Connect with us

Kerala

പ്രവാസികള്‍ക്ക് ഓണ്‍ലൈന്‍ വോട്ട് ഇല്ല

Published

|

Last Updated

തിരുവനന്തപുരം: വരുന്ന തദ്ദേശസ്വയം ഭരണ പൊതുതിരഞ്ഞെടുപ്പില്‍ പ്രവാസികള്‍ക്ക് ഇ-ബാലറ്റ്/ ഇ-വോട്ടിംഗ് ഏര്‍പ്പെടുത്തുന്നതിന് നിര്‍വാഹമില്ലെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ സര്‍ക്കാരിനെ അറിയിച്ചു. ഇത് സംബന്ധിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ അഭിപ്രായം ആരാഞ്ഞുകൊണ്ടുള്ള സംസ്ഥാന സര്‍ക്കാരിന്റെ കത്തിനുള്ള മറുപടിയിലാണ് നിലപാടറിയിച്ചത്. എന്നാല്‍ പ്രവാസികള്‍ക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇപ്പോള്‍ നടപ്പാക്കിയ വോട്ട് ചെയ്യാനുള്ള സൗകര്യം തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ ഏര്‍പ്പെടുത്തും. പ്രവാസികള്‍ നേരിട്ടെത്തി വോട്ട് ചെയ്യുന്നതാണ് ഈ രീതി.
നേരിട്ടുവന്ന് വോട്ട് ചെയ്യുന്ന സംവിധാനത്തിനു ബദലായുള്ള നിര്‍ദ്ദേശങ്ങള്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. സുപ്രീംകോടതി വിധി ഇക്കാര്യത്തില്‍ നിര്‍ണായകമാണെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചൂണ്ടിക്കാട്ടി. ഈ വര്‍ഷം നവംബര്‍ ഒന്നിന് പുതിയ ഭരണ സമിതികള്‍ തദ്ദേശഭരണ സ്ഥാപനങ്ങളില്‍ ചുമതലയേല്‍ക്കേണ്ടതുള്ളതിനാല്‍ പൊതുതിരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള ചുരുങ്ങിയ സമയപരിധിക്കുള്ളില്‍ നിഷ്പക്ഷവും കുറ്റമറ്റതും സുതാര്യവുമായ രീതിയില്‍ പ്രവാസികള്‍ക്ക് വോട്ടുകള്‍ രേഖപ്പെടുത്തുന്നതിനും അത് കൃത്യമായി എണ്ണുന്നതിനും ഇ-ബാലറ്റ്/ ഇ-വോട്ടിംഗ് സംവിധാനം ഏര്‍പ്പെടുത്തുന്നത് പ്രായോഗികമല്ലെന്ന് കമ്മീഷന്‍ ചൂണ്ടിക്കാട്ടി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ 22000-ല്‍പരം നിയോജകമണ്ഡലങ്ങളിലായി ഒരു ലക്ഷത്തില്‍പരം സ്ഥാനാര്‍ത്ഥികള്‍ വരുന്ന പൊതുതിരഞ്ഞെടുപ്പില്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്.

Latest