Connect with us

Editorial

തട്ടവും കോടതിയും

Published

|

Last Updated

അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പുനഃപരീക്ഷ എഴുതുന്ന മുസ്‌ലിം പെണ്‍കുട്ടികളെ പരീക്ഷാ ഹാളില്‍ ശിരോവസ്ത്രം ധരിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹരജി സുപ്രീം കോടതി നിരാകരിച്ചതും ഈ ഹരജിയില്‍ കോടതി നടത്തിയ നിരീക്ഷണവും മതേതരത്വത്തിലും ജനാധിപത്യത്തിലും വിശ്വസിക്കുന്ന മുഴുവന്‍ പേരെയും വേദനിപ്പിക്കുന്നതും ഞെട്ടിപ്പിക്കുന്നതുമാണ്. ഇന്ത്യയെപ്പോലെ ബഹുമതവും ബഹുസ്വരവും ജീവിതത്തിന്റെ സര്‍വ മേഖലകളിലും മതം മൗലികമായി നിലകൊള്ളുകയും ചെയ്യുന്ന ഒരു സമൂഹത്തില്‍ ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത നിരീക്ഷണമാണ് കോടതി നടത്തിയതെന്ന് പറയാതിരിക്കാനാകില്ല. പരീക്ഷയെഴുതുന്ന മൂന്നു മണിക്കൂര്‍ ശിരോവസ്ത്രം ധരിച്ചില്ലെങ്കില്‍ മതവിശ്വാസം ഇല്ലാതാകുമോയെന്നാണ് ചീഫ് ജസ്റ്റിസ് എച്ച് എല്‍ ദത്തു അധ്യക്ഷനായ ബഞ്ച് ചോദിച്ചത്. ഇത് ദുരഭിമാനത്തിന്റെ പ്രശ്‌നമാണെന്ന് അധിക്ഷേപിക്കുന്നുമുണ്ട്. ചോദ്യപേപ്പര്‍ ചോര്‍ന്നതിനെത്തുടര്‍ന്ന് സി ബി എസ് ഇ നേരത്തേ നടത്തിയ പ്രവേശന പരീക്ഷ സുപ്രീം കോടതി റദ്ദാക്കിയിരുന്നു. നാലാഴ്ചക്കുള്ളില്‍ പരീക്ഷ നടത്താന്‍ കഴിഞ്ഞ മാസം കോടതി നിര്‍ദേശിച്ചത് പ്രകാരമാണ് കര്‍ശന മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്. ഇതിന്റെ ഭാഗമായി വന്ന ഡ്രസ് കോഡിനെ ചോദ്യം ചെയ്താണ് മുസ്‌ലിം സംഘടനകള്‍ സുപ്രീം കോടതിയില്‍ എത്തിയത്.
ഇസ്‌ലാമിക വിശ്വാസത്തെക്കുറിച്ച് ബഹുമാന്യരായ ന്യായാധിപന്‍മാര്‍ ഗുരുതരമായ അജ്ഞതയില്‍ അകപ്പെട്ടിരിക്കുന്നുവെന്ന് വേണം മനസ്സിലാക്കാന്‍. മതവിശ്വാസവും അതിന്റെ അച്ചടക്കവും വിധിവിലക്കുകളും ഏതെങ്കിലും പ്രത്യേക സമയത്ത് മാത്രം പാലിക്കേണ്ട ഒന്നല്ല. അത് ജീവിതത്തിന്റെ ഓരോ അണുവിലും തുടിച്ചു നില്‍ക്കേണ്ടതാണ്. ഏത് പ്രതികൂല സാഹചര്യത്തിലും അത് പാലിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്തുകയെന്നത് വിശ്വാസിയുടെ നിഷ്ഠയാണ്. അത് അവന്റെ അഭിമാനമാണ്. ദുരഭിമാനമല്ല. പുറത്ത് നിന്ന് അടിച്ചേല്‍പ്പിക്കുന്നതല്ല, ഉള്ളില്‍ നിന്നുള്ള ഉത്കടമായ ആഗ്രഹത്തില്‍ നിന്നും ധ്യാനത്തില്‍ നിന്നും സാധ്യമാകുന്ന ഒന്നാണ് ഈ വിശ്വാസദാര്‍ഢ്യം. എല്ലാത്തിലും മീതെ സ്രഷ്ടാവിന്റെ വിധിവിലക്കുകളെ പ്രതിഷ്ഠിച്ച ഒരാള്‍ക്ക് പ്രവേശന പരീക്ഷക്ക് വേണ്ടി മൂന്ന് മണിക്കൂറെന്നല്ല ഒരു നിമിഷം പോലും അതില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കാവുന്നതല്ല. മതവിശ്വാസവും അതിന്റെ ആചരണവും മൗലികാവകാശമായി അംഗീകരിക്കപ്പെട്ട ഇന്ത്യയെപ്പോലെ ഒരു രാജ്യത്തിന്റെ നീതിന്യായ തലപ്പത്ത് ഇരിക്കുമ്പോള്‍ ന്യായാധിപര്‍ ഇത്തരം കാര്യങ്ങളില്‍ പ്രാഥമിക അവബോധം ആര്‍ജിക്കുന്നത് നന്നായിരിക്കും.
ഇനി കോപ്പിയടി തടയാന്‍ തട്ടമഴിച്ചേ തീരൂ എന്ന സി ബി എസ് ഇ വാദം പരിശോധിക്കാം. എത്ര ബാലിശമാണ് ഈ വാദം. നേരത്തേ വസ്ത്രത്തിലൊളിപ്പിച്ച് ചിപ്പുകളും മറ്റും കൊണ്ടു വന്നതാണ് ഈ ഭ്രാന്തന്‍ നിര്‍ദേശത്തിന് ബോര്‍ഡിനെ പ്രേരിപ്പിച്ചതെങ്കില്‍ ഉടുത്ത വസ്ത്രത്തില്‍ ഇത് സാധ്യമല്ലേ എന്ന ചോദ്യത്തിന് എന്ത് ഉത്തരമാണ് ഉള്ളത്. ഉടുക്കാതെ പരീക്ഷയെഴുതാന്‍ വരണമെന്ന് ഇവര്‍ നിഷ്‌കര്‍ഷിക്കുമോ? കോപ്പിയടി തടയേണ്ടെന്ന് ആരും പറയില്ല. അതിന് കര്‍ശന മാനദണ്ഡങ്ങള്‍ മുന്നോട്ട് വെക്കുക തന്നെ വേണം. ഷൂസ്, കടുംനിറത്തിലുള്ള വസ്ത്രങ്ങള്‍, മന്ത്രച്ചരടുകള്‍, ബെല്‍റ്റ്, സ്‌കാര്‍ഫ്, തൊപ്പി, മൂക്കുത്തി, കമ്മല്‍, മാല, ബ്രേസ്‌ലെറ്റ്, കൂളിംഗ്ഗ്ലാസ്, ഹെയര്‍പിന്‍, ഹെയര്‍ ബാന്‍ഡ്, ബാഡ്ജ്, വാച്ച്, പഴ്‌സ്, പെന്‍സില്‍ ബോക്‌സ്, കുപ്പിവെള്ളം, മുടിയില്‍ പൂക്കള്‍, ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ എന്നിവയൊന്നും പരീക്ഷാ ഹാളില്‍ അനുവദിച്ചിരുന്നില്ല. ഇതൊന്നും പോരാഞ്ഞ് പലരുടെയും ചെവിക്കുള്ളില്‍ ടോര്‍ച്ചടിച്ചു നോക്കുന്നത് പോലുള്ള തിരച്ചിലുകള്‍ക്കും സാങ്കേതികമായ പരിശോധനകള്‍ക്കും വിധേയമാക്കിയിരുന്നു. ഇങ്ങനെ ഇല്ലം ചുട്ടാല്‍ കോപ്പിയടി നിലയ്ക്കുമോ? ഈ നടപടികള്‍ ആത്മാര്‍ഥമാണോ? അതോ മറ്റെന്തൊക്കെയോ മറച്ചുവെക്കാനുള്ള വ്യഗ്രതയുടെ ഭാഗമോ?
വിദ്യാഭ്യാസ രംഗത്തുള്ള പൗരാവകരാശ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിക്കുന്ന കാര്യങ്ങള്‍ ഇവിടെ പ്രസക്തമാണ്. ചോദ്യപേപ്പറും ഉത്തരസൂചികകളും ചോര്‍ത്തിക്കൊടുക്കുന്ന ഒരു സംഘം പരീക്ഷാ നടത്തിപ്പിന്റെ ചുമതലവഹിക്കുന്ന ഉന്നത സംഘത്തില്‍ വരെ പ്രവര്‍ത്തിക്കുന്നുണ്ട്. ഇത് സംബന്ധിക്കുന്ന വിശദമായ പോലീസ് അന്വേഷണം നടക്കുന്നുമുണ്ട്. യഥാര്‍ഥ പ്രതികളെ വെളിച്ചത്ത് കൊണ്ടുവരാന്‍ ഇതുവരെ സാധിച്ചിട്ടില്ല. ഇത്തരക്കാര്‍ക്ക് സൗകര്യങ്ങള്‍ ചെയ്തുകൊടുക്കുന്നത് സി ബി എസ് ഇയുടെ തലപ്പത്തുള്ളവര്‍ തന്നെയാണ്. അങ്ങനെ സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്ന ബോര്‍ഡാണ് യുക്തിരഹിതമായ “ഡ്രസ്‌കോഡു”മായി രംഗത്തു വന്നിരിക്കുന്നത്. പരീക്ഷാര്‍ഥികളെ മുഴുവന്‍ കോപ്പിയടിക്കാരാക്കി തെളിഞ്ഞ വെള്ളത്തില്‍ നില്‍ക്കുകയാണ് ബോര്‍ഡിലെ ഉന്നതര്‍.
സി ബി എസ് ഇയുടെ വിശ്വാസ്യത വീണ്ടെടുക്കാനുള്ള പരിശോധനാ കോപ്രായങ്ങള്‍ക്കിടയില്‍ ഗുരുതരമായ മറ്റൊരു കാര്യം കൂടി അരങ്ങേറി. ശിരോവസ്ത്രം അഴിക്കുന്നത് പോലുള്ള നിര്‍ദേശങ്ങള്‍ പ്രായോഗികമല്ലെന്ന് മനസ്സിലാക്കിയ ബോര്‍ഡ് തന്നെ ഇതിന് ബദല്‍ നിര്‍ദേശങ്ങള്‍ വെച്ചിരുന്നു. പരിശോധനക്കുള്ള സൗകര്യത്തിന്, ഹിജാബണിഞ്ഞ് വരുന്നവര്‍ ഒന്‍പത് മണിക്ക് തന്നെ ഹാളില്‍ എത്തിയാല്‍ മതിയെന്നായിരുന്നു നിര്‍ദേശം. എന്നാല്‍ കേരളത്തിലടക്കം ചില ഉദ്യോഗസ്ഥ പ്രമാണിമാര്‍ തട്ടമഴിക്കണമെന്ന് തന്നെ ശഠിച്ചു. ശിരോവസ്ത്രമഴിക്കാന്‍ വിസമ്മതിച്ച കന്യാസ്ത്രീയെ പരീക്ഷയെഴുതാന്‍ അനുവദിച്ചില്ല. അവര്‍ നിയമനടപടിയിലേക്ക് നീങ്ങുകയാണ്. സി ബി എസ് ഇ അധികൃതരുടെ നിര്‍ദേശത്തിനപ്പുറത്തേക്ക് ഈ ഉദ്യോഗസ്ഥര്‍ കാണിച്ച അമിതാവേശം കൃത്യമായ അജന്‍ഡ വെച്ചായിരുന്നു. കടുത്ത മതവിരോധത്തിന്റെ ഭാഗമാണത്. കേരളത്തിലാകെ സംഭവിക്കുന്ന ചില നിറം മാറ്റങ്ങളുടെ ഭാഗമായിക്കൂടി അതിനെ കാണാവുന്നതാണ്.