നോളജ് സിറ്റി: വ്യാജ സത്യവാങ്മൂലം നല്‍കിയ സവാദിനെതിരെ ക്രിമിനല്‍ കേസിന് ഹരജി നല്‍കും

Posted on: July 25, 2015 4:07 am | Last updated: July 25, 2015 at 12:09 am
SHARE

markaz knowledge cityകോഴിക്കോട്: മര്‍കസ് നോളജ് സിറ്റി നിര്‍മാണത്തിനെതിരായ കേസില്‍ ചെന്നൈ ഹരിത ടൈബ്രൂണലില്‍ വ്യാജ സത്യവാങ്മൂലം നല്‍കിയതിന് ഹരജിക്കാരനായ കെ. സവാദിനെതിരെ ക്രിമിനല്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഹരജി നല്‍കുമെന്ന് നോളജ് സിറ്റി എജ്യുക്കേഷന്‍ സോണ്‍ നിര്‍മാണം നടക്കുന്ന പ്രദേശത്തെ സ്ഥലമുടമകളായ കാസര്‍കോട് തുരുത്തി മുഹമ്മദ് അശ്‌റഫ്, ആലപ്പുഴ പുത്തന്‍പുരക്കല്‍ മുഹമ്മദ് നിസാര്‍, വയനാട് ചെറുകാടത്ത് വളപ്പില്‍ സ്വലാഹുദ്ദീന്‍, കണ്ണൂര്‍ ഹാസിഫ് (സൈനബാസ്) എന്നിവര്‍ അറിയിച്ചു.
അഭിഭാഷകനാണെന്ന് സ്വയം അവകാശപ്പെടുന്ന ഹരജിക്കാരന്‍ തീര്‍ത്തും വ്യാജമായ വിവരങ്ങള്‍ നല്‍കി കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് നേരത്തെ ഇടക്കാല ഉത്തരവ് നേടിയിരുന്നത്. വിവരാവകാശ നിയമപ്രകാരം വിവിധ വകുപ്പുകളില്‍ നിന്നും ലഭിച്ച രേഖകള്‍ കൈവശമുണ്ടായിട്ടും നോളജ് സിറ്റി നിര്‍മാണത്തെക്കുറിച്ച് ഹരിത ടൈബ്രൂണലില്‍ കള്ള സത്യവാങ്മൂലം നല്‍കി. നോളജ് സിറ്റി നിര്‍മാണം നടക്കുന്ന സ്ഥലം വനമേഖലയില്‍ ഉള്‍പ്പെട്ടതാണെന്നും ചീറ്റപ്പുലി, കടുവ തുടങ്ങിയ വന്യമൃഗങ്ങള്‍ യഥേഷ്ടം വിഹരിക്കുന്ന സ്ഥലമാണെന്നുമുള്ള തീര്‍ത്തും വ്യാജമായ വിവരങ്ങളായിരുന്നു സത്യവാങ്മൂലത്തിലുണ്ടായിരുന്നത്. ഹരിത ടൈബ്രൂണലില്‍ കേസിന്റെ വാദം നടക്കുന്നതിനിടെ ഇത്തരം വാദങ്ങളുടെ നിജസ്ഥിതി നോളജ് സിറ്റി അഭിഭാഷകര്‍ തുറന്നു കാണിക്കുകയും കോടതി അത് അംഗീകരിക്കുകയും ചെയ്തിരുന്നു. നോളജ് സിറ്റി നിര്‍മാണ പ്രദേശത്ത് ലക്ഷക്കണക്കിന് സ്‌ക്വയര്‍ഫീറ്റ് വിസ്തീര്‍ണമുള്ള കെട്ടിടങ്ങളുടെ നിര്‍മാണം പൂര്‍ത്തിയായതായിട്ടാണ് കെ. സവാദ് ടൈബ്രൂണലില്‍ ബോധിപ്പിച്ചിരുന്നത്. എന്നാല്‍ നിര്‍മാണം പൂര്‍ത്തിയായ കെട്ടിടങ്ങളുടെ വിവരങ്ങളും അനുമതിക്ക് അപേക്ഷിച്ചവയുടെ വിവരങ്ങളും പഞ്ചായത്ത് അധികൃതര്‍ സമര്‍പ്പിച്ചതോടെ സത്യവാങ്മൂലത്തിലെ പ്രസ്തുത പരാമര്‍ശവും വ്യാജമാണെന്ന് ബോധ്യപ്പെട്ടു. മണല്‍ മാഫിയ ഉള്‍പ്പെടെയുള്ള കക്ഷികള്‍ക്ക് നിയമസഹായം നല്‍കിയിരുന്ന ഹരജിക്കാരന്‍ പരിസ്ഥിതി പ്രവര്‍ത്തകനായാണ് അവകാശപ്പെട്ടിരുന്നത്. എന്നാല്‍ നാളിതുവരെ ഏതെങ്കിലും പരിസ്ഥിതി പ്രവര്‍ത്തനങ്ങളിലോ മുന്നേറ്റങ്ങളിലോ ഹരജിക്കാരന്‍ പങ്കെടുത്തതായി വിവരമില്ല. സത്യവാങ്മൂലത്തില്‍ താന്‍ പ്രവര്‍ത്തിക്കുന്നതായി വ്യക്തമാക്കിയ സംഘടനയാകട്ടെ വ്യാജമാണെന്നും അറിയുന്നു. ഹരജിക്കാരന്റെ ഭാര്യാ പിതാവ്, ഭാര്യാമാതാവ്, ഭാര്യ തുടങ്ങിയവരാണത്രെ ഇതിലെ അംഗങ്ങള്‍. കേരളത്തിലെ വിദ്യാഭ്യാസ വികസന പ്രവര്‍ത്തനങ്ങളെ തടയുന്നതിന് ദേശവിരുദ്ധശക്തികളില്‍ നിന്നും ഹരജിക്കാരനും അയാളുടെ ഭാര്യാപിതാവും സാമ്പത്തിക സഹായം സ്വീകരിക്കുന്നതായും സംശയം ഉയര്‍ന്നിട്ടുണ്ട്. വ്യാജവിവരങ്ങള്‍ നല്‍കി കോടതിയെ തെറ്റിദ്ധരിപ്പിച്ച് വികസനം മുടക്കുന്ന ഛിദ്രശക്തികളെ നിലക്കുനിര്‍ത്താനാവശ്യമായ നടപടി സ്വീകരിക്കാനും കോടതിയോട് അപേക്ഷിക്കുമെന്ന് ഹരജിക്കാര്‍ക്കു വേണ്ടി മദ്രാസ് ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകനായ അഡ്വ. മാര്‍ട്ടിന്‍ ജയകുമാര്‍ അറിയിച്ചു.