Connect with us

Gulf

ദുബൈയില്‍ ഈദ് ആഘോഷിക്കാന്‍ എത്തിയവര്‍ ഏഴ് ലക്ഷം

Published

|

Last Updated

ദുബൈ: ഈദ് അവധി ദിനത്തില്‍ ദുബൈയില്‍ വന്നുപോയ ഇന്ത്യക്കാരുടെ എണ്ണം 1,51,297 ആണെന്ന് ദുബൈ താമസകുടിയേറ്റ വകുപ്പ് എത്തിയത്. എന്നാല്‍ ഈ സമയം തന്നെ ദുബൈയില്‍ നിന്ന് തിരിച്ച് പോക്ക് നടത്തിയവരുടെ എണ്ണം 81, 637 ആണ്. ഇങ്ങനെ 151, 297 ഇന്ത്യക്കാരാണ് ആഗമനവും നിഗമനവും നടത്തിയതെന്നും വകുപ്പ് അറിയിച്ചു.
ഈദുല്‍ ഫിത്വര്‍ അവധി നാളുകളില്‍ ദുബൈയില്‍ വന്‍ സന്ദര്‍ശക പ്രവാഹമാണ് ഉണ്ടായതെന്ന് താമസകുടിയേറ്റ വകുപ്പ് വൃത്തങ്ങള്‍ വെളിപ്പെടുത്തി. ഏകദേശം ഏഴു ലക്ഷം സന്ദര്‍ശകരാണ് അഞ്ച് ദിവസത്തെ അവധി ദിനത്തില്‍ ദുബൈയില്‍ എത്തിയത്. കര-നാവിക-വ്യോമ മാര്‍ഗത്തിലുടെയാണ് ഇത്രയും അധികം ജനങ്ങള്‍ സന്ദര്‍ശകരായി ദുബൈ യില്‍ എത്തിയത്.
ഇതില്‍ ഏകദേശം 320, 000 പേര്‍ വിമാന മാര്‍ഗമാണ് എത്തിയത്. ഈ സമയം തന്നെ ഏകദേശം 3,53,000 പേര്‍ മറ്റു മാര്‍ഗത്തിലുടെ രാജ്യത്ത് പ്രവേശിച്ചു. ജൂലൈ 15 ന്റെയും 20ന്റെയും ഇടയിലാണ് ഇത്രയും ആളുകള്‍ ദുബൈ സന്ദര്‍ശിച്ചത്. ഈ ദിവസങ്ങളില്‍ ദുബൈയിലെ കടല്‍ മാര്‍ഗം ഉപയോഗിച്ചത് 728 കപ്പലുകളാണ്. 356 കപ്പലുകള്‍ ഇവിടെ എത്തുകയും 372 കപ്പലുകള്‍ തിരിച്ച് പോക്ക് നടത്തുകയും ചെയ്തു.
അവധിക്കാലം ദുബൈയില്‍ ചെലവഴിക്കാന്‍ എത്തിയവര്‍ക്ക് അനായാസവും ഗുണനിലവാരമുള്ളതുമായ സേവനങ്ങള്‍ നല്‍കാന്‍ ദുബൈ എമിഗ്രേഷന് അങ്ങേയറ്റത്തെ താല്‍പര്യമാണുള്ളത്. ദുബൈയിലേക്കുള്ള അതിഥികളുടെ പ്രവേശന നടപടിക്രമങ്ങള്‍ ദ്രുതഗതിയില്‍ പുര്‍ത്തിയാക്കിക്കൊടുക്കുന്നതിന് യു എ ഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം വിഭാവനം ചെയ്ത സ്മാര്‍ട് സംവിധാനങ്ങള്‍ ഈ അവസരങ്ങളില്‍ പൊതു ജനങ്ങള്‍ക്ക് വളരെ ഉപകാരപ്രദമായിരുന്നെന്ന് താമസകുടിയേറ്റ വകുപ്പ് തലവന്‍ ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് റാശിദ് അല്‍ മറി പറഞ്ഞു.
ഈദ് അവധിയിലെ സഞ്ചാരികളുടെ വര്‍ധിച്ച എണ്ണം മുന്‍കൂട്ടി കണ്ട് രാജ്യത്ത് പ്രവേശിക്കുന്ന എല്ലാ വഴികളിലും നടപടി ക്രമങ്ങളുടെ പുര്‍ത്തീകരണതിന് ആവിശ്യത്തിലധികം ജീവനക്കാരെ പ്രത്യേകം പരിശിലനം നല്‍കി താമസകുടിയേറ്റ വകുപ്പ് നിയമിച്ചിരുന്നു. അവധി നാളുകളില്‍ എല്ലാ പ്രവേശന കവാടങ്ങളിലും ഇവര്‍ സദാ സേവന സന്നദ്ധരായിരുന്നു. അവരുടെ മികവിനെ അഭിനന്ദിക്കുന്നുവെന്നും മേജര്‍ ജനറല്‍ പറഞ്ഞു. ആരും പ്രതിക്ഷിക്കുന്ന നിലവാരത്തിലും മികവിലുമാണ് എമിഗ്രേഷന്‍ ഈ കാലയളവില്‍ സേവനം നടത്തിയത്. വ്യോമ മാര്‍ഗം രാജ്യത്ത് എത്തുന്നവര്‍ക്കായി എയര്‍പോര്‍ട്ടിന്റെ പ്രധാന ഗേറ്റില്‍ വിപുലമായ സൗകര്യങ്ങള്‍ ഒരുക്കിയിരുന്നു. റിസപ്ഷന്‍ ഹാളുകളിലും മറ്റും മികച്ച സേവനങ്ങളുടെ പുത്തനനുഭവം തന്നെയാണ് ദുബൈ എമിഗ്രേഷന്‍ നടപ്പില്‍ വരുത്തിയതെന്ന് അല്‍ മറി കൂട്ടിച്ചേര്‍ത്തു.
ഈദ് ആഘോഷിക്കാന്‍ ദുബൈയില്‍ എത്തിയ യാത്രക്കാരെ ദുബൈ എമിഗ്രേഷന്‍ വകുപ്പ് മികച്ച രീതിയില്‍ സ്വീകരിച്ച് രാജ്യത്തേക്ക് സ്വാഗതം ചെയ്യിതിരുന്നു. വകുപ്പിന്റെ ഈദ് സന്ദേശവും, ചൊക്ലേറ്റുകളും മറ്റു സമ്മാനങ്ങളും നല്‍കി കൊണ്ടാണ് ഈദ് ദിനത്തില്‍ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്റ് ഫോറീനേഴ്‌സ് അഫയേഴ്‌സ് സഞ്ചാരികളെ എതിരേറ്റത്.
ടുറിസം രംഗത്തും വാണിജ്യ മേഖലകളിലും ദുബൈ കൈവരിച്ച മികച്ച നേട്ടങ്ങളുടെ ചുവടുപിടിച്ചാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് സഞ്ചാരികള്‍ രാജ്യത്ത് എത്തിക്കൊണ്ടിരിക്കുന്നത്.