Connect with us

National

ആക്ടിവിസ്റ്റുകള്‍ക്കെതിരെ പ്രതികാര നടപടി വ്യാപകം

Published

|

Last Updated

ഭോപ്പാല്‍: മധ്യപ്രദേശിലെ വ്യാപം അഴിമതി കേസില്‍ വിവരങ്ങള്‍ പുറത്ത് കൊണ്ടു വരുന്ന ആക്ടിവിസ്റ്റുകള്‍ക്കെതിരെ പ്രതികാര നടപടി രൂക്ഷമാകുന്നു. അഴിമതി കേസിലെ നിര്‍ണായക രേഖകള്‍ പുറത്തു കൊണ്ടുവന്ന സന്നദ്ധ പ്രവര്‍ത്തകന്‍ പ്രശാന്ത് പാണ്ഡേയുടെ ഭാര്യയെ ഇന്നലെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരുടെ പക്കല്‍ നിന്ന് 9.96 ലക്ഷം രൂപ കണ്ടെടുത്തുവെന്നും ഇത് ഹവാലാ പണമാണെന്നും പോലീസ് അറിയിച്ചു. ഇവരെ പിന്നീട് വിട്ടയച്ചു. വ്യാപം കേസും അതുമായി ബന്ധപ്പെട്ട ദുരൂഹ മരണങ്ങളും സി ബി ഐ അന്വേഷിക്കാന്‍ ഉത്തരവിട്ട ശേഷം സംസ്ഥാന സര്‍ക്കാര്‍ തന്നെയും കുടുംബത്തെയും നിരന്തരം വേട്ടയാടുകയാണെന്ന് പ്രശാന്ത് പാണ്ഡേ ആരോപിച്ചു.
എന്നാല്‍ കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു കസ്റ്റഡിയിലെടുത്തതെന്നും കൂടുതല്‍ അന്വേഷണം നടത്തി അറസ്റ്റ് രേഖപ്പെടുത്തുമെന്നും പോലീസ് സൂപ്രണ്ട് ഒ പി ത്രിപാഠി പറഞ്ഞു. ലക്ഷ്മി മോട്ടോര്‍സ് എന്ന സ്വകാര്യ സ്ഥാപനത്തില്‍ ഹവാല ഇടപാട് നടക്കുന്നുണ്ടെന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ജാഗരൂകരായത്. ഈ സ്ഥാപനത്തില്‍ നിന്ന് പാണ്ഡേയുടെ ഭാര്യ മേഘ്‌ന പണ്ഡേ ഇറങ്ങി വരുന്നത് ശ്രദ്ധയില്‍ പെട്ടു. ഇതേതുടര്‍ന്നായിരുന്നു കസ്റ്റഡിയെന്നും അദ്ദേഹം പറഞ്ഞു. സ്ഥാപനത്തിന്റെ എച്ച് ആര്‍ മാനേജറാണ് മേഘ്‌ന.
വനിതാ പോലീസുകാര്‍ അവരുടെ ബാഗ് പരിശോധിച്ചുവെന്നും ഒമ്പത് ലക്ഷത്തിലധികം രൂപ ലഭിച്ചുവെന്നും ത്രിപാഠി പറഞ്ഞു. പണത്തിന്റെ ഉറവിടം സംബന്ധിച്ച് അവര്‍ക്ക് വ്യക്തമായ ഉത്തരം നല്‍കാന്‍ സാധിച്ചില്ല. അത്‌കൊണ്ട് ക്രമിനല്‍ നടപടി ചട്ടത്തിലെ സെക്ഷന്‍ 102 പ്രകാരം പണം പിടിച്ചെടുത്തുവെന്നും അദ്ദേഹം അറിയിച്ചു. മേഘ്‌നയെ പിന്നീട് വിട്ടയച്ചുവെങ്കിലും ആദായ വകുപ്പിനെയും മറ്റ് വകുപ്പുകളെയും വിവരം അറിയിച്ചിട്ടുണ്ട്. കൂടുതല്‍ അന്വേഷണം നടത്തിയെന്ന് വരുത്തി അവരെ അറസ്റ്റ് ചെയ്യാന്‍ തന്നെയാണ് സാധ്യതയെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പോലീസ് നടപടി നിയമവിരുദ്ധമാണെന്നും പണം തങ്ങളുടേതാണെന്നും പ്രശാന്ത് പാണ്ഡേ പറഞ്ഞു. കഴിഞ്ഞ പത്ത് വര്‍ഷമായി തങ്ങള്‍ അധ്വാനിച്ചുണ്ടാക്കിയ പണമാണ് അത്. അക്കാര്യം ആദായനികുതി റിട്ടേണില്‍ വ്യക്തമായി കാണിച്ചതാണ്. ഈയിടെ ബുക്ക് ചെയ്ത ഫഌറ്റിന്റെ അഡ്വാന്‍സ് തുക നല്‍കാനായി കൊണ്ടുപോകുകയായിരുന്നു പണമെന്നും അദ്ദേഹം പറഞ്ഞു.
വ്യാപം കേസുമായി ബന്ധപ്പെട്ട് നിരവധി രേഖകള്‍ പുറത്തു കൊണ്ടു വന്നയാളാണ് പ്രശാന്ത് പാണ്ഡേ. ഈ വിഷയത്തില്‍ സുപ്രീം കോടതിയില്‍ അദ്ദേഹം ഒരു കേസ് നല്‍കുകയും ചെയ്തിരുന്നു. മുതിര്‍ന്ന ബി ജെ പി നേതാവിനെതിരെ സി ബി ഐയില്‍ പരാതി നല്‍കിയ വ്യാപം അഴിമതി ആക്ടിവിസ്റ്റ് ഡോ. ആനന്ദ് റായിയെ കഴിഞ്ഞ ആഴ്ച സ്ഥലം മാറ്റിയിരുന്നു. മുന്‍ കേന്ദ്ര മന്ത്രിയും മുതിര്‍ന്ന ബി ജെ പി നേതാവുമായ വിക്രം വര്‍മക്കെതിരെ സി ബി ഐയില്‍ പരാതി നല്‍കിയതിന് പിറകേയായിരുന്നു റായിയെ ഇന്‍ഡോറില്‍ നിന്ന് ധര്‍ ജില്ലയിലേക്കാണ് മാറ്റിയത്. ഗാസിയാബാദിലെ സന്തോഷ് മെഡിക്കല്‍ കോളജില്‍ നിന്ന് തന്റെ മകളുടെ എം ബി ബി എസ് പഠനം സ്വാധീനം ഉപയോഗിച്ച് ഭോപ്പാല്‍ ഗാന്ധി മെഡിക്കല്‍ കോളജിലേക്ക് മാറ്റിയെന്ന് കാണിച്ചാണ് വിക്രം വര്‍മക്കെതിരെ ആനന്ദ് റായി പരാതി നല്‍കിയിരുന്നത്. റായി ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള പരിശീലന വിഭാഗത്തില്‍ ഡെപ്യൂട്ടഷനില്‍ ജോലി ചെയ്യുകയായിരുന്നു.
ആനന്ദ് റായിയുടെ ഭാര്യയെയും സ്ഥലം മാറ്റിയിട്ടുണ്ട്. ഭാര്യ ഗൗരിയും സര്‍ക്കാര്‍ സര്‍വീസില്‍ ഡോക്ടറാണ്. മൗവിലെ സിവില്‍ ആശുപത്രിയില്‍ നിന്ന് ഉജ്ജയിന്‍ ജില്ലാ ആശുപത്രിയിലേക്കാണ് ഇവരെ മാറ്റിയത്.
സുപ്രീം കോടതി നിര്‍ദേശപ്രകാരം 12 കേസുകളാണ് ഇപ്പോള്‍ സി ബി ഐ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മധ്യപ്രദേശ് പ്രൊഫഷനല്‍ എക്‌സാമിനേഷന്‍ ബോര്‍ഡ് (വ്യാപം)വിവിധ തസ്തികകളിലേക്കുള്ള നിയമനങ്ങള്‍ക്കായി നടത്തിയ പരീക്ഷകളിലും ക്ഷമതാ പരീക്ഷകളിലും വന്‍ ക്രമക്കേട് പുറത്തു വന്നതോടെയാണ് ഞെട്ടിക്കുന്ന അഴിമതി കഥകള്‍ വെളിച്ചത്തായത്. അഴിമതിയില്‍ നിരവധി സര്‍ക്കാര്‍ ഉദ്യോഗസ്ഥരും മുന്‍ മന്ത്രിമാരും രാഷ്ട്രീയ നേതാക്കളും കുറ്റാരോപിതരാണ്.
സംസ്ഥാന പോലീസ് 55 കോസാണ് എടുത്തത്. 2000 പേരെ ഇതിനകം അറസ്റ്റ് ചെയ്തു. കേസുമായി ബന്ധപ്പെട്ട 49പേര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

---- facebook comment plugin here -----

Latest