Connect with us

Kerala

കേരളം കയറ്റിയയച്ചത് 17 ലക്ഷം ടണ്‍ വളര്‍ത്തുകൊഞ്ച്

Published

|

Last Updated

കണ്ണൂര്‍: രാജ്യത്തെ സമുദ്രോത്പന്ന കയറ്റുമതിയില്‍ കേരളത്തിന് ഇക്കുറി റെക്കോര്‍ഡ് നേട്ടം. മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി വലിയ തോതിലുള്ള കയറ്റുമതി വരുമാനമാണ് ഇത്തവണ ലഭ്യമായതെന്ന് സമുദ്രോത്പന്ന കയറ്റുമതി വികസന അതോറിറ്റിയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.
മുന്‍ വര്‍ഷങ്ങളില്‍ 11.59 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തപ്പെട്ടതെങ്കില്‍ ഈ വര്‍ഷം ഡോളര്‍ മൂല്യാടിസ്ഥാനത്തില്‍ കയറ്റുമതിയില്‍ 2.49 ശതമാനത്തിലധികം വര്‍ധനയാണുണ്ടായത്. കൊഞ്ച് കയറ്റുമതിയിലെ കുറവും മത്സ്യലഭ്യത കുറഞ്ഞതുമാണ് മുന്‍ കാലങ്ങളില്‍ കയറ്റുമതി കുറയാനിടയാക്കിയതെങ്കില്‍ ഇത്തവണ അത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടതായാണ് പറയുന്നത്. കയറ്റുമതിയിലെ 52 ശതമാനവും ഇത്തവണയും കൊഞ്ച് കയറ്റുമതിയാണ്.
എം പി ഇ ഡി എയുടെ കണക്കുകള്‍ പ്രകാരം 2014- 15ലെ ഇന്ത്യയുടെ മൊത്തം ചെമ്മീന്‍ കയറ്റുമതിയില്‍ നിന്ന ലഭിച്ച വരുമാനമായ 22,468.12 കോടി രൂപയില്‍ 17,180.40 കോടി രൂപ വളര്‍ത്തുകൊഞ്ചിന്റെ കയറ്റുമതിയില്‍ നിന്നുള്ള വരുമാനമാണ്. അതില്‍ കേരളത്തില്‍ നിന്ന് 974.78 കോടി രൂപയുടെ (യു എസ് ഡോളര്‍ 160.81 മില്യന്‍) 17,192.81 ടണ്‍ വളര്‍ത്തുകൊഞ്ച് കയറ്റുമതി ചെയ്തിട്ടുണ്ട്. ആറ്റുകൊഞ്ച്, വനാമി ചെമ്മീന്‍ എന്നീ ഇനങ്ങളാണ് പ്രധാനമായും കയറ്റുമതി ചെയ്തത്. പൂര്‍വ യൂറോപ്പ്, ദക്ഷിണ അമേരിക്ക, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലേക്കാണ് പ്രധാനമായും കൊഞ്ച് കയറ്റുമതി ചെയ്യുന്നത്. ഇക്കുറി ബ്രസീലിലേക്കുള്ള കയറ്റുമതി ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്.
റഷ്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ കയറ്റുമതി വര്‍ധിപ്പിക്കുന്നതിനായും സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കി വരുന്നുണ്ട്. അതേസമയം, കേരളത്തില്‍ നിന്നുള്ള വളര്‍ത്തുകൊഞ്ചുകള്‍ക്ക് ആവശ്യക്കാരേറിയതിനാല്‍ കയറ്റുമതി പ്രാധാന്യമുള്ള കൊഞ്ചിനങ്ങള്‍ കൂടുതല്‍ പ്രദേശങ്ങളില്‍ വ്യാപിപ്പിക്കുന്നതിനും കര്‍ഷകര്‍ക്ക് കൂടുതല്‍ സഹായങ്ങള്‍ നല്‍കുന്നതിനുമുള്ള പദ്ധതികള്‍ കാര്യക്ഷമമായി നടപ്പിലാക്കാനും സര്‍ക്കാര്‍ ശ്രമം തുടങ്ങി. നേരത്തെ വേമ്പനാട് കായലില്‍ തണ്ണീര്‍മുക്കം മുതല്‍ പമ്പാതീരം വരെയുള്ള ഭാഗത്താണു കേരളത്തില്‍ ആറ്റുകൊഞ്ച് വ്യാപകമായി ലഭിച്ചിരുന്നത്. വര്‍ഷം 250 മുതല്‍ 400 ടണ്‍ വരെ ശരാശരി ലഭിച്ചിരുന്നു. എന്നാല്‍, പിന്നീട് ഇതിന്റെ അളവ് ഇപ്പോള്‍ 38 ടണ്ണില്‍ താഴെയായി ചുരുങ്ങി. 1975ല്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ 429 ടണ്‍ ആറ്റുകൊഞ്ചാണ് ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികള്‍ ശേഖരിച്ചിരുന്നത്. പിന്നീടുള്ള വര്‍ഷങ്ങളില്‍ ഇതു കുറയുകയായിരുന്നു. ആറ്റുകൊഞ്ചുകളെ കൂട്ടമായി കണ്ടിരുന്ന കായലിലെ ആവാസ വ്യവസ്ഥകളും പൂര്‍ണമായി നശിച്ചതാണ് ഇതിനിടയാക്കിയത്. ആറ്റുകൊഞ്ചിനെ കൂടാതെ കടലില്‍ നിന്ന് കായലിലേക്ക് എത്തിയിരുന്ന കാരച്ചെമ്മീന്‍, ചൂടച്ചെമ്മീന്‍, കണമ്പ്, കാളാഞ്ചി തുടങ്ങിയ മത്സ്യങ്ങളും ഇല്ലാതായിരുന്നു. എന്നാല്‍, സര്‍ക്കാറിന്റെ മത്സ്യസമൃദ്ധി പദ്ധതിയടക്കം ഇപ്പോള്‍ വിജയം കണ്ടതായാണ് വിലയിരുത്തല്‍.
ഉള്‍നാടന്‍ മത്സ്യമേഖലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് ഫിഷറീസ് വകുപ്പ് മുഖേന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ നടപ്പിലാക്കിയ മത്സ്യസമൃദ്ധിയാണ് ഏറെ ഗുണം ചെയ്തത്. ശുദ്ധജല മത്സ്യം, ആറ്റുകൊഞ്ച് കൃഷി പ്രോത്സാഹന പദ്ധതി പ്രകാരം മാത്രം 2014-15 വര്‍ഷത്തില്‍ 2500 ഹെക്ടറില്‍ ചെമ്മീന്‍ കൃഷിയും 9834 ഹെക്ടറില്‍ മത്സ്യ, ആറ്റുകൊഞ്ച് കൃഷിയും നടപ്പിലാക്കാന്‍ സാധിച്ചുവെന്നാണ് സര്‍ക്കാര്‍ കണക്ക്. ഇതു കൂടാതെ മത്സ്യസമൃദ്ധി പദ്ധതി മുഖേന കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലായി (2012-15) ഏകദേശം 29 ടണ്‍ വളര്‍ത്തുകൊഞ്ചും (ആറ്റുകൊഞ്ച്) 6700 ഓളം ടണ്‍ ചെമ്മീനും ഉത്പാദിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഇതിലൂടെ സംസ്ഥാനത്ത് 138.45 കോടി രൂപയുടെ വിറ്റുവരവാണ് കണക്കാക്കുന്നത്. ഒരു നെല്ലും ഒരു മീനും പദ്ധതി വഴി 5600 കിലോഗ്രാം ആറ്റുകൊഞ്ചും വിളവെടുക്കാനായി. ഇതില്‍ നിന്ന് കര്‍ഷകര്‍ക്ക് 22.4 ലക്ഷം രൂപ വരുമാനം ലഭിച്ചു. ഇന്‍ഗ്രേറ്റഡ് ഫാമിംഗ് 2014-15 പദ്ധതിയില്‍ പൊക്കാളി നിലങ്ങളിലെ ചെമ്മീന്‍ കൃഷിയില്‍ ഈ കഴിഞ്ഞ വര്‍ഷം 205.60 ഹെക്ടര്‍ സ്ഥലത്ത് കൃഷിചെയ്തതില്‍ വാണിജ്യ പ്രാധാന്യമുള്ള 133.645 ടണ്‍ കാരച്ചെമ്മീനും ഉത്പാദിപ്പിക്കാനായി.
2015-18 കാലയളവില്‍ നടപ്പിലാക്കുന്ന മത്സ്യസമൃദ്ധി- രണ്ട് പദ്ധതിയിലൂടെ ശാസ്ത്രീയമായ കൃഷിരീതികള്‍ ഉപയോഗിച്ച് വിപണിയില്‍ എപ്പോഴും ആവശ്യമുള്ളതും കയറ്റുമതി രംഗത്ത് പ്രചാരമുള്ളതുമായ ശുദ്ധജല ആറ്റുകൊഞ്ച്, കാരച്ചെമ്മീന്‍, നാരന്‍ച്ചെമ്മീന്‍, വനാമി ചെമ്മീന്‍ മുതലായവയുടെ വിത്തുകള്‍ കര്‍ഷകര്‍ക്ക് ലഭ്യമാക്കാന്‍ നടപടി തയ്യാറായതായി ഫിഷറീസ് വകുപ്പ് മന്ത്രി കെ ബാബു പറഞ്ഞു. ഏകദേശം 8000 ഹെക്ടര്‍ ഏരിയയില്‍ ആറ്റുകൊഞ്ച്, ചെമ്മീന്‍ കൃഷി വ്യാപിപ്പിക്കും.
കൂടാതെ, തൃശൂര്‍ ജില്ലയിലെ പൊയ്യാ ഫാമിന്റെ പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായി പൊയ്യാ ഫാമിലെ രണ്ട് ഹെക്ടര്‍ വിസ്തൃതിയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ വനാമി കൃഷി ചെയ്യുവാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. പദ്ധതി വിജയകരമായാല്‍ കര്‍ഷകര്‍ക്ക് സാമ്പത്തിക സഹായം നല്‍കി വിപുലമായ രീതിയില്‍ വനാമി കൃഷി നടപ്പിലാക്കാനാണ് ഉദ്ദേശം.

ബ്യൂറോ ചീഫ്, സിറാജ്, കൊച്ചി

Latest