ഭീകരാക്രമണം: ഏറ്റുമുട്ടല്‍ അവസാനിച്ചു; മൂന്ന് ഭീകരരെയും വധിച്ചു

Posted on: July 27, 2015 8:00 pm | Last updated: July 28, 2015 at 12:16 am
SHARE

panjab attackഗുര്‍ദാസ്പൂര്‍: പഞ്ചാബ് പോലീസ് സ്‌റ്റേഷന്‍ ആക്രമിച്ച ഭീകരരുമായി സൈന്യം 12 മണിക്കൂറോളം നടത്തിയ ഏറ്റുമുട്ടല്‍ അവസാനിച്ചു. ആക്രമണത്തിന് നേതൃത്വം നല്‍കിയ മൂന്ന് ഭീകരരെ വധിച്ചെന്നും കൂടുതല്‍ ഭീകരരര്‍ ഉണ്ടോ എന്നറിയാന്‍ തിരച്ചില്‍ തുടരുകയാണെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.കൊല്ലപ്പെട്ടവരുടെ വിവരങ്ങള്‍ പിന്നീട് പുറത്തുവിടുമെന്നും കലക്ടര്‍ പറഞ്ഞു. പഞ്ചാബില്‍ എട്ട് വര്‍ഷത്തിനിടെ ഉണ്ടായ ഏറ്റവും വലിയ ഏറ്റുമുട്ടലാണ് ദിനനഗര്‍ പോലീസ് സ്‌റ്റേഷനു നേരെ ഉണ്ടായത്.

ഞായറാഴ്ച്ച രാത്രിയാണ് തീവ്രവാദികള്‍ അതിര്‍ത്തിയിലൂടെ നുഴഞ്ഞു കയറിയത്. സൈനിക വേഷത്തില്‍ ഒരു ആള്‍ട്ടോ കാറിലാണ് ഇവരെത്തിയത്. ആദ്യം ഇവര്‍ ഒരു ബസിന് നേരെയാണ് നിറയൊഴിച്ചത്. ഇതില്‍ നാല് ബസ് യാത്രക്കാര്‍ക്ക് പരിക്കേറ്റു. പിന്നീട് ഒരു ആരോഗ്യകേന്ദ്രത്തിലേക്ക് വെടിവെച്ചു. പിന്നീടാണ് പോലീസ് സ്‌റ്റേഷന്‍ അക്രമിച്ചത്.

പോലീസുകാര്‍ ശക്തമായി തിരിച്ചടിച്ചതോടെ പോലീസ് സ്‌റ്റേഷനില്‍ നിന്നിറങ്ങിയോടിയ മൂന്നുഭീകരര്‍ തൊട്ടടുത്ത കെട്ടിടത്തില്‍ കയറിയൊളിച്ചു. ഇവിടെ കേന്ദ്രീകരിച്ച് നടത്തിയ കമാന്‍ഡോ ഓപ്പറേഷനിലാണ് ഭീകരരെ വധിച്ചത്.