മൂന്നാംഘട്ട സ്ഥലമേറ്റടുപ്പ് നടപടികള്‍ ആരംഭിക്കുന്നു

Posted on: July 25, 2015 11:23 am | Last updated: July 25, 2015 at 11:23 am
SHARE

കോട്ടക്കല്‍: പുത്തൂര്‍ ബൈപ്പാസിന് സ്ഥലം നല്‍കിയവര്‍ക്ക് ഇനിയും നഷ്ടപരിഹാരം നല്‍കിയില്ല. ഇതിനിടെ മൂന്നാഘട്ട സ്ഥലമേറ്റടുപ്പ് നടപടിയുമായി അധികൃതര്‍.
പുത്തൂരില്‍ നിന്നും ദേശിയപാത ചെനക്കലിലേക്കാണ് ബൈപ്പാസ് നിര്‍മിക്കുന്നത്. രണ്ട് ഘട്ടങ്ങളിലായി നടത്തിയ നിര്‍മാണം ആലിക്കല്‍ എത്തി നില്‍കുകയാണിപ്പോള്‍. ഇവിടെ നിന്നും ചെനക്കലിലേക്ക് മുട്ടിക്കുന്ന പ്രവര്‍ത്തികളാണ് മൂന്നാം ഘട്ടമായി നടത്തുന്നത്. ഇതിനുള്ള സ്ഥലമേറ്റടുപ്പാണ് ഇനി തുടങ്ങാനിരിക്കുന്നത്. അതിനിടെയാണ് പൂര്‍ത്തിയാക്കിയ റോഡിന് സ്ഥലം വിട്ടുനല്‍കിയവര്‍ക് നഷ്ടപരിഹാരം ഇനിയും നല്‍കാത്തത്. ആറോളം പേരുണ്ട് ഇത്തരത്തില്‍ പണം ലഭിക്കാത്തവര്‍. ഇതില്‍ മുന്‍ ഗ്രാമപഞ്ചായത്ത് അംഗവും ഉള്‍പ്പെടും.
16 000 രൂപയാണ് സെന്റിന് സര്‍ക്കാര്‍ വില നിശ്ചയിച്ചത്. മൂന്ന് ലക്ഷം രൂപയാണ് ഉടമകള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ആവശ്യം കലക്ടറുടെ മുമ്പിലും അവതരിപ്പിച്ചിരുന്നു. ഉടമകളുടെ ആവശ്യം അംഗീകരിച്ചിരുന്നില്ല. അതെസമയം സ്ഥലഉടമകള്‍ക്ക് നഷ്ടപരിഹാരം അനുവദിച്ചിട്ടും കൈപ്പറ്റിയിലെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. അതിനിടെയാണ് മൂന്നാം ഘട്ട നിര്‍മാണവുമായി അധികൃതര്‍ മുന്നോട്ട് പോകുന്നത്. ഇതിന്റെ ഭാഗമായി സ്ഥലമുടമകളുടെയും രാഷ്ട്രീയ പര്‍ട്ടി പ്രതിനിധികളുടെയും യോഗം നഗരസഭ ഉടനെ വിളിച്ചു ചേര്‍ക്കും.
സ്ഥലമുടമകള്‍ക്ക് നഷ്ടപരിഹാര തുക നിശ്ചയിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളാണ് ചര്‍ച്ച ചെയ്യുക. സ്ഥലമേറ്റടുപ്പ് നടപടികള്‍ ആരംഭിച്ചാല്‍ തന്നെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാന്‍ ഒന്നര വര്‍ഷം പിടിക്കും. സാങ്കേതിക നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതിനാലാണ് ഇത്. എന്നാല്‍ ഇതിന് കാത്തിരിക്കാതെ സ്ഥലം ലഭ്യമാക്കി നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകാനാണ് അധികൃതരുടെ നീക്കം. അടുത്ത് തന്നെ ചേരുന്ന ഇരകളുടെ യോഗതീരുമാന പ്രകാരമായിരിക്കും തുടര്‍ നടപടികള്‍.