‘രോഹിണി’ കുതിച്ചുയര്‍ന്നപ്പോള്‍ കാര്‍മികന്റെ റോളില്‍ കലാം

Posted on: July 28, 2015 12:34 am | Last updated: July 28, 2015 at 12:34 am
SHARE

kalam1തിരുവനന്തപുരം: എസ് എല്‍ വി എന്ന വിക്ഷേപിണിയിലൂടെ 40 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിലെത്തിയപ്പോള്‍ മുഖ്യകാര്‍മികന്റെ റോളില്‍ കലാമായിരുന്നു. ഐ എസ് ആര്‍ ഒ ജീവിതത്തെക്കുറിച്ച് പറയുമ്പോഴെല്ലാം കലാമിന് നൂറ് നാവായിരുന്നു.
ഒന്നുമില്ലായ്മയില്‍ നിന്നാണ് 40 ഗ്രാം മാത്രം ഭാരമുള്ള രോഹിണിയെന്ന ഉപഗ്രഹം കലാം വിഭാവനം ചെയ്യുന്നത്. 1980 കളില്‍ വികസിപ്പിച്ചെടുത്ത 1200 കി ഗ്രാം ഭാരമുള്ള ഉപഗ്രഹ വിക്ഷേപണ ശേഷിയുള്ള പി എസ് എല്‍ വി 90കളിലെ ജി എസ് എല്‍ വി എന്നിവ വികസിപ്പിച്ചെടുത്തത് എത്രത്തോളം ആയാസകരമായിരുന്നുവെന്നോ അതിലും ദുഷ്‌കരമായിരുന്നു 70കളിലെ എസ് എല്‍ വി എന്ന ഉപഗ്രഹത്തിന്റെ സ്വപ്‌ന സാക്ഷാത്കാരമെന്ന് കലാം തന്നെ പിന്നീട് പറഞ്ഞിട്ടുണ്ട്.
എസ് എല്‍ വി ഒന്നാം ഘട്ടത്തിന് ഒരു മീറ്റര്‍ വ്യാസവും ഉള്ളില്‍ പത്തു ടണ്‍ ഖര ഇന്ധനവുമായിരുന്നു. ഇതിനെക്കാള്‍ ചെറുതെങ്കിലും ശേഷിക്കുന്ന മൂന്നു ഘട്ടങ്ങളും കനത്ത വെല്ലുവിളി നിറഞ്ഞതായിരുന്നു. ഇതിലേക്കായി ഇന്ധനം വികസിപ്പിച്ച് ആവശ്യമായ അളവില്‍ ഉത്പാദിപ്പിക്കുക, ഇന്ധനത്തെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ശക്തിയേറിയ സ്റ്റീല്‍ കവചങ്ങള്‍ നിര്‍മിക്കുക എന്നിവ മുഖ്യ വൈതരണികളായിരുന്നു.
കവചങ്ങള്‍ നിര്‍മിക്കുന്നതിനായി ഐ എസ് ആര്‍ ഒ അന്നു മുതല്‍ക്കാണ് വ്യവസായ സ്ഥാപനങ്ങളെ സമീപിച്ചത്.
റോക്കറ്റിന്റെ കവചങ്ങളെ ശരിയായ രീതിയില്‍ സംയോജിപ്പിക്കുക, കത്തിത്തീരുന്ന മുറക്ക് ഉപയോഗശൂന്യമായ റോക്കറ്റിന്റെ ഘട്ടങ്ങളെ വേര്‍പ്പെടുത്തുക. നിര്‍ദിഷ്ട പഥത്തിലൂടെ ഗതി നിയന്ത്രണ സംവിധാനങ്ങളുപയോഗിച്ച് ഉപഗ്രഹ വാഹനത്തെ നയിക്കുക, വാഹനത്തിന്റെ പ്രയാണത്തെ ഭൂമിയില്‍ നിന്ന് റഡാറുകളും മറ്റുമുപയോഗിച്ച് നിരീക്ഷിക്കുക ഇവയെല്ലാം കഠിന പ്രയത്‌നത്തിലുടെ രാജ്യത്തിന് എത്തിപ്പിടിക്കാനായത് കലാമിന്റെ വൈദഗ്ധ്യത്തിലൂടെയാണ്.