജ്ഞന്‍

Published

|

Last Updated

ഇന്ത്യന്‍ യുവത്വത്തിന് ആകാശത്തോളം സ്വപ്‌നം കാണാന്‍ പ്രചോദനമേകിയ മഹാപ്രതിഭയായിരുന്നു ഡോ. അബ്ദുല്‍ കലാം. വളരെ പാവപ്പെട്ട കുടുംബത്തില്‍ ജനിച്ച് സ്വപ്രയത്‌നത്താല്‍ ഇന്ത്യയുടെ രാഷ്ട്രപതിയായി തീര്‍ന്ന അദ്ദേഹത്തിന്റെ ജീവിതം എല്ലാവര്‍ക്കും പ്രചോദനം നല്‍കുന്നതാണ്.
അന്തര്‍ദേശീയ തലത്തില്‍ ആദരവും അംഗീകാരവും നേടീയ ശാസ്ത്ര പ്രതിഭയായിരുന്നു അദ്ദേഹം. എന്നും എപ്പോഴും ജനങ്ങള്‍ക്കൊപ്പം സഞ്ചരിച്ചു. ഔദ്യോഗിക സ്ഥാനങ്ങള്‍ വഹിച്ചപ്പോഴും അതില്‍ നിന്നും ഒഴിഞ്ഞപ്പോഴും എവിടെ ചെന്നാലും അദ്ദേഹം വിദ്യാര്‍ഥികളുമായും യുവാക്കളുമായും സംവാദത്തിലേര്‍പ്പെടാന്‍ സമയം കണ്ടിരുന്നു. അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍ എല്ലാവരേയും പ്രചോദിപ്പിക്കുന്നതായിരുന്നു. രാഷ്ട്രപതി സ്ഥാനമൊഴിഞ്ഞ ശേഷം അഹമ്മദാബാദ്, ഷില്ലോംഗ്, ഇന്‍ഡോര്‍ ഐ ഐ എമ്മുകളിലും ബംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സസിലും അധ്യാപകനായിരുന്നു. തിരുവനന്തപുരത്തെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്‌പേസ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയുടെ ചാന്‍സലറായിരുന്നു.
ലാളിത്യമായിരുന്നു കലാമിന്റെ ജീവിതത്തിലെ മുഖമുദ്ര. അറിവിന്റെ ഉപാസകനായ സ്വപ്‌നദര്‍ശിയായിരുന്നു അദ്ദേഹം. ശാസ്ത്രജ്ഞന്റെ ബഹിരാകാശ സ്വപ്‌നങ്ങള്‍ മാത്രമല്ല പുരോഗതിയുടെ ആകാശത്തേക്ക് കുതിക്കുന്ന സ്വരാജ്യത്തെക്കുറിച്ചുള്ള സ്വപ്‌നങ്ങളും അദ്ദേഹം സൃഷ്ടിച്ചു. വളരെ വ്യത്യസ്തനായ രാഷ്ട്രപതിയായിരുന്ന അദ്ദേഹം.
കേരളവുമായി അടുത്ത ബന്ധമായിരുന്നു അബ്ദുല്‍ കലാമിന്. നമുക്ക് അദ്ദേഹം രാഷ്ട്രപതി മാത്രം ആയിരുന്നില്ല. രണ്ട് പതിറ്റാണ്ടോളം തിരുവനന്തപുരം നഗരത്തില്‍ അദ്ദേഹം താമസിച്ചു. 1963ല്‍ തുമ്പയില്‍ എത്തിയ അദ്ദേഹം, മലയാളിയായി തന്നെയാണ് ജീവിച്ചത്. കേരളവുമായുള്ള ബന്ധം എപ്പോഴും തുടര്‍ന്നിരുന്ന അദ്ദേഹം പലപ്പോഴും ഇവിടെ സന്ദര്‍ശനത്തിനെത്താറുണ്ടായിരുന്നു.
നിയമസഭാ വളപ്പില്‍ 10 വര്‍ഷം മുമ്പ് എ പി ജെ അബ്ദുല്‍ കലാം നട്ട ചെമ്പകമരം ഇപ്പോഴും സൗരഭ്യം പരത്തുന്ന പൂക്കളുമായി വളര്‍ന്നു നില്‍ക്കുന്നു. ആകസ്മികമായിരുന്നു അബ്ദുല്‍ കലാമിന്റെ നിയമസഭാ സന്ദര്‍ശനം. 2005 ജൂലൈ 28നായിരുന്നു അദ്ദേഹം സഭയില്‍ പ്രസംഗിക്കാനെത്തിയത്. അന്ന് അദ്ദേഹം സഭയില്‍ നമ്മുടെ വളര്‍ച്ചക്കുതകുന്ന അനേകം പദ്ധതികള്‍ അവതരിപ്പിച്ചു.

---- facebook comment plugin here -----

Latest