ബീഹാര്‍: നിതീഷിനെ വേദിയിലിരുത്തി മോദിയുടെ രൂക്ഷ വിമര്‍ശനം

Posted on: July 25, 2015 4:19 pm | Last updated: July 26, 2015 at 12:32 am
SHARE

383712-25-7-2015-d-gh12-oപാറ്റ്‌ന: ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ നിശിതമായി വിമര്‍ശിച്ച് സംസ്ഥാന അസംബ്ലി തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ബി ജെ പിയുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി മുസാഫര്‍പൂരില്‍ തുടക്കം കുറിച്ചു. നിതീഷ് കുമാറും കേന്ദ്രമന്ത്രിമാരും പങ്കെടുത്ത പൊതുചടങ്ങിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം. തന്നോടുള്ള വിരോധം കാരണം ബീഹാറിന്റെ വികസനം മുഖ്യമന്ത്രി നിതീഷ് കുമാര്‍ തടസ്സപ്പെടുത്തുകയാണെന്ന് മോദി ആരോപിച്ചു.
നമുക്കിടയില്‍ രാഷ്ട്രീയ വ്യത്യാസം ഉണ്ട്. വിരോധമുണ്ടെങ്കില്‍ തന്റെ മുറിയില്‍ കടന്നുവന്ന് നിതിഷ് കുമാറിന് തന്നെ മര്‍ദിക്കുകയോ ഹൃദയം തകര്‍ക്കുകയോ ആകാമായിരുന്നു. പക്ഷേ, തന്നോടുള്ള വിരോധം കാരണം ബീഹാറിലെ ജനങ്ങളെ അമര്‍ത്തിക്കളയുകയാണ് മുഖ്യമന്ത്രി ചെയ്യുന്നത്. ജനങ്ങളെ ഇങ്ങനെ പിന്നില്‍ നിന്ന് കുത്തുന്നതില്‍ തനിക്ക് ദുഃഖമുണ്ട്.
എന്നിരുന്നാലും തന്നെ സംസ്ഥാനത്തേക്ക് സ്വാഗതം ചെയ്തതില്‍ നന്ദിയുണ്ട്. മുന്‍ പ്രധാനമന്ത്രി 10 വര്‍ഷം അധികാരത്തിലിരുന്നപ്പോള്‍ ഒരു തവണ മാത്രമാണ് ബീഹാര്‍ സന്ദര്‍ശിച്ചത്. താന്‍ അധികാരമേറ്റെടുത്ത് 14 മാസമായിട്ടും സംസ്ഥാനത്തെത്താത്തതിലായിരുന്നു മുഖ്യമന്ത്രിയുടെ പരാതി. അതിന് പരിഹാരമായിരിക്കുന്നു.
കേന്ദ്രത്തില്‍ ബി ജെ പി സര്‍ക്കാറുണ്ടാക്കുമെന്ന് താന്‍ ആദ്യം ട്വീറ്റ് ചെയ്തപ്പോള്‍ തന്നെ കളിയാക്കിയ പല നേതാക്കളും ഇപ്പോള്‍ തന്നെ സ്വാഗതം ചെയ്യാനുണ്ടെന്നത് ഏറെ സന്തോഷമുള്ള കാര്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ആര്‍ ജെ ഡി നേതാവ് ലാലുപ്രസാദ് യാദവിനെതിരെയും മോദി വിമര്‍ശമുന്നയിച്ചു. ലാലുപ്രസാദ് യാദവ് റെയില്‍വേ മന്ത്രിയായിരുന്നപ്പോള്‍ റെയില്‍വേ വികസനം നിലക്കുകയായിരുന്നു. എന്‍ ഡി എ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷമാണ് വികസന പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചത്. രാഷ്ട്രീയം കളിക്കേണ്ടവര്‍ക്ക് രാഷ്ട്രീയം കളിക്കാം. പക്ഷേ, അത് തിരിച്ചറിയുന്ന ജനങ്ങള്‍ അവരെ പുറന്തള്ളുമെന്നും മോദി കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ യു പി എ ഭരണകാലത്ത് നിരവധി പദ്ധതികള്‍ നടപ്പാക്കുന്നതിന് അവര്‍ക്ക് കഴിഞ്ഞില്ലെന്ന് കോണ്‍ഗ്രസിനെയും മോദി കുറ്റപ്പെടുത്തി. വാജ്‌പേയി സര്‍ക്കാറിന് ശേഷം അധികാരത്തിലെത്തിയ യു പി എ ബീഹാറിന്റെ റെയില്‍വേ വികസനത്തില്‍ വീഴ്ചവരുത്തിയെന്നും അദ്ദേഹം പറഞ്ഞു.
ബീഹാറിന് അമ്പതിനായിരം കോടിയുടെ വികസന വാഗ്ദാനം പ്രധാനമന്ത്രി ചടങ്ങില്‍ പ്രഖ്യാപിച്ചു. കിഴക്കന്‍ സംസ്ഥാനങ്ങള്‍ വികസിച്ചാല്‍ ഇന്ത്യ വികസിക്കും. ബീഹാറിന്റെ വികസനം സര്‍ക്കാറിന്റെ പ്രാഥമിക അജന്‍ഡയിലുണ്ട്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് കേവലം അധികാരത്തിന് വേണ്ടിയുള്ളതല്ല. യുവാക്കളുടെ തൊഴിലിനും സ്ത്രീകളുടെ സുരക്ഷക്കും വേണ്ടിയുള്ളതാണ്. അതിനുള്ള അവസരമാണ് എന്‍ ഡി എ ജനങ്ങളില്‍ നിന്ന് തേടുന്നത്.
മന്ത്രിസഭയിലും മറ്റ് സംവിധാനങ്ങളിലും മുന്തിയ പരിഗണനയാണ് ബീഹാറിന് കേന്ദ്രം നല്‍കിയിട്ടുള്ളത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നല്‍കിയ അതേ ജനവിധിയാണ് നിയമസഭാ തിരഞ്ഞെടുപ്പിലും എന്‍ ഡി എ പ്രതീക്ഷിക്കുന്നത്. മോദി ബീഹാറില്‍ പ്രവേശിക്കരുത് എന്നാണ് ചിലര്‍ പറയുന്നത്. അവരെ വീണ്ടും അധികാരത്തിലെത്തിച്ചാല്‍ കേന്ദ്രത്തിന് പോലും രക്ഷിക്കാന്‍ കഴിയാത്ത സ്ഥിതിയിലാകും സംസ്ഥാനത്തിന്റെ അവസ്ഥയെന്നും മോദി പറഞ്ഞു.