Connect with us

Gulf

വാഹന രജിസ്‌ട്രേഷന്‍ കേന്ദ്രങ്ങളിലെ പ്രവര്‍ത്തിസമയം ദീര്‍ഘിപ്പിച്ചു

Published

|

Last Updated

ഷാര്‍ജ: എമിറേറ്റിലെ വാഹന രജിസ്‌ട്രേഷന്‍ കേന്ദ്രങ്ങളിലെ പ്രവര്‍ത്തിസമയം ദീര്‍ഘിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു. ഷാര്‍ജയിലെ ലൈസന്‍സിംഗ് ഡയറക്ടറേറ്റ് ടെര്‍മിനല്‍, തസ്ജീല്‍ വില്ലേജ്, അല്‍ ഫുതൈം സെന്റര്‍ എന്നിവിടങ്ങളിലെ പുതിയതും പുതുക്കുന്നതുമായ വാഹന രജിസ്‌ട്രേഷന്‍ സേവന പ്രവര്‍ത്തികളുടെ സമയമാണ് ദീര്‍ഘിപ്പിച്ചത്.
ലൈസന്‍സിംഗ് ഡയറക്ടറേറ്റില്‍ ഞായര്‍ മുതല്‍ വ്യാഴം വരെ രാവിലെ ഏഴ് മുതല്‍ വൈകുന്നേരം എട്ട് വരെയാണ് പ്രവര്‍ത്തിക്കുക. രജിസ്‌ട്രേഷന്‍ വില്ലേജില്‍ ശനി മുതല്‍ വ്യാഴം വരെ രാവിലെ ഏഴു മുതല്‍ രാത്രി 10 വരെയും വെള്ളിയാഴ്ച വൈകുന്നേരം നാലുമുതല്‍ രാത്രി ഒമ്പത് വരെയും പ്രവര്‍ത്തിക്കും. അല്‍ ഫുതൈം സെന്ററില്‍ ഞായര്‍ മുതല്‍ വ്യാഴം വരെ രാവിലെ എട്ടുമുതല്‍ ഉച്ചക്ക് രണ്ടുവരെയും വൈകുന്നേരം നാല് മുതല്‍ എട്ടുവരെയും പ്രവര്‍ത്തിക്കും. ശനിയാഴ്ചകളില്‍ രാവിലെ 11 മുതല്‍ വൈകുന്നേരം എട്ടുവരെയും ഇവിടെ രജിസ്‌ട്രേഷന്‍ ജോലികളുണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു.
വാഹന രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട് വരുന്ന ആവശ്യക്കാരുടെ ആധിക്യവും സൗകര്യവും പരിഗണിച്ചാണ് രജിസ്‌ട്രേഷന്‍ കേന്ദ്രങ്ങളുടെ പ്രവര്‍ത്തിസമയം ദീര്‍ഘിപ്പിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി.
പൊതുജനങ്ങള്‍ക്ക് സേവനങ്ങള്‍ പരമാവധി എളുപ്പത്തിലും സൗകര്യത്തിലും ലഭ്യമാക്കാന്‍ അവസരങ്ങളൊരുക്കുകയെന്ന, യു എ ഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ കാഴ്ചപ്പാടിന്റെ ഭാഗം കൂടിയാണ് പുതിയ സമയക്രമീകരണമെന്നും അധികൃതര്‍ വ്യക്തമാക്കി.