Connect with us

Wayanad

പ്രതിരോധപ്രവര്‍ത്തനം ഊര്‍ജിതം: ജില്ലയില്‍ മലേറിയ കുറഞ്ഞു

Published

|

Last Updated

കല്‍പ്പറ്റ: ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രതിരോധപ്രവര്‍ത്തനം മൂലം മലേറിയ ജില്ലയില്‍ കുറഞ്ഞതായി ആ രോഗ്യ വകുപ്പ്. മലമ്പനി പ്രതിരോധത്തിനായി ജില്ലയിലെ മുഴുവന്‍ തൊഴിലുറപ്പ് അംഗങ്ങള്‍ക്കും ആറ് ആഴ്ചകളായി കഴിക്കാന്‍ പ്രതിരോധ ഗുളികകള്‍ നല്‍കി വരുന്നുണ്ട്. അംഗന്‍വാടികള്‍ കേന്ദ്രീകരിച്ച് അമ്മമാര്‍ക്കായി നടക്കുന്ന ബോധവല്‍ക്കരണ ക്യാമ്പുകള്‍ മഴക്കാലരോഗങ്ങളെ പ്രതിരോധിക്കുന്നതില്‍ കാര്യമായി സഹായിച്ചിട്ടുണ്ട്.
ജില്ലയില്‍ ഈ വര്‍ഷത്തെ മഴക്കാലത്ത് പനി ബാധിച്ചവരുടെ എണ്ണത്തില്‍ കുറവ്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ രോഗികളുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. ഈ വര്‍ഷം ജനുവരി മുതല്‍ ജൂലൈ വരെ 70,363 പേര്‍ക്കാണ് പനി ബാധിച്ചത്. 2014 ജനുവരി മുതല്‍ ജൂലൈ വരെ 73,595 പേര്‍ക്ക് പനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഇതേ കാലയളവില്‍ കോളറ ബാധിച്ച ഒരു രോഗിയും ഉണ്ടായിരുന്നു. എന്നാല്‍ ഇത്തവണ ജില്ലയില്‍ ആര്‍ക്കും കോളറ പിടിപെട്ടതായി വിവരമില്ല. ആരോഗ്യവകുപ്പിന്റെ ക്രിയാത്മക ഇടപെടലും കോളനികളിലും മറ്റും നടത്തിയ ശുചീകരണ പ്രവര്‍ത്തനങ്ങളുമാണ് രോഗബാധ കുറയാന്‍ കാരണം. മഴക്കാല പ്രതിരോധ നടപടികള്‍ ശക്തമാക്കിയതും സ്‌കൂളുകളിലും പൊതുസ്ഥലങ്ങളിലുമുള്‍പ്പെടെ ബോധവല്‍ക്കരണ പരിപാടികള്‍ നടത്തിയതുമാണ് രോഗങ്ങള്‍ നിയന്ത്രണവിധേയമാവാന്‍ സഹായിച്ചു. ഈ വര്‍ഷം 190 പേര്‍ക്ക് ഡെങ്കിപ്പനി പരിശോധന നയത്തിയതില്‍ 72 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. മഞ്ഞപ്പിത്ത രോഗബാധ സംശയിച്ച് 161 പേരെ പരിശോധന നടത്തിയപ്പോള്‍ 60 പേര്‍ക്ക് മാത്രമാണ് രോഗബാധ കണ്ടെത്തിയത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം 382 പേര്‍ക്ക് പരിശോധന നടത്തിയതില്‍ 223 പേര്‍ക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചിരുന്നു. 157 പേരില്‍ പരിശോധന നടത്തിയതില്‍ 64 പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. ടൈഫോയ്ഡ് രോഗലക്ഷണവുമായി 241 പേരും ജില്ലയില്‍ ചികിത്സ നേടി. 38 പേര്‍ക്ക് എച്ച് 1 എന്‍ 1 രോഗവും സ്ഥിരീകരിച്ചു. 7767 ആണ് ഈ വര്‍ഷം അതിസാരം പിടിപെട്ടവരുടെ കണക്ക്. കഴിഞ്ഞ വര്‍ഷം ജനുവരി മുതല്‍ ജൂലൈ വരെ 9056 പേര്‍ക്ക് രോഗം അതിസാരം പിടിച്ചിരുന്നു. 11 പേര്‍ക്ക് ജില്ലയില്‍ മലേറിയ രോഗവും പിടിപെട്ടിട്ടുണ്ട്.രോഗ പ്രതിരോധം ശക്തിപ്പെടുത്താനായി ജില്ലയില്‍ നിരവധി മുന്‍കരുതല്‍ നടപടികളാണ് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്നത്. കൊതുകുജന്യരോഗങ്ങളായ ഡെങ്കിപ്പനിയും മലേറിയയും പ്രതിരോധിക്കാനായി ഫോഗിങ്(പുകക്കല്‍), സ്‌പ്രേയിങ്, ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ എന്നിവ നടത്തുന്നുണ്ട്. മാനന്തവാടി എരുമത്തെരുവിലെ വെക്ടര്‍ കണ്‍ട്രോള്‍ യൂനിറ്റിലെ വിദഗ്ധരാണ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. എല്ലാ വെള്ളിയാഴ്ചകളിലും സ്‌കൂളുകളിലും ശനിയാഴ്ചകളില്‍ ഓഫീസുകളിലും ശുചീകരണ പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ട്. ഞായറാഴ്ചകളില്‍ കുടുംബശ്രീയുടെയും ആശാ വര്‍ക്കര്‍മാരുടെയും സഹായത്തോടെ വീടുകള്‍ തോറും ശുചീകരണ പ്രവര്‍ത്തനങ്ങളും നടക്കുന്നു.

Latest