Connect with us

National

യാക്കൂബ് മേമന്റെ വധശിക്ഷ: ദയാഹരജി പരിഗണിക്കണമെന്ന് പ്രമുഖരുടെ നിവേദനം

Published

|

Last Updated

ന്യൂഡല്‍ഹി: മുംബൈ സ്‌ഫോടന പരമ്പര കേസില്‍ യാക്കൂബ് മേമന്റെ വധശിക്ഷ ഈ മാസം മുപ്പതിന് നടപ്പാക്കാനിരിക്കെ ശിക്ഷ നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി പ്രണാബ് മുഖര്‍ജിക്ക് പ്രമുഖരുടെ നിവേദനം. വിരമിച്ച ജസ്റ്റിസുമാര്‍, എം പിമാര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ തുടങ്ങിയവരാണ് യാക്കൂബ് മേമന്റെ ദയാഹരജി വീണ്ടും പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് നിവേദനം നല്‍കിയത്. ബി ജെ പി. എം പി ശത്രുഘ്‌നന്‍ സിന്‍ഹ, രാം ജെത്മലാനി ഉള്‍പ്പെടെയുള്ളവരാണ് ഇക്കാര്യം ആവശ്യപ്പെട്ട് രാഷ്ട്രപതിയെ സമീപിച്ചത്.
ഈ മാസം മുപ്പതിന് വധശിക്ഷ നടപ്പാക്കണമെന്ന് ടാഡ കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചത്. യാക്കൂബ് മേമന്‍ സമര്‍പ്പിച്ച തെറ്റുതിരുത്തല്‍ ഹരജി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എച്ച് എല്‍ ദത്തു അധ്യക്ഷനായ ബഞ്ച് തള്ളിയതോടെയാണ് വധശിക്ഷ നടപ്പാക്കുന്നതിന് സാധ്യത തെളിഞ്ഞത്. ഇതിനു പിന്നാലെ വധശിക്ഷ നടപ്പാക്കുന്നതിനെച്ചൊല്ലി തര്‍ക്കം രൂക്ഷമായ സാഹചര്യത്തിലാണ് സമൂഹത്തിന്റെ നാനാതുറകളില്‍പ്പെട്ട പ്രമുഖര്‍ രാഷ്ട്രപതിക്ക് നിവേദനം നല്‍കിയത്. ഇതിനെതിരെ കേന്ദ്രത്തിലെ ഭരണകക്ഷിയായ ബി ജെ പി രംഗത്തെത്തി. വിവിധ പാര്‍ട്ടികള്‍ വിലകുറഞ്ഞ രാഷ്ട്രീയം കളിക്കുകയാണെന്ന് ബി ജെ പി കുറ്റപ്പെടുത്തി.
യാക്കൂബ് മേമന്റെ വധശിക്ഷ നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് തയ്യാറാക്കിയ പതിനഞ്ച് പേജ് വരുന്ന നിവേദനത്തില്‍ പ്രധാന നിയമവശങ്ങള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. തീവ്രവാദ പ്രവര്‍ത്തനങ്ങളോട് വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ സ്വീകരിക്കുമ്പോള്‍ തന്നെ ദയാഹരജി അനുവദിക്കുന്നത് രാജ്യം തുല്യമായ നീതിയും ക്ഷമയും കാണിക്കുന്നുവെന്നതിന്റെ തെളിവാകുമെന്ന് നിവേദനം നല്‍കിയവര്‍ പറയുന്നു.
അറസ്റ്റിന് ശേഷം ഇരുപത് വര്‍ഷത്തിലേറെ കാലമായി ജയിലിലാണ് യാക്കൂബ് മേമന്‍. വിചാരണ പൂര്‍ത്തിയാകാന്‍ മാത്രം പതിനാല് വര്‍ഷമെടുത്തു. മാനസികമായി അനാരോഗ്യവാനാണ് യാക്കൂബ് മേമനെന്ന് ജയില്‍ ഡോക്ടര്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ടെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടുന്നു.
ബീഹാര്‍ മുഖ്യമന്ത്രിയും ജെ ഡി യു നേതാവുമായ നിതീഷ് കുമാറിനെ പുകഴ്ത്തിയതിനു തൊട്ടു പിന്നാലെയാണ് യാക്കൂബ് മേമന്‍ വിഷയത്തില്‍ പാര്‍ട്ടിവിരുദ്ധ നിലപാടുമായി ശത്രുഘ്‌നന്‍ സിന്‍ഹ മുന്നോട്ടു പോകുന്നത്. ശത്രുഘ്‌നന്‍ സിന്‍ഹക്ക് പുറമെ എം പിമാരായ മണിശങ്കര്‍ അയ്യര്‍ (കോണ്‍ഗ്രസ്), മജാദ് മേമന്‍ (എന്‍ സി പി), സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സി പി ഐ നേതാവ് ഡി രാജ, വൃന്ദ കാരാട്ട്, വിരമിച്ച ജസ്റ്റിസുമാരായ പനാചന്ദ് ജെയ്ന്‍, എച്ച് എസ് ബേഡി, എച്ച് സുരേഷ്, കെ പി ശിവസുബ്രഹ്മണ്യം തുടങ്ങിയവരും നിവേദനത്തില്‍ ഒപ്പ് വെച്ചിട്ടുണ്ട്.

ഹരജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും
ന്യൂഡല്‍ഹി: യാക്കൂബ് മേമന്റെ ദയാ ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. മഹാരാഷ്ട്ര ആഭ്യന്തര, നിയമ വകുപ്പുകളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു ശനിയാഴ്ച ഇതേക്കുറിച്ച് ചര്‍ച്ച നടത്തിയിരുന്നു. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിന്റെ നേതൃത്വത്തിലുള്ള ബി ജെ പി സര്‍ക്കാര്‍ ഗവര്‍ണറെ നിലപാട് അറിയിച്ചിട്ടുണ്ട്. വധശിക്ഷ നടപ്പാക്കാനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയായിട്ടുണ്ടെന്നും സുപ്രീം കോടതി നിര്‍ദേശം അംഗീകരിക്കുമെന്നുമാണ് സര്‍ക്കാര്‍ വ്യക്തമാക്കിയത്. യാക്കൂബ് മേമന്‍ നല്‍കിയ തെറ്റുതിരുത്തല്‍ ഹരജി സുപ്രീം കോടതി തള്ളിയതിനു പിന്നാലെയാണ് ദയാ ഹരജി നല്‍കിയത്.
തെറ്റുതിരുത്തല്‍ ഹരജി തള്ളിയതിനു പിന്നാലെ യാക്കൂബ് മേമന്‍ ഗവര്‍ണറെ സമീപിക്കുകയായിരുന്നു.

 

 

Latest