മലേഗാവ് സ്‌ഫോടന കേസില്‍ എന്‍ ഐ എ അന്വേഷണം തുടങ്ങി

Posted on: July 26, 2015 12:35 am | Last updated: July 26, 2015 at 12:35 am
SHARE

pragya and purohith malegoen blastന്യൂഡല്‍ഹി: 2008ലെ മലേഗാവ് സ്‌ഫോടന കേസില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ ഐ എ)അന്വേഷണം തുടങ്ങി. കുറ്റാരോപിതര്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത നിരവധി തടസ്സവാദങ്ങളെ തുടര്‍ന്ന് വൈകിയ കേസില്‍, എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് നാല് വര്‍ഷം പിന്നിടുമ്പോഴാണ് എന്‍ ഐ എ അന്വേഷണത്തിന് തുടക്കമിട്ടിരിക്കുന്നത്. കേസിന്റെ മേല്‍നോട്ടങ്ങള്‍ക്കായി ഈ മാസം 30ന് എന്‍ ഐ എ ഡയറക്ടര്‍ ജനറല്‍ ശരത് കുമാര്‍ മുംബൈയിലെത്തും. മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സേന (എ ടി എസ്) ആദ്യം അന്വേഷിച്ച കേസില്‍ 14 ഹിന്ദുത്വ തീവ്രവാദികളാണ് പ്രതിചേര്‍ക്കപ്പെട്ടിട്ടുള്ളത്. ലഫ്. കേണല്‍ പ്രസാദ് പുരോഹിത്, സാധ്വി പ്രഗ്യാ ഠാക്കൂര്‍ എന്നിവരും കേസില്‍ പ്രതികളാണ്. കേസുമായി ബന്ധപ്പെട്ട ഫയലുകളെല്ലാം സുപ്രീം കോടതിയിലായിരുന്നതിനാല്‍ ഇതുവരെ അന്വേഷണം ആരംഭിക്കാന്‍ എന്‍ ഐ എക്ക് കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ ഏപ്രിലോടെ തടസ്സവാദങ്ങളേ താണ്ട് പൂര്‍ത്തിയാക്കി കേസ് ഫയലുകള്‍ എന്‍ ഐ എക്ക് കൈമാറിക്കഴിഞ്ഞിട്ടുണ്ട്. മഹാരാഷ്ട്ര എ ടി എസ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും തങ്ങള്‍ക്ക് കേസ് സംബന്ധിച്ച മുഴുവന്‍ തെളിവുകളും വസ്തുതകളും വീണ്ടും പരിശോധിക്കണമെന്ന് എന്‍ ഐ എ വൃത്തങ്ങള്‍ അറിയിച്ചു. കേസ് ആരംഭിക്കാന്‍ കഴിയുമെങ്കിലും സുപ്രീം കോടതിയുടെ തീരുമാനം ഉണ്ടാകുന്നതു വരെ പ്രതികളെ കസ്റ്റഡിയില്‍ വെക്കാനോ ചോദ്യം ചെയ്യാനോ എന്‍ ഐ എക്ക് കഴിയില്ല.
2011 ഏപ്രിലിലാണ് മലേഗാവ് സ്‌ഫോടന കേസ് എന്‍ ഐ എ ഏറ്റെടുത്തത്. ഇതിനു പിന്നാലെ കുറ്റാരോപിതര്‍ നിരവധി ഹരജികള്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചു. ഇതേത്തുടര്‍ന്ന് കേസുമായി ബന്ധപ്പെട്ട ഫയലുകള്‍ സുപ്രീം കോടതി വിളിച്ചുവരുത്തുകയായിരുന്നു. എട്ട് ഹരജികളാണ് ഇത് സംബന്ധിച്ച് സുപ്രീം കോടതിക്ക് ലഭിച്ചത്. ഇതില്‍ പ്രതികള്‍ക്കെതിരെ മക്കോക്ക ചുമത്തിയത് ചോദ്യം ചെയ്യുന്നതടക്കം ഏഴ് ഹരജികളില്‍ ഏപ്രിലോടെ തീര്‍പ്പാക്കി. പ്രതികളെ എന്‍ ഐ എയുടെ കസ്റ്റഡിയില്‍ വിടുന്നതിനെ എതിര്‍ക്കുന്ന ഹരജി മാത്രമാണ് ഇനി തീര്‍പ്പാക്കാനുള്ളത്.
പ്രതികള്‍ക്കെതിരെയുള്ള മക്കോക്ക പിന്‍വലിച്ചതോടെ മുഴുവന്‍ കേസും പുതുതായി പരിശോധിക്കേണ്ടിവരും. ഈ വകുപ്പനുസരിച്ചാണ് കേസിലെ പല തെളിവുകളും മൊഴികളും എ ടി എസ് ശേഖരിച്ചിട്ടുള്ളത്. ഈ തെളിവുകളും മൊഴികളും നിലനില്‍ക്കുമോ എന്ന് പരിശോധിക്കേണ്ടിവരും. പ്രതികളെ വീണ്ടും ചോദ്യം ചെയ്യേണ്ടിവരും. അതിനുള്ള അനുമതി സുപ്രീം കോടതിയില്‍ നിന്ന് ഉടന്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് എന്‍ ഐ എ വൃത്തങ്ങള്‍ അറിയിച്ചു.
ഹന്ദുത്വ തീവ്രവാദികള്‍ പ്രതികളായ കേസില്‍ എന്‍ ഐ എ അന്വേഷണം ഇഴയുന്നു എന്ന ആരോപണം നിലനില്‍ക്കേയാണ് പ്രമാദമായ മലേഗാവ് സ്‌ഫോടന കേസ് വീണ്ടും സജീവമാകുന്നത്. ഹിന്ദുത്വ തീവ്രവാദ കേസുകളില്‍ നടപടികള്‍ പതുക്കെയാക്കാന്‍ തനിക്ക് മേല്‍ സമ്മര്‍ദമുണ്ടായിരുന്നെന്ന് ഏതാനും ദിവസം മുമ്പ് എന്‍ ഐ എ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ രോഹിണി സാലിയന്‍ ആരോപിച്ചത് ഏറെ ചര്‍ച്ചയായിരുന്നു.