Connect with us

Gulf

നായകന് കാഴ്ചപ്പാടുണ്ടെങ്കില്‍ ലോകത്തെ ഒപ്പം നിര്‍ത്താന്‍ കഴിയും: ശൈഖ് മുഹമ്മദ്

Published

|

Last Updated

ദുബൈ: നായകന് തന്റെ പദ്ധതികളെക്കുറിച്ച് നല്ല കാഴ്ചപ്പാടും ദൃഢനിശ്ചയവുമുണ്ടെങ്കില്‍ ലോകം തന്റെ പിന്നാലെ വരുമെന്നും ഏതു സാഹചര്യവും തനിക്കനുകൂലമാവുകയും ചെയ്യുമെന്നും യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം പ്രസ്താവിച്ചു.
ദുബൈ വിമാനത്താവളത്തിന്റെ പുതിയ വികസന പദ്ധതികളുടെ കരടുരേഖ കണ്ടശേഷമുള്ള പ്രതികരണമായി ട്വിറ്ററിലൂടെയാണ് പ്രസ്താവന നടത്തിയത്. രാജ്യത്തിന്റെ ഭാവിയെക്കുറിച്ച് വ്യക്തമായ നിലപാടും കാഴ്ചപ്പാടുമുണ്ടെങ്കില്‍ ഏതു പ്രതികൂല സാഹചര്യങ്ങളെയും അനുകൂലമാക്കിമാറ്റി അത് നടപ്പില്‍ വരുത്താന്‍ ഭരണാധികാരിക്ക് സാധിക്കും. ഇതിനായുള്ള ശ്രമങ്ങളില്‍ രാജ്യവും ജനങ്ങളും ലോകം മുഴുവനും ഭരണാധികാരിയുടെ പിന്നില്‍ അണിനിരക്കും.
വര്‍ഷങ്ങള്‍ക്കു മുമ്പ് ദുബൈ വിമാനത്താവളത്തിന്റെ വികസന പദ്ധതികളുടെ രൂപരേഖയുമായി തന്നെ സമീപിച്ച അധികൃതരോട് താന്‍ പറഞ്ഞത്, ദുബൈക്ക് മാത്രമുള്ളതല്ല, മറിച്ച് ലോകത്തിന് മൊത്തമുള്ള ഒരു വിമാനത്താവളമാണ് നമുക്ക് വേണ്ടത് എന്നായിരുന്നു. അതിനനുസരിച്ച് കാഴ്ചപ്പാടുകള്‍ മാറ്റി മുന്നോട്ടു നീങ്ങിയപ്പോള്‍ ദുബൈ എയര്‍പോര്‍ട്ട് ലോകത്തെ ഒന്നാമത്തേതായി മാറിയെന്നും ശൈഖ് മുഹമ്മദ് പ്രസ്താവനയില്‍ തുടര്‍ന്നു പറഞ്ഞു.
ദുബൈക്കൊപ്പം നമ്മുടെ വിമാനത്താവളവും നാള്‍ക്കുനാള്‍ വികസിച്ചുകൊണ്ടിരിക്കുകയാണ്. സാങ്കേതിക സൗകര്യങ്ങളിലും യാത്രക്കാരുടെ എണ്ണത്തിലും സര്‍വീസ് നടത്തുന്ന വിമാനക്കമ്പനികളുടെ എണ്ണത്തിലും ഈ വളര്‍ച്ച പ്രകടമായിട്ടുണ്ട്. എല്ലാ അര്‍ഥത്തിലും ലോകത്തെ ഒന്നാമത്തേതായി മാറാനുള്ള കുതിപ്പാണ് ഇപ്പോള്‍ ദുബൈ വിമാനത്താവളം നടത്തിക്കൊണ്ടിരിക്കുന്നത്.
ഏവിയേഷന്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഇടപാടുമായാണ് ദുബൈ മുന്നോട്ടുപോകുന്നത്. 10,000 കോടി ഡോളറിന്റെ ഓര്‍ഡറാണ് പുതിയ വിമാനങ്ങള്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട് ദുബൈ നടത്തിയിട്ടുള്ളത്- ശൈഖ് മുഹമ്മദ് പറഞ്ഞു. ട്വിറ്ററില്‍ ശൈഖ് മുഹമ്മദിന്റെ പ്രസ്താവനക്ക് വന്‍ പ്രതികരണമാണ് കുറഞ്ഞ സമയത്തിനകം ലഭിച്ചത്.

Latest