കതിരൂര്‍ മനോജ് വധക്കേസ്; പി ജയരാജന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

Posted on: July 24, 2015 11:20 am | Last updated: July 25, 2015 at 12:26 am
SHARE

p jayarajanതലശ്ശേരി: കതിരൂര്‍ മനോജ് വധക്കേസില്‍ സി പി എം നേതാവ് പി ജയരാജന്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ തലശ്ശേരി ജില്ലാ സെഷന്‍സ് കോടതി നിരസിച്ചു. യു എ പി എ 43 ഡി 4 വകുപ്പ് പ്രകാരം രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടരുന്ന കേസില്‍ ജാമ്യം അനുവദിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജഡ്ജി ആര്‍ നാരായണ പിഷാരടി ഹരജി തള്ളിയത്. ജയരാജന്റെ ഹരജിയിന്മേലുള്ള വാദപ്രതിവാദത്തിനിടയില്‍ സി ബി ഐ പ്രോസിക്യൂട്ടര്‍ കെ കൃഷ്ണകുമാര്‍ ഉന്നയിച്ച വാദങ്ങള്‍ കോടതി ശരിവെക്കുകയായിരുന്നു.
ഇന്നലെ രാവിലെ 11ന് കോടതി നടപടികള്‍ ആരംഭിച്ചതില്‍ പിന്നീട് ആദ്യ കേസായി പരിഗണിച്ച ജാമ്യവിധി ഒറ്റവാക്കില്‍ പ്രസ്താവിക്കുകയായിരുന്നു ജഡ്ജി. സി ബി ഐ പ്രോസിക്യൂട്ടര്‍ കൃഷ്ണകുമാറും പ്രതിഭാഗം അഭിഭാഷകന്‍ കെ വിശ്വനും ഇന്നലെ കോടതിയിലെത്തിയില്ല. മനോജ് വധക്കേസ് അന്വേഷിക്കുന്ന സി ബി ഐ സംഘത്തിലെ ഡി വൈ എസ് പി. പരിഓം പ്രകാശ്, സി ഐ. സലീം സാബ് എന്നിവര്‍ കോടതി ഹാളിലുണ്ടായിരുന്നു. സി പി എം നേതാക്കളായ അഡ്വ. എ എന്‍ ഷംസീര്‍, സി ഒ ടി നസീര്‍ തുടങ്ങി ഏതാനും പേര്‍ വിധി കേള്‍ക്കാനെത്തിയിരുന്നു. മുതിര്‍ന്ന അഭിഭാഷകരുമായി ആലോചിച്ച് ഹൈക്കോടതിയെ സമീപിക്കുമെന്ന് ഷംസീര്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു. അതേസമയം, ജയരാജന്റെ മുന്‍കൂര്‍ ജാമ്യഹരജി തള്ളിയതിന് പിറകെ ഗൂഢാലോചന കുറ്റം തെളിയിക്കാന്‍ കൂടുതല്‍ സാക്ഷി പട്ടികയുമായി സി ബി ഐ കോടതിയിലെത്തി. മൂന്ന് സാക്ഷികളെയാണ് അന്വേഷണ സംഘം ഹാജരാക്കാന്‍ തീരുമാനിച്ചത്. ഇവരുടെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ അനുവദിക്കണമെന്നപേക്ഷിച്ച് ഇന്നലെ വൈകുന്നേരം സി ബി ഐ ഉദ്യോഗസ്ഥര്‍ ജില്ലാ കോടതിയില്‍ അപേക്ഷ നല്‍കി. അപേക്ഷ കോടതിയുടെ പരിഗണനയിലാണ്.