Connect with us

Gulf

യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പാക്കിസ്ഥാനിക്ക് ജീവപര്യന്തം

Published

|

Last Updated

ദുബൈ: യുവതിയെ തന്ത്രപൂര്‍വം കാറില്‍ കയറ്റി വിജനമായ സ്ഥലത്തെത്തിച്ച് പീഡിപ്പിച്ച കേസില്‍ 42 കാരനായ പാക്കിസ്ഥാന്‍ സ്വദേശിക്ക് ജീവപര്യന്തം. ദുബൈ ക്രിമിനല്‍ കോടതിയാണ് പ്രതിക്കെതിരെ ശിക്ഷ വിധിച്ചത്.
ദുബൈ എയര്‍പോര്‍ട്ടില്‍ കണ്ട ഇന്തോനേഷ്യന്‍ യുവതിയെയാണ് പ്രതി, തന്റെ കാറില്‍ കയറ്റി ഷാര്‍ജയുടെ വിജനമായ സ്ഥലത്തെത്തിച്ച് പീഡിപ്പിച്ചത്. സ്‌പോണ്‍സറാണെന്ന് ധരിപ്പിച്ചാണ് യുവതിയെ കാറില്‍ കയറ്റിയത്. വീട്ടിലേക്കാണെന്ന് പറഞ്ഞ് വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ട പ്രതി യുവതിയുമായി ഷാര്‍ജയിലെത്തുകയായിരുന്നുവെന്നാണ് പ്രോസിക്യൂഷന്‍ കണ്ടെത്തിയത്.
തന്റെ ഇംഗിതത്തിന് വഴങ്ങാതെ വന്ന യുവതിയെ പ്രതി മര്‍ദിച്ച് അവശയാക്കിയെന്നും കുറ്റപത്രത്തില്‍ പറഞ്ഞിട്ടുണ്ട്. ബലപ്രയോഗത്തിലൂടെ ഇംഗിതം നിര്‍വഹിച്ച ഇയാള്‍ യുവതിയെ അര്‍ധരാത്രി സമയത്ത് വിജനമായ സ്ഥലത്ത് ഉപേക്ഷിച്ച് കടന്നുകളഞ്ഞതായും പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍ഥിച്ചു. മണിക്കൂറുകള്‍ക്കു ശേഷം അതുവഴി വന്ന ഫിലിപ്പൈന്‍ സ്വദേശിയാണ് അവശയായി കണ്ട യുവതിയെ തൊട്ടടുത്ത പോലീസ് സ്റ്റേഷനില്‍ എത്തിച്ചത്.
പ്രതിയില്‍ നിന്നേറ്റ മര്‍ദനം കാരണം 20 ദിവസത്തോളം യുവതി ചികിത്സക്ക് വിധേയമാകേണ്ടിവന്നതായും കേസ് രേഖകളില്‍ പറയുന്നുണ്ട്. ശിക്ഷാ കാലാവധിക്കു ശേഷം പ്രതിയെ നാടുകടത്താനും കോടതി ഉത്തരവിട്ടു.