മേപ്പാടി-കല്‍പ്പറ്റ റോഡ് 15 ദിവസത്തിനകം നന്നാക്കുമെന്ന്

Posted on: July 28, 2015 9:30 am | Last updated: July 28, 2015 at 9:30 am
SHARE

കല്‍പ്പറ്റ::റോഡ് അറ്റകുറ്റപ്പണി ഉടന്‍ നടത്തുമെന്ന ഉറപ്പ് ലംഘിച്ച പി ഡബ്ല്യൂ ഡി നടപടിയില്‍ പ്രതിഷേധിച്ച് ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ അസിസ്റ്റന്റ് എന്‍ജിനീയറെ തടഞ്ഞുവെച്ചു.
അറ്റകുറ്റപ്പണി നടക്കാത്തതിനാല്‍ പൂര്‍ണമായും തകര്‍ന്ന കല്‍പ്പറ്റ-മേപ്പാടി റോഡ് നന്നാക്കുമെന്ന ഉറപ്പ് ലംഘിച്ചതില്‍ പ്രതിഷേധിച്ച് പിഡ ബ്ല്യൂഡി കല്‍പ്പറ്റ റോഡ്‌സ് ഡിവിഷന്‍ എന്‍ജിനീയര്‍ ശിവശങ്കരനെയാണ് ഓഫീസില്‍ തടഞ്ഞുവെച്ചത്. ഡി വൈ എഫ്‌ഐ മേപ്പാടി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സമരം സംഘടിപ്പിച്ചത്.
കല്‍പ്പറ്റ പൊലീസിന്റെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ 15 ദിവസത്തിനകം റോഡ്പണി ആരംഭിക്കുമെന്ന് രേഖാമൂലം ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് ഉപരോധം അവസാനിപ്പിച്ചത്. കല്‍പ്പറ്റ-മേപ്പാടി റോഡും മേപ്പാടി പഞ്ചായത്തിലെ തകര്‍ന്ന മറ്റ് ഗ്രാമീണ റോഡുകളും ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് ജൂലൈ 13ന് ഡിവൈഎഫ്‌ഐ നേതൃത്വത്തില്‍ മേപ്പാടിയില്‍ റോഡ് ഉപരോധിച്ചിരുന്നു. തുടര്‍ന്ന് നടന്ന ചര്‍ച്ചയിലെ തീരുമാനങ്ങള്‍ നടപ്പാക്കാത്ത സാഹചര്യത്തിലാണ് യുവാക്കള്‍ എന്‍ജിനീയറെ തടഞ്ഞുവെച്ചത്. കല്‍പ്പറ്റ സ്‌റ്റേഷനിലെ എസ് ഐമാരായ ജെയിംസ്, ഉബൈദ് എന്നിവരുടെ നേതൃത്വത്തിലെത്തിയ പൊലീസ് സംഘം പൊതുമരാമത്ത് വകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരുമായി സംസാരിച്ച ശേഷമാണ് 15 ദിവസത്തിനകം റോഡ് അറ്റകുറ്റപ്പണി നടത്തുമെന്ന് രേഖാമൂലം ഉറപ്പ് നല്‍കിയത്.
കല്‍പ്പറ്റ-മേപ്പാടി റോഡില്‍ കോട്ടവയല്‍ മുതല്‍ കാപ്പംകൊല്ലി വരെയുള്ള നാല് കിലോമീറ്റര്‍ ഭാഗമാണ് പൂര്‍ണമായും തകര്‍ന്നത്. വയല്‍പ്രദേശമായ ഇവിടെ മഴക്കാലമായതോടെ വന്‍ കുഴികള്‍ രൂപപ്പെട്ടു. വാഹനങ്ങള്‍ കുഴികളില്‍ താഴ്ന്നുപോവുന്നതും നിത്യസംഭവമായി. ഇതോടെ കാറുകള്‍ ഉള്‍പ്പെടെയുള്ള ചെറിയ വാഹനങ്ങള്‍ കല്‍പ്പറ്റയില്‍നിന്നും ചുണ്ടേല്‍ വഴി പത്തു കിലോമീറ്റര്‍ ചുറ്റിയാണ് മേപ്പാടിയിലേക്ക് പോവുന്നത്. റോഡരികിലെ ഡ്രെയിനേജുകള്‍ തകര്‍ന്നതോടെ മഴവെള്ളം ഒലിച്ചുപോവാതെ കെട്ടിക്കിടക്കുകയാണ്. മുപ്പതോളം സ്വകാര്യ-സര്‍കാര്‍ ബസുകള്‍ സര്‍വീസ് നടത്തുന്ന റൂട്ടാണിത്.
സമയത്തിന് സര്‍വീസ് നടത്താന്‍ കഴിയാത്തതിനാല്‍ ട്രിപ്പ് മുടങ്ങുന്ന അവസ്ഥയുമുണ്ട്. മറ്റ് ജില്ലകളില്‍നിന്ന് മേപ്പാടി വഴിയുള്ള ദീര്‍ഘദൂര ബസ്സുകളില്‍ പലതും കല്‍പ്പറ്റയില്‍ സര്‍വീസ് അവസാനിപ്പിക്കുകയാണിപ്പോള്‍. ഈ വഴിയുള്ള സര്‍വീസുകള്‍ നിര്‍ത്താനൊരുങ്ങുകയാണ് സ്വകാര്യ ബസുകള്‍. റോഡില്‍ വാഴനട്ടും ഗതാഗതം ഉപരോധിച്ചും നാട്ടുകാര്‍ നടത്തിയ സമരങ്ങളൊന്നും ഇതുവരെ ഫലം കണ്ടില്ല. ഇതേ തുടര്‍ന്നാണ് ഡി വൈ എഫ് ഐ സമരരംഗത്തെത്തിയത്.