Connect with us

Kerala

നിലവിളക്ക് വിവാദം: ശക്തമായ നിലപാടുമായി ഇ ടി

Published

|

Last Updated

കോഴിക്കോട്: നിലവിളക്ക് വിവാദത്തില്‍ ശക്തമായ നിലപാടുമായി വീണ്ടും ഇ ടി മുഹമ്മദ് ബഷീര്‍ എം പി. ലീഗ് സ്ഥാപകനായ ഖാഇദേ മില്ലത്ത് മുഹമ്മദ് ഇസ്മാഈല്‍ സാഹിബ് മുതല്‍ അവസാനം മരിച്ചു പോയ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ വരെ നിലവിളക്ക് കൊളുത്തുന്നതിന് എതിരായിരുന്നു. എന്നാല്‍ ഇവരെയെല്ലാം സമൂഹം നല്ല മതേതര വാദികള്‍ തന്നെയായണ് പരിഗണിച്ചതെന്നും ഇ ടി തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ എഴുതിയ കുറിപ്പില്‍ പറയുന്നു.

ലീഗ് സംസ്ഥാന കമ്മിറ്റി കൂടിയല്ല നിലവിളക്ക് കൊളുത്തണോ എന്ന് തീരുമാനിക്കേണ്ടത്.
നിലവിളക്ക് കത്തിക്കുന്നത് വിശ്വാസവുമായി ബന്ധപ്പെട്ട വിഷയമാണ്. അതുകൊണ്ടു തന്നെ നിലപാട് പറയേണ്ടത് മതപണ്ഡിതന്‍മാരാണ്. കേരളത്തിലെ ഒരു ആധികാരിക പണ്ഡിതസഭയും നിലവിളക്ക് കൊളുത്തലിനെ അംഗീകരിക്കുന്നില്ല. ആ നിലപാടാണ് ലീഗ് സ്വീകരിക്കുന്നത്. മുന്‍കാല ലീഗ് നേതാക്കന്‍മാര്‍ തുടര്‍ന്നു വരുന്ന നിലപാട് ചിലരുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് മാറ്റേണ്ടതില്ല.

ആറുദശാബ്ധക്കാലമായി രാജ്യത്ത് ലീഗ് പ്രവര്‍ത്തിക്കുന്നു. ഇതുവരെ ലീഗുകാര്‍ നിലവിളക്ക് കൊളുത്താത്തതിനാല്‍ ഒരു പ്രശ്‌നവും ഉണ്ടായിട്ടില്ല. മതേതരത്വം അഭിനയിച്ചു കാണിക്കേണ്ടതോ നെറ്റിയില്‍ ഒട്ടിക്കേണ്ടതോ അല്ല. ഈ വിഷയത്തില്‍ ലീഗില്‍ ഒരു അഭിപ്രായ ഭിന്നതയും ഇല്ലെന്നും ഇ ടി ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

ലീഗുകാര്‍ നിലവിളക്ക് കൊളുത്തില്ലെന്നും അത് തെറ്റാണെന്നും ഇ ടി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാല്‍ എം കെ മുനീര്‍ ഇതിനെതിരെ രംഗത്ത് വന്നിരുന്നു. ലീഗ് അങ്ങനെ നിലപാട് എടുത്തിട്ടില്ല എന്നായിരുന്നു മുനീര്‍ പറഞ്ഞത്. ഈ പശ്ചാതലത്തിലാണ് ഈ വിഷയത്തില്‍ ലീഗല്ല പണ്ഡിതന്‍മാരാണ് നിലപാട് പറയേണ്ടതെന്ന് ഇ ടി വ്യക്തമാക്കിയിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം…….
നിലവിളക്ക്: ലീഗ് വിമര്‍ശകന്മാര്‍ അത്യാവശ്യം അറിഞ്ഞിരിക്കേണ്ടത്
വിളക്ക് കത്തിക്കല്‍ വിവാദവുമായി ചിലര്‍ മുസ്‌ലിം ലീഗിനെ വീണ്ടും വേട്ടയാടുകയാണ്. മത തത്വങ്ങളെ തെറ്റായി വ്യാഖ്യാനിക്കുന്നവര്‍, വെളിച്ചത്തെ ഭയക്കുന്നവര്‍, മതേതര രാജ്യത്ത് ജീവിക്കാന്‍ അര്‍ഹതയില്ലാത്തവര്‍ എന്നിങ്ങനെ തുടങ്ങി പല ആരോപണങ്ങളും ഇഷ്ടം പോലെ ഇത്തരം ആളുകള്‍ വാരി വിതറുന്നുണ്ട്. ഒരു പരിപാടിയില്‍ വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബ് നിലവിളക്ക് കൊളുത്തിയില്ല എന്നതാണ് ഇപ്പോഴത്തെ വിവാദത്തിന്റെ തുടക്കം.
ഈ പറയുന്ന ഞാനും ഒട്ടനവധി ഗവണ്‍മെന്റ് പരിപാടിയില്‍ പങ്കെടുത്ത ആളാണ്. ഞാനും നിലവിളക്ക് കൊളുത്താറുണ്ടായിരുന്നില്ല. ഞങ്ങളുടെ കാര്യമൊക്കെ പോവട്ടെ, മുസ്‌ലിം ലീഗിന്റെ സ്ഥാപക പ്രസിഡന്റും നമ്മുടെ എം.പിയും ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ അഭിനന്ദനം പോലും ഏറ്റ് വാങ്ങാന്‍ ഭാഗ്യം സൃഷ്ടിച്ച ആളും ഇന്ത്യന്‍ കോണ്‍സ്റ്റിറ്റുവന്റ് അസംബ്ലി ഡബേറ്റുകളിലെ സജീവ സാന്നിദ്ധ്യവുമായിരുന്ന ഖാഇദേമില്ലത്ത് മുഹമ്മദ് ഇസ്മായില്‍ സാഹിബ് തൊട്ട് അവസാനമായി നമ്മോട് വിടവാങ്ങിയ മുഹമ്മദലി ശിഹാബ് തങ്ങള്‍ അടക്കം ഒരാളും ഇങ്ങനെ ചെയ്തിരുന്നില്ല. ഒരു ടി.വി ലേഖകന്‍ ജനാബ് ശിഹാബ് തങ്ങളോട് “നിലവിളക്ക് കൊളുത്തുന്നതിന് അനുവാദം കൊടുത്തു കൂടെ” എന്ന് ചോദിച്ചപ്പോള്‍ അതിന്റെ ആവശ്യം ഇല്ലാ എന്ന് അദ്ദേഹം പറഞ്ഞ കാര്യം ഇന്നും സോഷ്യല്‍ മീഡിയില്‍ ബാക്കിയുണ്ട്.
ഈ പറഞ്ഞ നേതാക്കന്മാരില്‍ പലരും മത കാര്യങ്ങളിലും രാഷ്ട്രീയത്തിലും നല്ല പാണ്ഡിത്യമുള്ളവരും അതോടൊപ്പം തന്നെ നമ്മുടെ ഈ മതേതര രാജ്യത്ത് എല്ലാവരാലും ബഹുമാനക്കപ്പെട്ടവരുമായിരുന്നു. ഈ മഹാ രഥന്മാരായ നേതാക്കന്മാരുടെ കാലഘട്ടത്തില്‍ എടുത്തു വരുന്ന നിലപാട് ഇപ്പോള്‍ ചിലരുണ്ടാക്കുന്ന ഒരു അജണ്ടയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് മാറ്റേണ്ട യാതൊരു ആവശ്യവുമില്ല.
പരമ്പരാഗതമായി തുടരുന്ന ഒരു കാര്യം എന്നതിലേക്കാളുപരി മത വിശ്വാസത്തിന് വിഘാതമായ വല്ലതും ഇതിലുണ്ടോ എന്നതും പരിശോധിക്കേണ്ടതാണ്. ഇക്കാര്യത്തില്‍ കേരളത്തിലെ കേരളത്തിലെ പ്രമുഖരായ പല പണ്ഡിതന്മാരോടും അന്വേഷിച്ച് പഠിക്കാന്‍ ശ്രമിച്ച ഒരു വ്യക്തിയാണ് ഞാന്‍. അതിന്റെ ചുരുക്കം ഇപ്രകാരമാണ്. ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം എല്ലാറ്റിന്റേയും പരമാധികാരി ദൈവമാണ്. ദിവ്യത്വവും സ്തുതിയും എല്ലാം അവനുള്ളതാണ്. ദൈവത്തിന്റെ ഏകത്വത്തില്‍ എതെങ്കിലും വിധ പങ്കാളിത്തം വരുത്തുന്നത് നിഷിദ്ധമാണെന്ന് മാത്രമല്ല അത് കുറ്റകരവുമാണ്. ദൈവം കരുണാമയനാണ്. ഏത് തെറ്റും ദൈവം വിചാരിച്ചാന്‍ ക്ഷമിച്ച് കൊടുക്കുമെന്നും എന്നാല്‍ ബഹുദൈവ വിശ്വാസത്തെ എത്ര ചെറിയ ഒരു അണുവിലുള്ളതാണെങ്കില്‍ പോലും അത് യാതൊരു പരിതസ്ഥിതിയിലും പൊറുക്കപ്പെടുകയില്ലെന്നതും വിശ്വാസത്തിന്റെ അടിത്തറയാണ്.
സൂര്യനോ, ദീപത്തിനോ, വെളിച്ചത്തിനോ ദിവ്യത്വവും ഐശ്വര്യവും പുണ്യവുമെല്ലാം കല്പിച്ച് ഒരു ക്രിയ ചെയ്യുകയാണെങ്കില്‍ അത് ബഹു ദൈവാരാധനയായി തീര്‍ന്നേക്കാവുന്ന ഒരു ബാഹ്യ നടപടിയായി മാറിയേക്കാം. ഒരു വിശ്വാസി വളരെ സുക്ഷമതയും ഭയപ്പാടും കരുതലും കാണിക്കേണ്ട ഒരു കാര്യമാണിത്. ഇതിന്റെ അടിസ്ഥാനത്തില്‍ അത്തരം ഒരു നടപടിയില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കുകയാണ് ഉത്തമമായിട്ടുള്ളത്. ഈ കാരണം കൊണ്ട് തന്നെയായിരിക്കാം കേരളത്തില്‍ ഇസ്‌ലാമിക വിശ്വാസമായി ബന്ധപ്പെട്ട ഒരു ആത്മീയ സംഘടന പോലും ഇതിനെ അനുകൂലിക്കാത്തത്. അതല്ലാതെ മുസ്‌ലിം ലീഗിന്റെ കമ്മിറ്റി കൂടി വിളക്ക് കത്തിക്കാനോ കത്തിക്കാതിരിക്കാനോ തീരുമാനമെടുത്തിട്ടുണ്ടോ എന്ന ചോദ്യത്തിന് യാതൊരു അര്‍ത്ഥവുമില്ല്. സ്വതന്ത്ര ഇന്ത്യയില്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ട് ആറ് ദശാബ്ദത്തിലധികമായി. മുസ്‌ലിം ലീഗുകാര്‍ വിളക്ക് കത്തിക്ക്ാത്ത് കൊണ്ട് ഈ നാട്ടില്‍ എന്തെങ്കിലും അപകടം സംഭവിച്ചതായോ ആര്‍ക്കെങ്കിലും എന്തെങ്കിലും അസൗകര്യം നേരിട്ടതായോ ഇന്നുവരെ ആരും പറഞ്ഞു കേട്ടിട്ടു പോലുമില്ല. പ്ിന്നെ എന്തിനാണ് ഈ നല്ല നാട്ടില്‍ ആവശ്യമില്ലാത്ത വിവാദങ്ങള്‍ പടച്ചുണ്ടാക്കുന്നത്.
മതേതരത്വമെന്നാല്‍ അഭിനയിച്ച് കാണിക്കേണ്ട ഒരു കാര്യമല്ല. നെറ്റിയില്‍ ഒട്ടിച്ച് നടന്ന് ആരെയെങ്കിലും ബോധ്യപ്പെടുത്തേണ്ട ഒന്നുമല്ല. ഈ നാടിന്റെ മതേതരത്വം കാത്ത് സൂക്ഷിക്കുന്ന കാര്യത്തില്‍ മുസ്‌ലിം ലീഗ് ചെയ്ത സേവനങ്ങള്‍ കാലത്തിന്റെ കര്‍മ്മ വീഥിയില്‍ എന്നും ജ്വലിച്ച് നില്‍ക്കുന്നവയാണ്. കുറേ ആളുകള്‍ വളഞ്ഞ് വച്ച് പഴി ചാരിയാല്‍ അവരുടെ കാല്‍ക്കല്‍ കുമ്പിട്ട് നമസ്‌കരിക്കേണ്ട ബാധ്യതയും ഞങ്ങള്‍ക്കില്ല. മുസ്‌ലിം ലീഗില്‍ ഇക്കാര്യത്തില്‍ അഭിപ്രായ വ്യത്യാസമുണ്ടെന്ന് വരുത്താന്‍ ചില കേന്ദ്രങ്ങള്‍ ബോധപൂര്‍വ്വം ശ്രമം നടത്തുന്നുണ്ട്. ഒറ്റക്ക് ഒറ്റക്ക് വാര്‍ത്താ മാധ്യങ്ങള്‍ ചോദിച്ച് കിട്ടുന്ന വാചകങ്ങളെ വെട്ടിമുറിച്ച് ഇഷ്ടം പോലെ അവരുടേതായ വാചകമുണ്ടാക്കുമ്പോള്‍ വരുന്ന സംഗതികള്‍ മാത്രമാണ്. അതല്ലാതെ ലീഗില്‍ ഇക്കാര്യത്തില്‍ യാതൊരു അഭിപ്രായ വ്യത്യാസത്തിന്റേയും പ്രശ്‌നം പോലും ഉദിക്കുന്നില്ല.