Connect with us

National

യാക്കൂബ് മേമന്റെ വധശിക്ഷ: സുപ്രീം കോടതി ബഞ്ചില്‍ ഭിന്നത

Published

|

Last Updated

ന്യൂഡല്‍ഹി: 1993ലെ മുംബൈ സ്‌ഫോടനക്കേസില്‍ തനിക്കെതിരായ വധശിക്ഷ സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് യാക്കൂബ് മേമന്‍ നല്‍കിയ ഹരജി വിപുലമായ ബഞ്ചിന്റെ പരിഗണനക്ക് വിടാന്‍ സുപ്രീം കോടതി തീരുമാനിച്ചു. മേമന്റെ ഹരജി പരിഗണിച്ച രണ്ടംഗ ബഞ്ച് വ്യത്യസ്ത അഭിപ്രായം രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് കേസ് വിപുലമായ ബഞ്ചിന് വിട്ടത്. നാളെ നടപ്പാക്കാന്‍ നിശ്ചയിച്ച വധശിക്ഷാ വാറണ്ട് റദ്ദാക്കണമെന്നാണ് യാക്കൂബ് ആവശ്യപ്പെട്ടത്.
രണ്ടംഗ ബഞ്ചില്‍ ജസ്റ്റിസ് കുര്യന്‍ ജോസഫ് വധശിക്ഷ സ്റ്റേ ചെയ്യണമെന്ന് തീരുമാനമെടുത്തപ്പോള്‍ ജസ്റ്റിസ് അനില്‍ ആര്‍ ദാവേ, യാക്കൂബ് മേമന്റെ ഹരജി തള്ളുകയായിരുന്നു. തനിക്കെതിരായ മരണ വാറണ്ട് നിയമവിരുദ്ധവും നടപടിക്രമം ലംഘിച്ചുള്ളതുമാണെന്ന് ചൂണ്ടിക്കാണിച്ചാണ് യാക്കൂബ് മേമന്‍ മഹാരാഷ്ട്ര ഗവര്‍ണര്‍ വഴി സുപ്രീം കോടതിയില്‍ ഹരജി നല്‍കിയത്. ഹരജി പരിഗണിച്ച ബഞ്ചില്‍ അഭിപ്രായവ്യത്യാസമുയര്‍ന്നതോടെ ഇക്കാര്യത്തില്‍ ചീഫ് ജസ്റ്റിസ് എച്ച് എല്‍ ദത്തു തീരുമാനമെടുക്കണമെന്ന് അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്തഗി ആവശ്യപ്പെടുകയായിരുന്നു.
ഇക്കാര്യം അംഗീകരിച്ച ചീഫ് ജസ്റ്റിസ്, വിപുലമായ ബഞ്ച് രൂപവത്കരിക്കുമെന്ന് അറിയിച്ചു. മുതിര്‍ന്ന അഭിഭാഷകന്‍ രാജു രാമചന്ദ്രനാണ് യാക്കൂബ് മേമന് വേണ്ടി ഹാജരായത്.
യാക്കൂബ് മേമന്‍ സമര്‍പ്പിച്ച തിരുത്തല്‍ ഹരജി (ക്യുറേറ്റീവ് പെറ്റീഷന്‍) പരിഗണിക്കാനായി രൂപവത്കരിച്ച ബഞ്ച് ചട്ടങ്ങള്‍ പാലിച്ചുള്ളതായിരുന്നില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് ജസ്റ്റിസ് കുര്യന്‍ ജോസഫ് അറസ്റ്റ് വാറണ്ട് റദ്ദാക്കണമെന്ന് തീരുമാനമെടുത്തത്. എന്നാല്‍, വാറണ്ട് സ്റ്റേ ചെയ്യുന്നതിനോട് തനിക്ക് യോജിക്കാനാകില്ലെന്നും ചീഫ് ജസ്റ്റിസ് തീരുമാനിക്കട്ടെയെന്നും ജസ്റ്റിസ് ദാവേ വ്യക്തമാക്കി. മനുസ്മൃതിയിലെ ഒരു ഭാഗം അദ്ദേഹം ഉദ്ധരിക്കുകയും ചെയ്തു. തെറ്റുതിരുത്തല്‍ ഹരജി പരിഗണിച്ചതില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന നിലപാടില്‍ ജസ്റ്റിസ് കുര്യന്‍ ജോസഫ് ഉറച്ചുനിന്നു. ഒരു വ്യക്തിയുടെ ജീവന്റെ പ്രശ്‌നമാണിത്. അതുകൊണ്ട് ഈ വീഴ്ചകള്‍ പരിഹരിക്കണം. വ്യക്തിയുടെ ജീവനുള്ള അവകാശം ഉറപ്പാക്കുന്ന ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 അദ്ദേഹം ഉദ്ധരിച്ചു. ഈ അവകാശം നിഷേധിക്കുമ്പോള്‍ ചട്ടങ്ങള്‍ പൂര്‍ണമായി പാലിക്കണം. ഏപ്രില്‍ ഒമ്പതിന് പുനഃപരിശോധനാ ഹരജി പരിഗണിച്ചത് താനും ജസ്റ്റിസ് ആര്‍ ദാവെയും ജസ്റ്റിസ് ചെലമേശ്വറും ഉള്‍പ്പെട്ട ബഞ്ചായിരുന്നു. എന്നാല്‍, തിരുത്തല്‍ ഹരജി പരിഗണിച്ചപ്പോള്‍ ദാവേ മാത്രമാണ് ഉണ്ടായത്. തന്നെയും ജസ്റ്റിസ് ചെലമേശ്വറെയും ഉള്‍പ്പെടുത്തിയില്ല. ഇത് ചട്ടലംഘനമാണ്. അതുകൊണ്ട്, സുപ്രീം കോടതിയുടെ ചട്ടങ്ങള്‍ കൃത്യമായി പാലിച്ചുകൊണ്ട് പുതിയ ബഞ്ച് രൂപവത്കരിച്ച് ഹരജി വീണ്ടും പരിഗണിക്കണമെന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫ് ആവശ്യപ്പെട്ടു. കേസ് ഇന്ന് വീണ്ടും പരിഗണിക്കുമെന്നാണ് അറിയുന്നത്.
തന്റെ തിരുത്തല്‍ ഹരജിയില്‍ ഈ മാസം 22ന് തീരുമാനമെടുക്കും മുമ്പ് മരണ വാറണ്ട് പുറപ്പെടുവിച്ചത് നടപടിക്രമങ്ങളുടെ ലംഘനമാണെന്ന് മേമന്‍ അപേക്ഷയില്‍ ചൂണ്ടിക്കാണിച്ചിരുന്നു. ഏപ്രില്‍ മുപ്പതിന് മരണ വാറണ്ട് തയ്യാറാക്കി രഹസ്യമാക്കി വെച്ച ശേഷം ജൂലൈ പതിമൂന്നിനാണ് മേമനെ വിവരമറിയിച്ചതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചിരുന്നു. യാക്കൂബിന്റെ വധശിക്ഷ ഇളവ് ചെയ്യണമെന്നാവശ്യപ്പെട്ട് പ്രമുഖര്‍ രാഷ്ട്രപതിക്ക് നിവേദനം നല്‍കിയിരുന്നു. ബി ജെ പി. എം പി ശത്രുഘ്‌നന്‍ സിന്‍ഹ, എം പിമാരായ മണിശങ്കര്‍ അയ്യര്‍ (കോണ്‍ഗ്രസ്), മജാദ് മേമന്‍ (എന്‍ സി പി), സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സി പി ഐ നേതാവ് ഡി രാജ, വിരമിച്ച ജസ്റ്റിസുമാരായ പനാചന്ദ് ജെയിന്‍, എച്ച് എസ് ബേഡി, എച്ച് സുരേഷ്, കെ പി ശിവസുബ്രഹ്മണ്യം, പ്രമുഖ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍, നടന്‍ നസിറുദ്ദീന്‍ ഷാ തുടങ്ങിയവരാണ് നിവേദനത്തില്‍ ഒപ്പ് വെച്ചിട്ടുള്ളത്.
257 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തില്‍ 2007 ജൂലൈ 27നാണ് മുംബൈയിലെ പ്രത്യേക ടാഡ കോടതി യാക്കൂബ് മേമന് വധശിക്ഷ വിധിച്ചത്. വിധി സുപ്രീം കോടതി ശരിവെക്കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് സമര്‍പ്പിച്ച ദയാ ഹരജി കഴിഞ്ഞ ഏപ്രിലിലാണ് രാഷ്ട്രപതി പ്രണാബ് മുഖര്‍ജി തള്ളിയത്. വധശിക്ഷ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മേമന്‍ സമര്‍പ്പിച്ച ഹരജി 2015 ഏപ്രില്‍ ഒമ്പതിന് സുപ്രീം കോടതി തള്ളിയിരുന്നു.

 

Latest