അവയവ മാറ്റ ശാസ്ത്രക്രിയക്ക് കേരളത്തില്‍ ആദ്യമായി എയര്‍ ആംബുലന്‍സ്

Posted on: July 24, 2015 7:29 pm | Last updated: July 25, 2015 at 5:24 pm
SHARE

air ambulanceതിരുവനന്തപുരം: മിടിക്കുന്ന ഹൃദയവുമായി തിരുവനന്തപുരത്ത് നിന്ന് വ്യോമസേനയുടെ എയര്‍ ആംബുലന്‍സ് കൊച്ചി ലക്ഷ്യമിട്ട് പറന്നതോടെ കേരളത്തിന്റെ ആരോഗ്യരംഗത്ത് പിറന്നുവീണത് പുതിയൊരു നാഴികക്കല്ല്. വൈദ്യശാസ്ത്രവും ഭരണകൂടവും സൈന്യവും ഒത്തുചേര്‍ന്ന് പുതിയൊരു ചരിത്രം രചിക്കുകയായിരുന്നു. തിരുവനന്തപുരം പാറശാല സ്വദേശി അഡ്വ.നീലകണ്ഠ ശര്‍മയുടെ ഹൃദയവുമായി പറന്ന എയര്‍ആംബുലന്‍സ് കൊച്ചിയിലിറങ്ങുമ്പോള്‍ ചാലക്കുടിയിലെ ഓട്ടോഡ്രൈവര്‍ മാത്യു അച്ചാടന്‍ അത് സ്വീകരിക്കാനായി എറണാകുളം ലിസി ആശുപത്രിയിലെ ഓപറേഷന്‍ തിയേറ്ററില്‍ കാത്തിരിക്കുകയായിരുന്നു.
തിരുവനന്തപുരത്തു നിന്നും കൊച്ചിയിലേക്കാണ് മിടിക്കുന്ന ഹൃദയവുമായി നാവികസേനയുടെ ഡോര്‍ണിയര്‍ വിമാനം പറന്നത്. 40 മിനിട്ടിനുള്ളില്‍ തിരുവനനന്തപുരത്ത് നിന്നും ഹൃദയം കൊച്ചിയിലെത്തി. അവയവ ദാനത്തിനായി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതിയായ മൃതസഞ്ജീവനി വഴിയുള്ള ആദ്യ അവയവദാനത്തിന് വേണ്ടിയാണ് സംസ്ഥാന സംവിധാനങ്ങളും നാവികസേനയും കൈകോര്‍ത്തത്.
കൊച്ചി ലിസി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന 47 കാരനായ മാത്യു അച്ചാടന്റെ ജീവന്‍ സംരക്ഷിക്കാനായാണ് ഹൃദയം ആകാശമാര്‍ഗം എത്തിച്ചത്. ഇന്നലെ ഉച്ചമുതല്‍ തിരുവനന്തപുരം നഗരം അതീവ ജാഗ്രതയിലായിരുന്നു. ശ്രീചിത്രയില്‍ നടക്കുന്ന ശസ്ത്രക്രിയയുടെ അവസാനം എന്തായിരിക്കും എന്ന ആകാംക്ഷയായിരുന്നു ഏവരിലും. നാല് മണിക്കൂര്‍ നേരത്തെ ആശങ്കക്കൊടുവില്‍ തുടിക്കുന്ന ഹൃദയം സുരക്ഷിതമായി എടുത്തു സൂക്ഷിച്ചു എന്ന വാര്‍ത്ത പുറത്താകുന്നതുവരെ ആകംക്ഷ തുടര്‍ന്നു. പിന്നീട് അത് കൊച്ചിയിലേക്ക് എത്തിക്കാനുള്ള ശ്രമമായിരുന്നു. വളരെ സൂക്ഷ്മമായ ആസൂത്രണം കൊണ്ട് യാത്രയുടെ ആരംഭം മുതല്‍ സമയം ലാഭിക്കാന്‍ സംഘത്തിനായി. തിരുവനന്തപുരം ശ്രീചിത്രാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ നിന്ന് നിന്ന് ആറ് മിനിട്ടു കൊണ്ട് റോഡ് മാര്‍ഗം നാവിക സേനാ വിമാനത്താവളത്തില്‍ മെഡിക്കല്‍ സംഘമെത്തി. ട്രാഫിക് ബ്ലോക്കുകള്‍ ഒഴിവാക്കാന്‍ പോലീസ് കൃത്യമായ സജ്ജീകരണങ്ങള്‍ ഒരുക്കിയിരുന്നു.
എത്രയും പെട്ടന്ന് ഹൃദയം എത്തിക്കണമെങ്കില്‍ ആകാശമാര്‍ഗ്ഗം കൊണ്ടു വരണം എന്നതിനാല്‍ ഈ ആവശ്യം ലിസി അധികൃതര്‍ മുഖ്യമന്ത്രിയെ ധരിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് നാവിക സേനയുമായി മുഖ്യമന്ത്രി നേരിട്ട് ബന്ധപ്പെട്ടു. ഹെലികോടപ്ടറാണ് ആവശ്യപ്പെട്ടതെങ്കിലും ദൗത്യത്തിന്റെ ഗൗരവമനുസരിച്ച് നാവികസേന ഡോര്‍ണിയര്‍ വിമാനം അനുവദിക്കുകയായിരുന്നു. ഉച്ചക്ക് 1.30ന് കൊച്ചിയില്‍ നിന്ന് ഹൃദയശസ്ത്രക്രിയാ വിദഗ്ധനായ ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം തിരുവനന്തപുരത്തേക്കു യാത്ര തിരിച്ചു. 2.20ന് തിരുവനന്തപുരത്ത് എത്തി. ദാതാവില്‍ നിന്ന് ഹൃദയം എടുക്കുന്ന ശസ്ത്രക്രിയ നാലുമണിക്കൂര്‍ കൊണ്ടാണ് ശ്രീചിത്ര ആശുപത്രിയില്‍ നടന്നത്.
ശസ്ത്രക്രിയക്കൊടുവില്‍ ആറരക്കുശേഷമാണ് ഹൃദയവുമായി ആശുപത്രിയില്‍ നിന്ന് റോഡുമാര്‍ഗം എത്തിച്ചത്. കൃത്യം 6.45നു തന്നെ ഹൃദയവുമായി വിമാനം പറന്നുയര്‍ന്നു. വിമാനം പകുതി ദൂരം താണ്ടിയപ്പോള്‍ തന്നെ മാത്യു അച്ചാടന്റെ ശസ്ത്രക്രിയയുടെ ഭാഗമായ അനസ്‌ത്യേഷ്യാ നടപടികള്‍ ലിസി ആശുപത്രിയില്‍ ആരംഭിച്ചു.
അതേസമയം, ശസ്ത്രക്രിയയുടെ ആദ്യഘട്ടം വിജയകരമായി പൂര്‍ത്തിയായതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ശസ്ത്രക്രിയ വൈകിയും തുടരുകയാണ്. മാത്യുവിന്റെ ശരീരത്തില്‍ ഹൃദയം പ്രവര്‍ത്തിച്ച് തുടങ്ങിയതായാണ് ഒടുവിലത്തെ വിവരം.
അതിനിടെ ശസ്ത്രക്രിയക്ക് സഹായിച്ച എല്ലാവര്‍ക്കും സൗകര്യമൊരുക്കിയ സര്‍ക്കാരിനും തങ്ങള്‍ക്കായി പ്രാര്‍ത്ഥിച്ച എല്ലാവര്‍ക്കും മാത്യുവിന്റെ ഭാര്യ ബിന്ദു നന്ദി അറിയിച്ചു.
വൃക്കകള്‍ കിംസ് ആശുപത്രിയിലും മെഡിക്കല്‍ കോളജ് ആശുപത്രിയിലുമുള്ള രോഗികള്‍ക്കാണ് അനുവദിച്ചിട്ടുള്ളത്. ഹൃദയമെത്തിക്കാനുള്ള നടപടികള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ടു വിലയിരുത്തുന്നു. എറണാകുളം, തിരുവനന്തപുരം കലക്ടര്‍മാര്‍ക്ക് മേല്‍നോട്ടത്തിന്റെ പ്രത്യേക ചുമതല നല്‍കിയിട്ടുണ്ട്.