വാണിമേല്‍ പുഴയില്‍ യുവാവിന് ജീവാപായം

Posted on: July 27, 2015 9:55 am | Last updated: July 27, 2015 at 9:55 am
SHARE
വാണിമേല്‍ പുഴയില്‍ നിന്ന് മുഹമ്മദലിയുടെ മൃതദേഹം നാട്ടുകാര്‍ കരയിലെത്തിക്കുന്നു
വാണിമേല്‍ പുഴയില്‍ നിന്ന് മുഹമ്മദലിയുടെ മൃതദേഹം നാട്ടുകാര്‍ കരയിലെത്തിക്കുന്നു

നാദാപുരം: വാണിമേല്‍ ചേരനാണ്ടി പുഴയില്‍ ഇന്നലെ യുവാവിന്റെ ജീവന്‍ പൊലിഞ്ഞത് പുഴയിലെ ഒഴുക്കിനെ പറ്റി അറിയാത്തതിനാല്‍. വളയം കുയ്‌തേരിയിലെ അറപ്പീടികയില്‍ മുഹമ്മദലിയാണ് ഞായറാഴ്ച വൈകുന്നേരം ഒഴുക്കില്‍പ്പെട്ട് മുങ്ങി മരിച്ചത്. സമീപ പ്രദേശങ്ങളില്‍ നിന്നെത്തുന്നവരാണ് അപകടത്തില്‍ പെടുന്നത്. ബംഗളൂരുവില്‍ കടയില്‍ ജോലിക്കാരനായ മുഹമ്മദലി പെരുന്നാളിന് നാട്ടിലെത്തിയതായിരുന്നു. സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയ മുഹമ്മദലി ഒഴുക്കില്‍പെട്ടപ്പോള്‍ സുഹൃത്തുക്കള്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും പുഴയിലെ ഒഴുക്കില്‍ ഇവര്‍ക്ക് രക്ഷിക്കാന്‍ സാധിച്ചില്ല. ഇവര്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ തിരച്ചില്‍ നടത്തിയത്. പ്രദേശത്തെ പരിപാടികളില്‍ നിറ സാന്നിധ്യമായിരുന്ന മുഹമ്മദലിയുടെ മരണം നാടിനെ ദുഃഖത്തിലാഴ്ത്തി.
പേരാമ്പ്രയില്‍ നിന്ന് ഫയര്‍ ഫോഴ്‌സും വളയം പോലീസും നാദാപുരം എം എല്‍ എ. ഇ കെ വിജയനും, നാദാപുരം ഡി വൈ എസ് പിയും സംഭവ സ്ഥലത്തെത്തി. നാല് മണിക്ക് ഒഴുക്കില്‍പെട്ട മുഹമ്മദലിയുടെ മൃതദേഹം ആറ് മണിയോടെയാണ് നാട്ടുകാര്‍ കണ്ടെടുത്തു. യുവാവ് പുഴയിലെ ഒഴുക്കില്‍പെട്ടത് അറിഞ്ഞ് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ആയിരക്കണക്കിനാളുകളാണ് പുഴയിലെത്തിയത്. ചേലക്കാട് നിന്ന് ഫയര്‍ ഫോഴ്‌സ് എത്താന്‍ വൈകിയതിനെതിരെ നാട്ടുകാരില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. ചേലക്കാട് ഫയര്‍ ഫോഴ്‌സ് മറ്റൊരാള്‍ പുഴയില്‍പെട്ടത് തിരച്ചില്‍ നടത്താന്‍ പോയതായിരുന്നു.