Connect with us

Gulf

കിംഗ് ഫൈസല്‍ സ്ട്രീറ്റ് അടച്ചു

Published

|

Last Updated

ഷാര്‍ജ: ഈ വര്‍ഷം അവസാനം വരെ കിംഗ് ഫൈസല്‍ സ്ട്രീറ്റ് അടച്ചിടുമെന്ന് അധികൃതര്‍ വ്യക്തമാക്കി. അറ്റകുറ്റപണികളുടെ ഭാഗമായാണ് കിംഗ് ഫൈസല്‍ സ്ട്രീറ്റ് ശനിയാഴ്ച മുതല്‍ അടച്ചതെന്നും ഈ വര്‍ഷം അവസാനം വരെ അറ്റക്കുറ്റപ്പണികള്‍ തുടരുമെന്നും ഷാര്‍ജ റോഡ്‌സ് ആന്‍ഡ് ട്രാഫിക് അതോറിറ്റി (എസ് ആര്‍ ടി എ) വ്യക്തമാക്കി.
കിംഗ് ഫൈസല്‍ പാലത്തിനെയും കിംഗ് ഫൈസല്‍ സ്ട്രീറ്റിനെയും ബന്ധിപ്പിക്കുന്ന രണ്ടു കിലോമീറ്റര്‍ നീളമുള്ള ഭാഗമാണ് അടച്ചിരിക്കുന്നത്. അല്‍ ഖാസിമിയ മേഖലയിലെ വാഹന ഗതാഗതം തടസപ്പെടും. കിംഗ് ഫൈസല്‍ സ്ട്രീറ്റ് അടക്കുന്നതോടെ ദുബൈക്കും ഷാര്‍ജക്കും ഇടയില്‍ അല്‍ മജാസ് തടാകത്തിന്റെ ഭംഗിയാസ്വദിച്ച് യാത്ര ചെയ്യുന്നവര്‍ക്ക് ദുബൈയില്‍ എത്താന്‍ സമാന്തര പാതകളെ ആശ്രയിക്കേണ്ടിവരും. ദുബൈയുമായി ബന്ധിപ്പിക്കുന്ന കിംഗ് ഫൈസല്‍ സ്ട്രീറ്റിന്റെ അറ്റകുറ്റപണികള്‍ പൂര്‍ത്തിയായാല്‍ അടുത്ത വര്‍ഷം ആദ്യം അജ്മാനിലേക്കുള്ള കിംഗ് ഫൈസല്‍ സ്ട്രീറ്റിന്റെ ഭാഗത്തെ അറ്റകുറ്റപ്പണികള്‍ ആരംഭിക്കും. ഡിസംബര്‍ 31 വരെയാവും കിംഗ് ഫൈസല്‍ സ്ട്രീറ്റിന്റെ ദുബൈ ദിശയിലുള്ള ഭാഗത്തിന്റെ അറ്റകുറ്റപണികള്‍ നടക്കുക.
ഇരു ദിശകളിലുമായി ആറു വരി പാതകളാണ് കിംഗ് ഫൈസല്‍ സ്ട്രീറ്റിനുള്ളത്. ഇതില്‍ ദുബൈക്കുള്ള മൂന്നു വരിയാണ് റോഡിന്റെ ഉപരിതലം ടാര്‍ ചെയ്ത് ബലപ്പെടുത്തുന്നത് ഉള്‍പെടുയുള്ള അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിരിക്കുന്നത്. റോഡിന്റെ വശങ്ങളിലെ നടപ്പാലങ്ങളുടെ അറ്റകുറ്റപണികളും നടത്തും. ഇവിടെ ജോലികള്‍ പൂര്‍ത്തിയാവുന്നതോടെ പുതിയ സൈന്‍ ബോര്‍ഡുകളും സ്ഥാപിക്കും. 1,10,04,000 ദിര്‍ഹമാണ് അറ്റകുറ്റപ്പണികള്‍ക്കായി എസ് ആര്‍ ടി എ ചെലവഴിക്കുക.
ഷാര്‍ജയിലെ മറ്റൊരു മുഖ്യ പാതയായ ശൈഖ് ഖലീഫ ബിന്‍ സായിദ് റോഡിലും അറ്റകുറ്റപ്പണികള്‍ ആരംഭിച്ചിട്ടുണ്ട്. വ്യാഴാഴ്ച രാത്രിയായിരുന്നു ഇവിടെ ജോലികള്‍ ആരംഭിച്ചത്. ഇന്ന് (തിങ്കള്‍) രാത്രിയോടെ അവസാനിക്കും. അറ്റകുറ്റപ്പണികളുടെ ഭാഗമായി റോഡ് ഭാഗികമായി അടച്ചിരിക്കയാണ്. കഴിഞ്ഞ വര്‍ഷം കോര്‍ണിഷ് സ്ട്രീറ്റിലും സമാനമായ അറ്റകുറ്റ ജോലികള്‍ നടത്തിയിരുന്നു.