Connect with us

International

ഒബാമക്ക് ജന്മനാടിന്റെ ഊഷ്മള വരവേല്‍പ്പ്

Published

|

Last Updated

നെയ്‌റോബി: ലോകത്തെ അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന മേഖലകളില്‍ ഒന്നാണ് ആഫ്രിക്കയെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ. കെനിയന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി ആഗോള നിക്ഷേപക സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കെനിയയിലെത്തിയ അദ്ദേഹത്തിന്റെ ആദ്യ ഔദ്യോഗിക പരിപാടിയായിരുന്നു ഇത്.
കെനിയ സന്ദര്‍ശിക്കുന്ന ആദ്യ പ്രസിഡന്റെന്ന നിലയില്‍ താന്‍ അഭിമാനിക്കുന്നു. ഇവിടെയാണ് എന്റെ പിതാവ് ജീവിച്ചത്. കെനിയയില്‍ തിരിച്ചെത്താന്‍ സാധിച്ചത് ഗംഭീരമായിരിക്കുന്നുവെന്ന് കെനിയയിലെത്തിയ അദ്ദേഹം പ്രതികരിച്ചു.
ആഫ്രിക്കന്‍ ജനത മുന്നോട്ടുപോയിക്കൊണ്ടിരിക്കുകയാണ്. ജനങ്ങള്‍ ദാരിദ്ര്യത്തില്‍ നിന്ന് കരകയറിക്കൊണ്ടിരിക്കുന്നു. ജനങ്ങളുടെ വരുമാനം വര്‍ധിച്ചിട്ടുണ്ട്. മധ്യവര്‍ഗ ജനങ്ങളും യുവാക്കളും ചേര്‍ന്ന് സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി ആഫ്രിക്കയുടെ മുന്നേറ്റം സാധ്യമാക്കുന്നുവെന്നും ആഗോള നിക്ഷേപകരുടെ ഉച്ചകോടിയല്‍ സംസാരിക്കവേ അദ്ദേഹം വ്യക്തമാക്കി. ഒബാമയുമായി വേദി പങ്കിട്ട കെനിയന്‍ പ്രസിഡന്റ് ഉഹ്‌റു കെനിയാട്ട, ആഫ്രിക്കന്‍ ഉപഭൂഖണ്ഡത്തിന് തിളക്കമേറിയ ഭാവിയുണ്ടെന്ന് ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു. ആഫ്രിക്കയെ കുറിച്ചുള്ള ചിത്രീകരണങ്ങള്‍ തെറ്റാണെന്നും ആഫ്രിക്ക വ്യാപാരത്തിന് തയ്യാറാണെന്നും ഇതിനെ പ്രോത്സാഹിപ്പിക്കുമെന്നും കെനിയാട്ട ചൂണ്ടിക്കാട്ടി.
ആഫ്രിക്കയിലെ ദാരിദ്ര്യം നിര്‍മാര്‍ജനം ചെയ്യുന്നതിന് സഹായകരമാകാന്‍ വേണ്ടിയായിരുന്നു ഉച്ചകോടി സംഘടിപ്പിക്കപ്പെട്ടിരുന്നത്.
നേരത്തെ തന്റെ പിതാവിന്റെ ജന്മസ്ഥലമായ കെനിയയിലെത്തിയ ഒബാമക്ക് വന്‍ സ്വീകരണമാണ് ഇവിടുത്തുകാര്‍ ഒരുക്കിയിരുന്നത്. ഒബാമ പോകുന്ന വഴികളിലെല്ലാം നൂറുകണക്കിന് ആളുകള്‍ തടിച്ചുകൂടി അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു. സുരക്ഷാ സംവിധാനങ്ങള്‍ അവഗണിച്ച് കെനിയക്കാര്‍ ഡാന്‍സും പാട്ടും ആഘോഷവുമായി ഒബാമക്ക് ചുറ്റും കൂടി. ആകാശത്ത് വട്ടമിട്ടുപറന്ന ഹെലികോപ്റ്ററുകളുടെ അകമ്പടിയിലായിരുന്നു റോഡ് മാര്‍ഗം ഒബാമയുടെ സഞ്ചാരം. ജനങ്ങള്‍ അത്യാവേശ പൂര്‍വമാണ് ഒബാമയുടെ വരവിനെ കാണുന്നതെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. ഒബാമ പ്രസിഡന്റായത് മുതല്‍ അദ്ദേഹത്തിന്റെ കെനിയന്‍ സന്ദര്‍ശനം തങ്ങള്‍ സ്വപ്‌നം കണ്ടിരിക്കുയായിരുന്നുവെന്നും അവസാനം അദ്ദേഹം ഇവിടെയെത്തിയതില്‍ ദൈവത്തിന് നന്ദി പറയുന്നുവെന്നും നെയ്‌റോബിയിലെ പച്ചക്കറി കട നടത്തുന്ന ഗ്രെയ്‌സ് വംഗേസി പറഞ്ഞു. കെനിയ സന്ദര്‍ശിക്കുന്ന ആദ്യ അമേരിക്കന്‍ പ്രസിഡന്റാണ് ബരാക് ഒബാമ. ഇതിന് പുറമെ പ്രസിഡന്റ് പദവിയിലിരിക്കെ ഇതാദ്യമായാണ് ഒരു അമേരിക്കന്‍ പ്രസിഡന്റ് അഡിസ് അബാബയിലെ ആഫ്രിക്കന്‍ യൂനിയന്‍ ആസ്ഥാനവും എത്യോപ്യയും സന്ദര്‍ശിക്കുന്നത്.
സന്ദര്‍ശനത്തിനിടെ, ആഫ്രിക്കയിലെ സുരക്ഷ, വ്യാപാരം, ജനാധിപത്യം, ദാരിദ്ര്യം, മനുഷ്യാവകാശം എന്നീ വിഷയങ്ങളെ കുറിച്ചും ഒബാമ സംസാരിക്കുമെന്നാണ് സൂചന. കെനിയന്‍ സന്ദര്‍ശനം നേരത്തെ പദ്ധതിയിട്ടിരുന്നെങ്കിലും ഇത് വൈകുകയായിരുന്നു. അന്താരാഷ്ട്ര ക്രിമിനല്‍ കോടതി കെനിയാട്ടക്കെതിരെ യുദ്ധക്കുറ്റത്തിന് കേസെടുത്തിരുന്നതാണ് വൈകാന്‍ കാരണമായത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഈ കുറ്റം ഒഴിവാക്കപ്പെട്ടിരുന്നു.
അതേസമയം, ഒബാമയുടെ സന്ദര്‍ശനത്തിനെതിരെ നിരവധി സന്നദ്ധ സംഘടനകള്‍ വിമര്‍ശമുന്നയിക്കുന്നുമുണ്ട്. ജനാധിപത്യസംഘടനകളെ അഭിസംബോധന ചെയ്യാന്‍ അദ്ദേഹം തയ്യാറാകണമെന്ന് ഇവര്‍ ആവശ്യപ്പെടുന്നു. കെനിയയിലും എത്യോപ്യയിലും നിരവധി മനുഷ്യാവകാശ ലംഘനങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വെള്ളിയാഴ്ച പകല്‍ നിരവധി കുടുംബാംഗങ്ങളുമായി അദ്ദേഹം സമയം ചെലവഴിച്ചു. തന്റെ പിതാവിനെ യഥാര്‍ഥത്തില്‍ തനിക്ക് അറിയാന്‍ കഴിഞ്ഞില്ലെന്നും പടിഞ്ഞാറന്‍ കെനിയയിലാണ് അദ്ദേഹം ജനിച്ചതെന്നും ഒബാമ ഓര്‍മിച്ചു. ഒബാമക്ക് രണ്ട് വയസ്സുള്ളപ്പോള്‍ നെയ്‌റോബിയിലുണ്ടായ ഒരു കാറപകടത്തില്‍ ഒബാമയുടെ പിതാവ് മരിച്ചിരുന്നു.

Latest