Connect with us

Kerala

നിലവിളക്ക് വിവാദം: ലീഗില്‍ അഭിപ്രായഭിന്നത

Published

|

Last Updated

കോഴിക്കോട്: നിലവിളക്ക് തെളിയിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ മുസ്‌ലിം ലീഗില്‍ വീണ്ടും അഭിപ്രായ വ്യത്യാസം രൂക്ഷമാകുന്നു. നിലവിളക്ക് തെളിയിക്കുന്നതിനെ അനുകൂലിച്ച് നിയമസഭയില്‍ കെ എം ഷാജി എം എല്‍ എ നടത്തിയ പ്രസ്താവനക്കെതിരെ പാര്‍ട്ടി നിലപാട് വ്യക്തമാക്കി ലീഗ് ദേശീയ സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍ രംഗത്തെത്തി. എന്നാല്‍, നിമിഷങ്ങള്‍ക്കുള്ളില്‍ ഇ ടിയുടെ പ്രസ്താവനക്കെതിരെ മന്ത്രി എം കെ മുനീറും രംഗത്തെത്തിയതോടെയാണ് അഭിപ്രായ വിത്യാസം പുതിയ വിവാദത്തിലേക്ക് എത്തിയിരിക്കുന്നത്.
പൊതു ചടങ്ങുകളില്‍ നിലവിളക്ക് കൊളുത്തില്ലെന്നത് പാര്‍ട്ടി നിലപാടാണെന്ന് ഇ ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. നിലവിളക്ക് വിഷയവുമായി ബന്ധപ്പെട്ടുള്ള കാര്യത്തില്‍ ചര്‍ച്ച അപ്രസക്തമാണ്. വിഷയത്തില്‍ അനാവശ്യ വിവാദങ്ങളുണ്ടാക്കുകയാണ്. പാര്‍ട്ടി നിലപാട് വിവാദമാക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് മറ്റ് ചില ലക്ഷ്യങ്ങളുണ്ട്. അതില്‍ പാര്‍ട്ടി വീഴില്ലെന്നും ഇ ടി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിച്ചു.
എന്നാല്‍, ഇ ടിയുടെത് വ്യക്തിപരമായ അഭിപ്രായമാണെന്ന് മന്ത്രി എം കെ മുനീര്‍ പറഞ്ഞു. പാര്‍ട്ടി ഈ വിഷയത്തില്‍ നിലപാടെടുത്തിട്ടില്ല. വിളക്ക് കത്തിക്കണമെന്നോ കത്തിക്കേണ്ടെന്നോ പാര്‍ട്ടി നിലപാടെടുത്തിട്ടില്ല. വിളക്ക് കൊളുത്തുന്നതും കൊളുത്താത്തതും ഓരോരുത്തരുടെയും വ്യക്തിപരമായ അഭിപ്രായമാണെന്നും മുനീര്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു. ഇതോടെ നിലവിളക്ക് വിഷയത്തില്‍ മുസ്‌ലിം ലീഗില്‍ രണ്ട് ചേരികള്‍ രൂപപ്പെട്ടതായാണ് റിപ്പോര്‍ട്ട്. mk-muneer3
നേരത്തെ നിലവിളക്ക് തെളിയിക്കാന്‍ കഴിയില്ലെന്ന് വിദ്യാഭ്യാസമന്ത്രി അബ്ദുര്‍റബ്ബ് പറഞ്ഞിരുന്നു. പി എന്‍ പണിക്കര്‍ അനുസ്മരണ ചടങ്ങില്‍ നിലവിളക്ക് തെളിയിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്തു. എന്നാല്‍, ഇതിന് ശേഷം ഒരു ചടങ്ങില്‍ ലീഗ് നേതാവ് കെ എന്‍ എ ഖാദര്‍ വിളക്ക് തെളിയിച്ചു. ഇതിനെ അനുകൂലിച്ച് അദ്ദേഹം പരാമര്‍ശം നടത്തുകയും ചെയ്തു.
ഇതേ അഭിപ്രായം തന്നെ കെ എം ഷാജിയും അബ്ദുര്‍റഹ്മാന്‍ രണ്ടത്താണിയും പിന്നീട് വ്യക്തമക്കിയിരുന്നു. മുതിര്‍ന്ന നേതാക്കളായ ഇ അഹമ്മദും പി കെ കുഞ്ഞാലിക്കുട്ടിയും വിഷയത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഈ വിഷയത്തതില്‍ പരസ്യ പ്രതികരണം വേണ്ടന്ന് പാര്‍ട്ടി നേതൃത്വം നിര്‍ദേശം നല്‍കിയിട്ടുണ്ട്.