Connect with us

National

ബാബരി ഭൂമിയിലെ സൗന്ദര്യവത്കരണ നീക്കം വിവാദത്തില്‍

Published

|

Last Updated

ലക്‌നൗ: അയോധ്യയിലെ ബാബരി മസ്ജിദ് പരിസരത്ത് സൗന്ദര്യവത്കരണം നടത്താനുള്ള ഉത്തര്‍പ്രദേശ് സസര്‍ക്കാറിന്റെ നീക്കത്തിനെതിരെ പ്രതിഷേധം. പ്രദേശം മോടിപിടിപ്പിക്കാനുള്ള നീക്കം സുപ്രീം കോടതി വിധിക്ക് എതിരാണെന്നും മതവികാരം വ്രണപ്പെടുത്തുന്നതാണെന്നും പ്രദേശത്തെ മുസ്‌ലിംകള്‍, പ്രത്യേകിച്ച് ഈ കേസില്‍ കക്ഷിചേര്‍ന്നിട്ടുള്ളവര്‍ ചൂണ്ടിക്കാട്ടി. അയോധ്യയിലെ രാമജന്മഭൂമി- ബാബരി മസ്ജിദ് പ്രദേശത്ത് നിലവിലെ സ്ഥിതി തുടരണമെന്നാണ് സുപ്രീം കോടതി വിധിച്ചിട്ടുള്ളത്. പ്രദേശത്തെ ചുറ്റുമതില്‍ അറ്റകുറ്റപ്പണി നടത്തുന്നതിനും ചില താത്കാലിക നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും കഴിഞ്ഞ ദിവസം സംസ്ഥാന സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചിരുന്നു. ഇതിനായി രണ്ട് ഉത്തരവുകള്‍ സര്‍ക്കാര്‍ ഇറക്കുകയും ചെയ്തിട്ടുണ്ട്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അത്യാവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ പോലീസിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. അതേസമയം, നിര്‍ദിഷ്ട നവീകരണ പ്രവര്‍ത്തനങ്ങള്‍ സുപ്രീം കോടതി വിധികളെ ലംഘിക്കുന്നതല്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. 2016 മാര്‍ച്ചിന് മുമ്പ് എല്ലാ നിര്‍മാണ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.
പ്രദേശം ഒരു വിനോദസഞ്ചാര കേന്ദ്രമല്ലെന്നും ഇതുമായി ബന്ധപ്പെട്ട കേസ് ഇപ്പോഴും സുപ്രീം കോടതിയിലുണ്ടെന്നും മുസ്‌ലിംകളെ പ്രതിനിധീകരിച്ച് കോടതിയെ സമീപിച്ച മൗലാനാ ഫസലുര്‍റഹ്മാന്റെ പ്രതിനിധി ഖാലിഖ് അഹ്മദ് റഹ്മാന്‍ പറഞ്ഞു. 1992 ഡിസംബര്‍ ആറിന് മുമ്പ് അവിടെ പള്ളി നിലനിന്നിരുന്നു. അത് സംഘടിച്ചെത്തിയവര്‍ നിയമവിരുദ്ധമായി തകര്‍ത്തെറിയുകയായിരുന്നു. അതുകൊണ്ടുതന്നെ ഇവിടെ നടത്തുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മുസ്‌ലിംകളുടെ മതവികാരത്തെ വ്രണപ്പെടുത്തുമെന്നും അഹ്മദ് റഹ്മാന്‍ പറഞ്ഞു.
2003 മാര്‍ച്ച് 30ലെ സുപ്രീം കോടതി വിധി സുവ്യക്തമായിരിക്കെ എന്തുകൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ ഇവിടെ നിര്‍മാണ പ്രവര്‍ത്തനത്തിന് ശ്രമിക്കുന്നതെന്ന് മുതിര്‍ന്ന അഭിഭാഷകനും ബാബരി മസ്ജിദ് ആക്ഷന്‍ കമ്മിറ്റി ചെയര്‍മാനുമായ മുഷ്താക് അഹ്മദ് സിദ്ദിഖി ചോദിച്ചു.
സൗന്ദര്യവത്കരണത്തിന് പുറമേ വെളിച്ചത്തിന്റെ ആവശ്യത്തിലേക്കായി പ്രദേശത്ത് 124 കിലോവാട്ട് ശേഷിയുള്ള മൂന്ന് ജനറേറ്ററുകള്‍ സ്ഥാപിക്കാനും തീരുമാനമായിട്ടുണ്ട്. ഇതിനായി 33 ലക്ഷം രൂപ അനുവദിച്ചു. താത്കാലിക നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും അറ്റകുറ്റപ്പണികള്‍ക്കുമായി 76 ലക്ഷമാണ് അനുവദിച്ചിട്ടുള്ളത്. സുപ്രീം കോടതി വിധിക്ക് ശേഷം ബാബരി പള്ളി ഉള്‍പ്പെട്ടിരുന്ന 2.75 കിലോമീറ്റര്‍ ചുറ്റളവിനുള്ളില്‍ നടക്കുന്ന ആദ്യ നിര്‍മാണ പ്രവര്‍ത്തന നീക്കമാണ് സര്‍ക്കാര്‍ ഇപ്പോള്‍ ആരംഭിച്ചിട്ടുള്ളത്.

---- facebook comment plugin here -----

Latest