എപിജെ അബ്ദുല്‍ കലാമിന് രാജ്യത്തിന്റെ അന്ത്യാഞ്ജലി

Posted on: July 28, 2015 9:38 am | Last updated: July 29, 2015 at 6:20 pm
SHARE

KALA

ന്യൂഡല്‍ഹി: മുന്‍ രാഷ്ട്രപതിയും ശാസ്ത്രജ്ഞനുമായ എ പി ജെ അബ്ദുള്‍ കലാമിന് രാജ്യത്തിന്റെ അന്ത്യാഞ്ജലി. മൃതദേഹം ഇന്ന് ഉച്ചയോടെ ഡല്‍ഹിയിലെത്തിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി ഡല്‍ഹി വിമാനത്താവളത്തില്‍ എത്തി മൃതദേഹം ഏറ്റുവാങ്ങും. രാജ്യത്ത് ഏഴ് ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ജന്മനാടായ രാമേശ്വരത്ത് നാളെയാണ് സംസ്‌കാരം.
തിങ്കളാഴ്ച വൈകിട്ട് ഏഴുമണിയോടെ മേഘാലയയിലെ ഷില്ലോങ്ങില്‍ ഐ.ഐ.എം. സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവെ ഹൃദയാഘാതത്തെത്തുടര്‍ന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍തന്നെ സ്വകാര്യ ആസ്പത്രിയില്‍ തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രാത്രി ഒമ്പതുമണിയോടെയാണ് മരണം സ്ഥിരീകരിച്ചത്.
ഇന്ത്യയുടെ മിസൈല്‍ മാന്‍ വിടപറഞ്ഞപ്പോള്‍ പ്രമുഖര്‍ അനുശോചിച്ചു. ജനങ്ങളുടെ രാഷ്ട്രപതിയായിരുന്നു കലാം; മരണശേഷവും അങ്ങനെ തുടരുമെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി. കലാം മാര്‍ഗ്ഗദര്‍ശിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി . നികത്താനാകാത്ത നഷ്ടമെന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞു.

1931 ഒക്ടോബര്‍ 15ന് തമിഴ്‌നാട്ടിലെ രാമേശ്വരത്ത് ഒരു ഇടത്തരം കുടുംബത്തില്‍ ജൈനുല്‍ ആബ്ദീന്റേയും, ആഷിയമ്മയുടേയും മകനായാണ് എ പി ജെ അബ്ദുല്‍ കലാം ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവിന് യാത്രക്കുള്ള ബോട്ടുകള്‍ വാടകക്ക് കൊടുക്കുന്ന തൊഴിലാണ് ചെയ്തിരുന്നത്. രാമേശ്വരത്തെ ഹൈന്ദവ മത നേതാക്കളുമായും സ്‌കൂള്‍ അധ്യാപകരുമായും മറ്റും അദ്ദേഹം ഊഷ്മളയായ സൗഹൃദം കാത്തുസൂക്ഷിച്ചിരുന്നു.

സാമിയാര്‍ സ്‌കൂളില്‍ നിന്നും പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം 1950ല്‍ തിരുച്ചിറപ്പള്ളി സെന്റ് ജോസഫ്‌സ് കേളേജില്‍ നിന്ന് ബിരുദവും തുടര്‍ന്ന് മദ്രാസ് ഇന്‍സ്റ്റിറ്റിയൂട്ട് ഒഫ് ടെക്‌നോളജിയില്‍ നിന്ന് എയറനോട്ടിക്കല്‍ എന്‍ജിനീയറിങ്ങില്‍ മാസ്റ്റര്‍ ബിരുദവും നേടി. അതിനു ശേഷം, 1958ല്‍ ബംഗലൂരുവിലെ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡില്‍ (എച്ച് എ എല്‍) പരിശീലന വിദ്യാര്‍ഥിയായി പ്രവേശിച്ച കലാം വിവിധ തരത്തിലുള്ള പിസ്റ്റണുകള്‍, ടര്‍ബൈന്‍ എന്‍ജിനുകള്‍ തുടങ്ങിയവയെക്കുറിച്ച് അതിവിദഗ്ധമായ ശാസ്ത്രീയ പഠനങ്ങളും വിശകലനങ്ങളും നടത്തി. ഇക്കാലത്തുതന്നെ ഇദ്ദേഹം ഒരു ഹോവര്‍ ക്രാഫ്റ്റ് നിര്‍മിക്കുന്നതിന് നേതൃത്വം നല്‍കുകയുണ്ടായി.

എച്ച് എ എല്ലില്‍ പരിശീലനകാലം അവസാനിപ്പിച്ച് 1962ല്‍ കലാം മുംബൈയിലെ ഇന്ത്യന്‍ കമ്മിറ്റി ഫോര്‍ സ്‌പെയ്‌സ് റിസര്‍ച്ചില്‍ പ്രവര്‍ത്തിച്ചു. തുടര്‍ന്ന്, ആ വര്‍ഷം തന്നെ തുമ്പയിലെ ഇക്വറ്റോറിയല്‍ റോക്കറ്റ് ലോഞ്ചിങ് സ്‌റ്റേഷനിലും ഇദ്ദേഹം സേവനമനുഷ്ഠിച്ചു. അതിനിടെ നാസയില്‍ ആറുമാസത്തെ പരിശീലനത്തിന് അവസരം ലഭിച്ചു. ഈ കാലയളവില്‍ നാസ്‌ക്ക് കീഴിലുള്ള ലാങ്‌ലി റിസര്‍ച്ച് സെന്ററിലും ഗൊദാര്‍ദ് സ്‌പെയ്‌സ് ഫ്‌ളൈറ്റ് സെന്ററിലുമാണ് കലാം പ്രവര്‍ത്തിച്ചത്.

നിരവധി പുരസ്‌കാരങ്ങളും അംഗീകാരങ്ങളും കലാമിനെ തേടിയെത്തിയിട്ടുണ്ട്. ഇന്ത്യയുടെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്‌ന്ക്കു (1997) പുറമേ പദ്മഭൂഷണും (1981) പദ്മവിഭൂഷണും (1990) ഇദ്ദേഹത്തിന് ലഭിക്കുകയുണ്ടായി. ലോകമെമ്പാടുമുള്ള നിരവിധി സര്‍വകലാശാലകള്‍ കലാമിനെ ഡോക്ടറേറ്റ് നല്‍കി ആദരിച്ചിട്ടുണ്ട്.

ഇന്ത്യ 2020: എ വിഷന്‍ ഫോര്‍ ദി ന്യൂ മില്ലേനിയം, വിങ്‌സ് ഒഫ് ഫയര്‍ (ആത്മകഥ), മൈ ജേര്‍ണി, ഇഗ്‌നൈറ്റഡ് മൈന്‍ഡ്‌സ് തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രധാന പുസ്തകങ്ങള്‍.